‘അവൾ എന്നെ ഇന്ത്യൻ മതാചാരങ്ങൾ പഠിപ്പിച്ചു’ ; നിക്ക് ജൊനാസ്
പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ ഇന്ത്യയുടെ മരുമകനായിരിക്കുകയാണ് നിക്ക് ജൊനാസ്. ഇന്ത്യൻ സംസ്കാരവും ആചാരങ്ങളുമെല്ലാം പ്രിയങ്കയിലൂടെ മനസിലാക്കുകയാണ് നിക്ക് ഇപ്പോൾ. ഇരുവരും കർവ ചൗത്ത് ആഘോഷങ്ങള്‍ക്കിടയിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്കൻ വംശജനായിട്ടു പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും മാനിക്കുവെന്നും താൻ ഈ ആചാരങ്ങളെക്കുറിച്ചെല്ലാം പ്രിയങ്കയിൽ നിന്നും മനസിലാക്കുകയാണെന്നും നിക്ക് പറഞ്ഞു. ആഘോഷവേളയിലെ ചിത്രങ്ങളും ഉൾപ്പെടുത്തി നിക്ക് ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
നിക്കിന്റെ കുറിപ്പിന്റെ പൂർണരൂപം: എന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. അവൾ ഒരു ഹിന്ദുമത വിശ്വാസിയാണ്. അവളുടെ സംസ്കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും അവള്‍ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ അവളെ വളരെയധികം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എല്ലാവർക്കും കര്‍വാ ചൗത്ത് ദിനാശംസകൾ.
എന്നാൽ ഇതിനു ശേഷം പ്രിയങ്കയെ രൂക്ഷമായി വിമർശിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി. ഫെമിനിസ്റ്റ് ആയ നടി വിവാഹശേഷം ഭർത്താവ് നിക്ക് ജൊനാസിന്റെ പേര്, തന്റെ പേരിനൊപ്പം ചേർത്തത് വലിയ വാർത്തയായിരുന്നു. പരമ്പരാഗതരീതിയിൽ ജീവിക്കുന്ന സ്ത്രീകളെ വിമർശിക്കുകയും പിന്നീട് അവരുടെ ജീവിതപാത സ്വീകരിക്കുകയും ചെയ്തതിനെതിരെയും വിമർശനങ്ങളുണ്ടായി.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു അമേരിക്കൻ ഗായകനായ നിക്ക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. പ്രായവ്യത്യാസം അവർക്കിടയിൽ തടസമായിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള ആദ്യത്തെ കർവ ചൗത്ത് അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണിപ്പോൾ. ഉത്തരേന്ത്യയുടെ ചിലഭാഗങ്ങളിൽ നടത്താറുള്ള ഒരു ഉത്സവമാണ് കർവ ചൗത്ത്. ഹൈന്ദവ വിശാസികളായ സ്ത്രീകളാണ് ഈ ആഘോഷം കൊണ്ടാടുന്നത്. കാർത്തികമാസത്തിലാണ് കർവ ചൗത്ത്.