ഗായിക ശ്വേത മോഹന്റെ ശബ്ദത്തിൽ വീണ്ടുമൊരു തമിഴ് പ്രണയഗാനം. ആദിത്യൻ ആതിരൈ രചനയും സംവിധാനവും നിർവഹിക്കുന്ന ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടുവിലെ ‘മാവുലിയോ മാവുലി....’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തനികൊടിയുടെ വരികൾക്ക് തെൻമയാണ് സംഗീതം പകർന്നത്. ശ്വേത മോഹനൊപ്പം തെൻമയും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. 

വരികളും ആലാപനശൈലിയും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് പ്രേക്ഷകപക്ഷം. തന്റെ പുതിയ ഗാനത്തെക്കുറിച്ച് ശ്വേത തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ദിനേശ് ആനന്ദി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുളള പ്രണയരംഗങ്ങളാണ് ഗാനത്തിലുള്ളത്. 

നീലം പ്രൊഡക്്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ‘പരിയോരും പെരുമാള്‍’ എന്ന ആദ്യ ചിത്രത്തിന് ശേഷം രഞ്ജിത്ത് നിർമിക്കുന്ന ചിത്രമാണിത്. കിഷോർ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. റിത്വിക, മുനീഷ് കാന്ത്, ജോൺ വിജയ്, ലിജീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചെന്നൈ, പുതുച്ചേരി, വില്ലുപുരം, പാൻരുതി എന്നിവിടങ്ങളിൽ വച്ചാണ് സിനിമ ചിത്രീകരിച്ചത്.