‘എന്റെ ഗുരുവിനൊപ്പമുള്ള ഏക ചിത്രമാണിത്’ : ദേവരാജൻ മാസ്റ്ററുടെ ഓർമകളിൽ എം.ജയചന്ദ്രൻ
മലയാള ചലച്ചിത്ര സംഗീതസംവിധാനത്തിലെ അതുല്യപ്രതിഭ ദേവരാജൻ മാസ്റ്ററുടെ ഒപ്പമുള്ള ഓർമച്ചിത്രം പങ്കുവെച്ച് സംഗീതസംവിധായകനും ഗായകനുമായ എം.ജയചന്ദ്രൻ. തന്റെ ഗുരുവിനൊപ്പമുള്ള ഏകചിത്രമാണിതെന്ന് പറഞ്ഞ് ഫെയ്സ്ബുക്ക് പേജിലാണ് ജയചന്ദ്രൻ ഓർമചിത്രം പങ്കുവച്ചത്. ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
എം.ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ‘എന്റെ പ്രിയഗുരു ദേവരാജൻ മാസ്റ്റർക്കൊപ്പമുള്ള ഏക ചിത്രമാണിത്. മൊബൈൽ ഫോണുകളും ക്യാമറകളും സെൽഫികളും ലോകത്തെ കീഴടക്കുന്നതിന് മുൻപ് എടുത്ത ചിത്രമാണിത്. അദ്ദേഹത്തിനൊപ്പമുള്ള അമൂല്യ നിമിഷങ്ങൾ എനിക്ക് മിസ് ചെയ്യുന്നു’.
ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. ഇത്രയും വിലപ്പെട്ട ചിത്രം പങ്കുവെച്ചതിന്റെ സന്തോഷം പലരും പ്രകടിപ്പിച്ചു. 2006–മാർച്ച് 15–ന് ഹൃദയസ്തംഭനത്തെത്തുടർന്നാണ് ദേവരാജൻമാസ്റ്റർ അന്തരിച്ചത്. മലയാളചലച്ചിത്ര മേഖലയ്ക്ക് ഏറ്റവുമധികം ഗാനങ്ങൾ സംഭാവന ചെയ്ത സംഗീതസംവിധായകന്‍ ആണ് അദ്ദേഹം. സെപ്റ്റംബർ 27–ന് ദേവരാജൻ മാസ്റ്ററുടെ തൊണ്ണൂറ്റി മൂന്നാം ജൻമദിനം വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു.