പിന്നണി ഗായിക ജ്യോത്സ്നയുടെ മ്യൂസിക് ബാൻഡ് ആയ ‘ജെ നോട്ട്’ ഒരുക്കിയ ആദ്യ ഗാനം ‘പറന്നേ’ വൈറലാവുകയാണ്. വിഡിയോയിൽ ജ്യോത്സ്നയെ കണ്ടാൽ അമേരിക്കൻ അഭിനേത്രി ആഞ്ചലീന ജോളിയെപ്പോലുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ. വിഡിയോയില്‍ പല രൂപഭാവങ്ങളിലും പ്രത്യക്ഷപ്പെടുന്ന ജ്യോത്സ്‌നയെക്കണ്ടിട്ടാണ് പലരും ഇത്തരം കമന്റുകളുമായെത്തിയത്. എന്‍സോ, കിങ്‌സുയി എന്നീ ജാപ്പനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന വിഡിയോ യുവാക്കള്‍ക്കിടയില്‍ ഹരമായിക്കൊണ്ടിരിക്കുകയാണ്. 

ജ്യോത്സ്ന തന്നെ വരികളെഴുതി ഈണം പകർന്ന് ആലപിച്ച ഗാനമാണിത്. യുവ പാട്ടെഴുത്തുകാരൻ വിനായക് ശശികുമാറുമായി ചേർന്നാണ് ഗായിക വരികളൊരുക്കിയത്. ആലാപനശൈലിയിലും ദൃശ്യ മികവിലും മുന്നിട്ട് നിൽക്കുകയാണ് ഗാനം. ഗില്‍ബര്‍ട്ട് സേവ്യര്‍ സംവിധാനം ചെയ്ത വിഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അശ്വിന്‍ കൗശന്‍. 

അഗ്നിയിൽ എരിഞ്ഞാലും അതിൽ നിന്നൊക്കെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ കഴിവുള്ളവരാണ് എല്ലാവരും എന്ന് ഗാനത്തിലൂടെ ഓർമിപ്പിക്കുകയാണ് ജ്യോത്സ്ന. തന്റെ മ്യൂസിക് ബാൻഡിന്റെ ആദ്യത്തെ വിഡിയോ ഗാനമാണിതെന്നും അതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും അതിലേറെ സന്തോഷിക്കുന്നുവെന്നും പറഞ്ഞ ഗായിക,  എല്ലാവരും തന്റെ ഗാനം കാണണമെന്നും അഭ്യർഥിച്ചിരുന്നു.