വയലിനിൽ നാദവിസ്മയം തീർത്ത് ഫായിസ് മുഹമ്മദ്
ഫായിസ് മുഹമ്മദ്! വയലിനിൽ വിസ്മയം സൃഷ്ടിക്കുന്ന ഇരുപത്തിരണ്ടുകാരൻ. ഈ കലാകാരൻ ഇന്ന് കേരളത്തിനു സുപരിചിതനാണ്. കാരണം, സമൂഹമാധ്യമങ്ങളിൽ അത്രമേൽ നിറഞ്ഞു നിൽക്കുകയാണ് ഫായിസും ഫായിസിന്റെ വയലിനും. ജന്മസിദ്ധമായി ലഭിച്ച ഈ കഴിവ് ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആഗോള സംഗീത സൗഹൃദ കൂട്ടായ്മ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഫായിസ് ഇപ്പോൾ. ദുബായ് ഗ്ലോബൽ വില്ലേജിൽ വയലിൻ പ്രകടനം കാഴ്ച വച്ച ഫായിസ്, അതിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിയത്.
യാതൊരു സംഗീതപശ്ചാത്തലത്തിലവുമില്ലാത്ത കുടുംബത്തിലാണ് ഫായിസ് ജനിച്ചത്. കുട്ടിക്കാലം മുതൽ പാട്ടിനോടായിരുന്നു താത്പര്യം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാതാപിതാക്കളാണ് ഫായിസിന്റെ കഴിവ് തിരിച്ചറിഞ്ഞത്. അങ്ങനെ സംഗീതം പഠിക്കാനായി ഫായിസ് കലാഭവനിലെത്തി. അവിടെ എല്ലാ സംഗീതോപകരണങ്ങളും പഠിപ്പിക്കുമായിരുന്നു. അങ്ങനെ വയലിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുകയും അത് പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. എല്ലാ പിന്തുണയും നൽകി കൂടെ നിന്ന കുടുംബം തന്നെയാണ് ഇപ്പോഴും തന്റെ കരുത്തെന്ന് ഫായിസ് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായിൽ നടന്ന ഏഷ്യാവിഷൻ പുരസ്കാര വേദിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നു പറയുന്നു ഫായിസ്. അതിനൊരു കാരണവുമുണ്ട്, തന്റെ ഇഷ്ടതാരങ്ങളായ വിജയ് സേതുപതിയുടെയും ധനുഷിന്റെയും മുന്നിൽ വയലിൻ പ്രകടനം നടത്താനായി. ഇതിനോടകം നിരവധി വിദേശരാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ഈ യുവകലാകാരൻ.