ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട വാളയാറിലെ പെൺകുട്ടികൾ ഇന്ന് നീറുന്ന ഓർമയാണ്. അവർക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി വിവിധ തരത്തിലുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പെൺകുഞ്ഞുങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ അർത്ഥഗർഭമായി പ്രതികരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. 1966ൽ പുറത്തിറങ്ങിയ ചിത്തി എന്ന തമിഴ് ചിത്രത്തിലെ താരാട്ടുപാട്ട് പങ്കുവച്ചാണ് ശാരദക്കുട്ടിയുടെ പ്രതിഷേധം. 

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: പെൺകുഞ്ഞിനെ താരാട്ടുന്ന ഈ പാട്ടിന് ഇന്ന് എത്ര വലിയ അർത്ഥങ്ങൾ. ഇപ്പോൾ നീ ഉറങ്ങൂ...നിനക്ക് ഉറങ്ങാനുള്ള കാലമിതുമാത്രമല്ലെ! ഇത്ര ശാന്തമായി നിനക്കെന്നുറങ്ങാനാകും. കാലമിതു കാലമിതു കണ്ണുറങ്കു മകളേ... കാലമിതൈ കവറവിട്ടാൽ തൂക്കമില്ലൈ മകളേ....!’ 

കുഞ്ഞായിരിക്കുമ്പോൾ മാത്രമേ ശാന്തമായി ഉറങ്ങാൻ സാധിക്കുകയുള്ളു എന്നും വളരുന്തോറും ജീവിതത്തിലെ ശാന്തതയും സ്വസ്ഥതയും നഷ്ടപ്പെടുമെന്നും പറഞ്ഞുകൊണ്ട് കുഞ്ഞിനെ ഉറക്കുന്ന അമ്മയാണ് ഗാനരംഗത്തിലുള്ളത്. ശ്രോതാക്കളുടെ കണ്ണു നിറയ്ക്കുന്ന ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് തമിഴ് കവി കണ്ണദാസനാണ്. എം.എസ് വിശ്വനാഥൻ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി. സുശീലയാണ്. 

വാളയാർ വിഷയത്തിൽ ശാരദക്കുട്ടി ഇതിനുമുൻപും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കു വച്ചിരുന്നു. 

ശാരദക്കുട്ടിയുടെ മുൻ ഫെയ്സ്ബുക്ക് പോസ്റ്റ്: 

‘പീഡനക്കേസുകളിൽ വ്യാപകമായി ഇരകളെന്ന് പ്രയോഗിച്ചു തുടങ്ങുന്നതിനു വളരെ മുന്നേ 'ഇരകൾ' എന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു കെ.ജി.ജോർജ്ജ്. ആരാണ് ഇരകൾ, എങ്ങനെയാണ് ഇരകൾ ഉണ്ടാകുന്നത്? അധികാരപ്രമത്തതയുടെ ഇരകളാണ് അധികാരമില്ലാത്തവരെല്ലാം എന്നാണ് സിനിമ വിശാലാർഥത്തിൽ പറയുന്നത്. 'ഇര'യും 'കുറ്റവാളി'യും ആ ഒരർഥത്തിൽ അധികാര പ്രമത്തതയുടെ ഇരകൾ തന്നെ .

എല്ലാ കുറ്റകൃത്യങ്ങളുടെയും അന്വേഷണം നടത്തുന്നത് പോലീസുകാരാണ്, പോലീസ് സ്റ്റേഷനിലാണ് എന്നതൊക്കെ നമ്മുടെയൊരു പൊട്ടവിശ്വാസം മാത്രമാണ്. പണവും അധികാരവും കുലമഹിമയും ഉള്ളവർക്കു മാത്രം മുൻഗണനയുള്ള നാട്ടിൽ ഇരയും കുറ്റവാളിയും ആരെന്നു തീരുമാനിക്കുന്നതും എല്ലാം നിയന്ത്രിക്കുന്നതും ചരടുവലിക്കുന്നതും നിഗമനങ്ങളിലെത്തിക്കുന്നതും നേതൃനിരയിലുള്ള, അധികാരവും പദവികളും ഉള്ള രാഷ്ട്രീയകക്ഷികളും മതാധികാരികളും ഒക്കെത്തന്നെയാണ്. അക്രമത്തിന്റെ രാഷ്ട്രീയ ഉറവിടങ്ങൾ അവിടെയാണ്. അവിടെ മാത്രമാണ്.

ചോദിക്കാനും പറയാനും ആരോരുമില്ലാത്തവർ, ഇരയായാലും കുറ്റവാളിയായാലും ഒരേ പോലെ ശിക്ഷിക്കപ്പെടും. ജിഷ, സൗമ്യ, പേരില്ലാത്ത സൂര്യനെല്ലി, വാളയാർ പെൺകുട്ടികൾ, പിടിക്കപ്പെട്ടവരും ശിക്ഷയനുഭവിക്കുന്നവരുമായ 'കുറ്റവാളി'കൾ ഒക്കെ ഗതിയില്ലാത്ത വെറും 'തെണ്ടപ്പരിഷകൾ ' മാത്രം.

പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ നിയമ സഭക്കകത്തും പുറത്തും സമരം ശക്തിപ്പെടുത്തുമെന്നു കേട്ടപ്പോൾ ഓർത്തു പോയതാണ്. സമരത്തിനിറങ്ങുമ്പോൾ ജിഷ വധക്കേസിന്റെ, സൂര്യനെല്ലിക്കേസിന്റെ സഞ്ചാരഗതികളൊക്കെ ഓർത്തുവേണം പോകുവാൻ. പണ്ടു പാഞ്ചാലി കൃഷ്ണനോടുപറഞ്ഞതുപോലെ 'കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം'!