കർണാടകസംഗീതത്തിലെ അദ്ഭുത പ്രതിഭ അരുണ സായ്റാമിന് ഇന്ന് 66–ാം പിറന്നാൾ മധുരം
കർണാടകസംഗീതത്തിലെ അദ്ഭുതം അരുണ സായ്റാമിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ. സംഗീതത്തിനായി ഉഴിഞ്ഞു വച്ച ജീവിതമാണ് അരുണാമ്മയുടേത്. സംഗീതത്തിലുണർന്ന് ഓരോ ദിനചര്യയിലും ഈണവും താളവും കലർത്തി സംഗീതത്തിനു വേണ്ടി മാത്രം ജീവിക്കുന്ന പ്രതിഭ. ചിട്ടശുദ്ധി വിടാതെ കർണാടക സംഗീതത്തിന്റെ ഉന്നതിയിൽ പാടിനിർത്തിയിട്ട് ‘മാടു മേയ്ക്കും കണ്ണേ....’ തുടങ്ങിയ തനിനാടൻ ശീലുകളെ തൊട്ടടുത്ത പാട്ടിൽ ചേർത്തുവയ്ക്കാൻ അപാരമായ കഴിവുണ്ട് അരുണാമ്മയ്ക്ക്.
1952 ഒക്ടോബർ 30–ന് മുംബൈയിൽ സേതുരാമന്റെയും രാജലക്ഷ്മിയുടെയും മകളായി ജനിച്ചു. കുട്ടിക്കാലം മുതൽ സംഗീതപഠനം ആരംഭിച്ചിരുന്നു. ആദ്യഗുരു അമ്മ തന്നെ. സംഗീതകലാനിധി ടി. വൃന്ദ, എസ്.രാമചന്ദ്രൻ, എ.എസ് മണി, പ്രഫ. ടി.ആർ സുബ്രഹ്മണ്യം, കെ.എസ്. നാരായണസ്വാമി, ഡോ. ബാലമുരളീകൃഷ്ണ, എസ്.കെ. വൈദ്യനാഥൻ, പല്ലവി വെങ്കിട്ടരാമ അയ്യർ തുടങ്ങിയ സംഗീതജ്ഞരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. മലയാളികൾക്കിടയിലും അരുണാമ്മയുടെ സംഗീതം ആസ്വദിക്കുന്നവർ കുറവല്ല.
അരുണ സായ്റാം എന്ന കലാപ്രതിഭയ്ക്ക് പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. ഈ ഗായികയുടെ പേരിനൊപ്പം പുരസ്കാരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, സംഗീത കലാനിധി പുരസ്കാരം, ആർഷ കലാഭൂഷണം പുരസ്കാരം, ഇസൈ മണി മകുടം തുടങ്ങിയ അതിൽ ചിലത് മാത്രം.
ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ ബിബിസി പ്രോംസ് വേദിയിൽ, നൂറ്റിപ്പതിനാറു വർഷത്തെ ചരിത്രത്തിലാദ്യമായി ദക്ഷിണേന്ത്യൻ കർണാട്ടിക് സംഗീതം അലയടിച്ചത് അരുണാമ്മയിലൂടെയാണ്. രാഷ്ട്രപതിഭവൻ, ശക്തിസ്ഥൽ, വീർ ഭൂമി എന്നിങ്ങനെ നിരവധി സദസ്സുകള്‍ തന്റെ സ്വരമാധുരിയിലൂടെ കീഴടക്കാൻ ഈ അദ്ഭുതപ്രതിഭയ്ക്ക് സാധിച്ചു. ഇനിയും ഏറെ വേദികളിൽ ആ സ്വരം നാദവിസ്മയം തീർക്കട്ടെ.