തിരശീലയിൽ കരുത്തിന്റെ പെൺരൂപമാണ് രമ്യ കൃഷ്ണൻ. ആ‍ജ്ഞാശക്തിയുള്ള നിരവധി കഥാപാത്രങ്ങളെ സിനിമയിൽ അനശ്വരമാക്കിയിട്ടുണ്ട് താരം. പ്രായം അൻപതിനോടടുത്തിട്ടും പ്രസരിപ്പിലും പ്രകടനത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടു പോവുകയാണ് രമ്യ. വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം പതിപ്പിൽ ഞെട്ടിക്കുന്ന ഡാൻസ് നമ്പറുമായാണ് താരത്തിന്റെ മാസ് എൻട്രി. 

പടയപ്പ എന്ന ചിത്രത്തിലെ ഗാനത്തിൽ രമ്യ കൃഷ്ണന്റെ ചടുല നൃത്തം

ചെമ്പട്ടുടുത്ത് സിന്ദൂരമണിഞ്ഞ് 'തീ തുടികളുയരെ' എന്ന പാട്ടിന് രമ്യ കൃഷ്ണൻ ചുവടു വയ്ക്കുമ്പോൾ അമ്പരപ്പും കൗതുകവുമാണ് പ്രേക്ഷകരുടെ മനസിൽ! രജനീകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം പടയപ്പയിൽ കാഴ്ചവച്ച ഗംഭീരൻ നൃത്തപ്രകടനത്തെ ഓർമ്മപ്പെടുത്തുന്നതാണ് ആകാശഗംഗയിലെ നൃത്തരംഗം. വർഷങ്ങളിത്ര കഴിഞ്ഞിട്ടും നൃത്തമായാലും അഭിനയം ആയാലും രമ്യ കൃഷ്ണൻ വേറെ ലെവൽ ആണെന്ന് ആരാധകർ പറയുന്നു. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ആകാശഗംഗ–2ലെ ഗാനത്തിന്റെ പ്രധാന ആകർഷണവും രമ്യ കൃഷ്ണന്റെ നൃത്തവും തീ പാറുന്ന നോട്ടങ്ങളുമാണ്. 

ആദ്യകാലങ്ങളിൽ തമിഴിലും ഹിന്ദിയിലും ഗ്ലാമർ വേഷങ്ങളിലഭിനയിച്ച താരം ഇപ്പോൾ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷശ്രദ്ധ നേടുന്നത്. അക്കാര്യം ഉറപ്പിക്കുന്നതാണ് ആകാശഗംഗ–2ലെ ഈ ഡാൻസ് നമ്പർ. ഗാനരംഗത്തിൽ അസാമാന്യപ്രകടനം കാഴ്ച വച്ച ഈ അഭിനേത്രിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്

ചിത്രത്തിലെ ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ബിജിബാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാർ. ചിത്രീകരണമികവു കൊണ്ടും ആലാപനശൈലി കൊണ്ടും ഗാനം ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ശ്രോതാക്കളുടെ അഭിപ്രായം. 

ഇരുപത് വർഷങ്ങൾക്കു മുൻപ് തിയറ്ററുകളിൽ വൻ വിജയം നേടിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമാണ് ചിത്രം. പുതുമുഖതാരം ആരതിയാണ് നായിക. വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിംകുമാർ, ഹരീഷ് കണാരൻ, രാജാമണി, ഹരീഷ് പേരടി, ഇടവേള ബാബു, റിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നവംബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.  

ചിത്രത്തിന്റെ ഒന്നാം ഭാഗം വളരെ വലിയ ഹിറ്റായിരുന്നു. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലർത്തി അവതരിപ്പിച്ച ആകാശഗംഗ, വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കുന്നു. ദിവ്യ ഉണ്ണി, മയൂരി, മുകേഷ്, കലാഭവൻമണി, ഇടവേളബാബു, ഇന്നസെന്റ് സുകുമാരി, കൽപന, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് എസ്. രമേശൻ നായർ ആയിരുന്നു. ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന ഗാനങ്ങൾ ആലപിച്ചത് കെ. എസ് ചിത്ര, കെ.ജെ യേശുദാസ്, സുജാത മോഹൻ, സുദീപ് കുമാർ എന്നിവരാണ്.  ചിത്രത്തിലെ ‘പുതുമഴയായ് വന്നു നീ...’ എന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ തന്നെ. ആകാശഗംഗ,  ‘അവളാ ആവിയാ’ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു