നമുക്ക് ചുറ്റും എണ്ണമറ്റവിധം കലാകാരൻമാരുണ്ട്. എങ്കിലും പലപ്പോഴും നാം പലരെയും തിരിച്ചറിയാതെ പോകുന്നു. അത്തരത്തിൽ അറിയപ്പെടാതെ പോയ ഒരു കലാകാരനാണ് നാരായണൻ കൃഷ്ണ. തന്റെ ശബ്ദത്തിലൂടെ ശ്രോതാക്കളെ ആകർഷിച്ച ഗായകൻ. പക്ഷേ ആ ശബ്ദം കാസറ്റുകളിൽ മാത്രം ഒതുങ്ങി. ചലച്ചിത്രലോകം നാരായണനെ ഇതുവരെ തേടിയെത്തിയില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ആ ഗായകനെ, നോവലിസ്റ്റും മലയാള മനോരമയിലെ മാധ്യമപ്രവർത്തകനുമായ രാജീവ് ശിവശങ്കർ ‌പരിചയപ്പെടുത്തുകയാണ്. ഗായകനും ചിത്രകാരനുമായ നാരായണൻ കൃഷ്ണനെക്കുറിച്ച് രാജീവ് ശിവശങ്കര്‍ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ:

‘ഒരുപാട്ടു പാടൂ എന്നു പറയുമ്പോൾ ‘ഹരി മുരളീരവം’ പാടും നാരായണൻ കൃഷ്ണ. അല്ലെങ്കിൽ ‘കാട്ടിലെ പാഴ്മുളം’. വെടിവട്ട സദസുകളിൽ ചുമ്മാതൊരു പാട്ടുപാടി യേശുദാസാണെന്നു ഭാവിച്ചിരുന്ന ഞാൻ ആ പരിപാടി നിർത്തിയത് നാരായൺ കൃഷ്ണയുടെ പാട്ടു കാരണമാണെന്നതു സത്യമാണ്. സംഗതികൾ വഴക്കിയെടുക്കുകയല്ല, വഴങ്ങിപ്പോവുകയാണ് ആ തൊണ്ടയിൽ. വെല്ലുവിളികളുള്ള പാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾത്തന്നെ, മെലഡി അതിമനോഹരമായി പാടുകയും ചെയ്യും. ഇതുവരെ 70 ലേറെ കസെറ്റുകളിൽ പാടി. പലതും ഹിറ്റായി. എന്നിട്ടും ചലച്ചിത്രലോകം ഈ ഗായകനെ തേടിവരാത്തത് കഷ്ടമാണ്. 

ചിത്രകാരൻ കൂടിയായ നാരായണനെക്കൊണ്ട് തന്റെ ആദ്യ ചിത്രത്തിന്റെ മുഴുവൻ ഇലസ്ട്രേഷൻ വർക്കും ചെയ്യിച്ച സംവിധായകൻപോലും ആറേഴു സിനിമ ചെയ്തിട്ടും ഒരു പാട്ടുകൊടുത്തില്ല. മന:പൂർവമായിരിക്കില്ല. സിനിമാലോകം അങ്ങനൊക്കെയാണല്ലോ. ഇനിയെങ്കിലും ഈ ഗായകനെ കാണാതിരിക്കരുത്. നാരായണൻ കൃഷ്ണയുടെ പുതിയൊരു തമിഴ് ഭക്തിഗാനത്തിന്റെ വീഡിയോ ഇതോടൊപ്പമുണ്ട്. ഒന്നു കേട്ടുനോക്കൂ.’