മലയാളികൾക്ക് എന്നും ഹരമാണ് ചെണ്ടയും ബാൻഡുമൊക്കെ. പള്ളിപ്പെരുന്നാളുകളിലും ഉത്സവങ്ങളിലും ഉദ്ഘാടന വേദികളിലുമെല്ലാം ആഘോഷത്തിന്റെ പരിപൂർണത ഉണ്ടാകണമെങ്കിൽ ചെണ്ടമേളവും ബാൻഡും കൂടിയേ തീരൂ എന്ന് കരുതുന്നവരാണ് മലയാളികൾ. കൊട്ടിക്കയറുന്നത് പ്രിയപ്പെട്ട താളമാണെങ്കിൽ പറയുകയും വേണ്ട. മേളക്കാർക്കൊപ്പം മതിമറന്ന് ചുവടു വയ്ക്കാനും താളം പിടിക്കാനും മുന്നിലുണ്ടാകും ആസ്വാദകർ. 

തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ‘മുക്കാല മുക്കാബുല’. 1994–ൽ പുറത്തിറങ്ങിയ ‘കാതലന്‍’ എന്ന ചിത്രത്തില്‍ വാലി എഴുതി എ.ആർ റഹ്മാൻ ഈണമിട്ട നിത്യഹരിത ഗാനം ഇന്ത്യൻ സംഗീതരംഗത്തെ വിസ്മയങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. തൃശ്ശൂർ ചാലിശേരി കല്ലുംപുറത്തെ പള്ളിപ്പെരുന്നാളിന്റെ ഇത്തവണത്തെ പ്രധാന ആകർഷണം റഹ്മാന്റെ മുക്കാല മുക്കബല ആയിരുന്നു.

പക്ഷേ പാട്ടിന് പിന്നിൽ റഹ്മാൻ ആയിരുന്നില്ല. മേളപ്പെരുക്കം കൊണ്ട് തരംഗം സൃഷ്ടിക്കുന്ന തൃശ്ശൂരിലെ മുണ്ടൂർ കൊള്ളന്നൂരിലെ ‘ആട്ടം’ കലാസമിതി ആയിരുന്നു. കൈരളി ബാൻഡ് സംഘത്തോടൊപ്പം അവർ ചെണ്ടയിൽ മുക്കാല ഫ്യൂഷൻ താളത്തിൽ  കൊട്ടിക്കയറിയപ്പോൾ അക്ഷരാർഥത്തിൽ പള്ളിമുറ്റം ആവേശ ലഹരിയിലായി. പെരുന്നാളിനെത്തിയ വിശ്വാസികൾ മതിമറന്ന് സംഘത്തിനൊപ്പം ചുവടു വച്ചു. 

പള്ളിമുറ്റത്തെ ഇവരുടെ പ്രകടനത്തിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അത് കണ്ട് അദ്ഭുതപ്പെട്ടവരിൽ ഗായിക ശ്വേത മോഹനും ഉൾപ്പെടുന്നു. ചെണ്ടയിലുള്ള മുക്കാബല അതിമനോഹരമാണെന്ന് ശ്വേത ട്വിറ്ററിൽ കുറിച്ചു. ‘ചില ഗാനങ്ങൾ നിത്യഹരിതങ്ങളാണ്. ആയിരം തവണ കേട്ടാലും അതിൽ മതിമറന്നിരുന്നു പോകും. ചെണ്ടയിലുള്ള മുക്കാബല അതിമനോഹരമാണ്. എ.ആർ റഹ്മാൻ സാറിന് ഇതു കണ്ടാൽ സന്തോഷമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട’. ശ്വേത കുറിച്ചു.   

പതിനെട്ട് വർഷം മുൻപാണ് ആട്ടം കലാസമിതി ആരംഭിച്ചത്. സ്റ്റീഫൻ ദേവസ്സിക്കൊപ്പം ഈ സംഘം നിരവധി ഫ്യൂഷൻ സംഗീത വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT