സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമുണ്ടാവില്ല, എന്നാൽ ജീവിത സാഹചര്യം, പണം, കുടുംബം, സമൂഹം എന്നിങ്ങനെ പല ഘടകങ്ങളും പുറകോട്ടു വലിക്കുമ്പോൾ സ്വന്തം ആഗ്രഹങ്ങൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. തങ്ങൾക്കു സാധിക്കാതെപോയ ആഗ്രഹങ്ങൾ സ്വന്തം മക്കളിലൂടെ സാധിക്കണം എന്ന് കരുതുന്ന മാതാപിതാക്കളുണ്ട്. തീവ്രമായ ഒരാഗ്രഹത്തിനായി, ഒരു ലക്ഷ്യത്തിനായി കഷ്ട്ടപെടുന്നുണ്ടെങ്കിൽ അത് നിങ്ങളിലേക്ക് വന്നു ചേരും. അതൊരുപക്ഷേ ഇന്നോ നാളെയോ വർഷങ്ങൾ കഴിഞ്ഞാലും വന്നില്ലെന്നിരിക്കാം. എന്നാൽ ഒരിക്കൽ അത് വരും. ഇക്കാര്യം വളരെ കൃത്യമായി പറഞ്ഞുവയ്ക്കുകയാണ് ‘സെല്ലിങ് ഡ്രീംസ്’ എന്ന പേരിൽ പുറത്തിറക്കിയ മ്യൂസിക് ആൽബം. 

അരുൺ മോഹൻ സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ ചിത്രീകരണം അമേരിക്കയിലും ഉക്രൈനിലും വച്ചാണ് പൂർത്തീകരിച്ചത്. നൈജീരിയയിൽ നിന്നുള്ള ഗബ്രീൽ അനമാൻ, കെയ്ത്തി, ഇറോക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനിങിന് വളരെയധികം പ്രാധാന്യം നൽകിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിത്രീകരണമികവു കൊണ്ടും ആലാപനത്തിലെ വ്യത്യസ്തത കൊണ്ടും റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഗാനം വൈറലായി. 

ഛായാഗ്രഹണവും സൗണ്ട് ഡിസൈനിങും നിർവഹിച്ചത് അരുൺ പി. എ. രഞ്ജി ബ്രദേഴ്സ് ആൻഡ് കാർണിവൽ സിനിമാസ് സിംഗപ്പുരിന്റെ ബാനറിൽ റബിൻ രഞ്ജിയും എബി തോമസും ചേർന്നാണ് ആൽബത്തിന്റെ നിർമാണം.