സംഗീതലോകത്തെ അദ്ഭുത പ്രതിഭ പി. സുശീലയുടെ 84–ാം പിറന്നാൾ ദിനത്തിൽ പ്രിയ ഗായികയ്ക്കായി ഇരുപത്തിയൊന്ന് ഗായകർ ചേർന്ന് ഒരുക്കിയ സ്നേഹോപഹാരം ശ്രദ്ധേയമാകുന്നു.  സുജാത മോഹൻ, ശ്വേത മോഹൻ, ഉണ്ണികൃഷ്ണൻ, അനുരാധ ശ്രീരാം, വിജയ് യേശുദാസ്, ബെന്നി ദയാൽ, ഹരിചരൺ, നരേഷ് അയ്യർ, ശ്രീനിവാസ് തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം യുവ ഗായകരും ചേർന്നാണ് തങ്ങളുടെ സ്വന്തം സുശീലാമ്മയ്ക്ക് പിറന്നാൾ സമ്മാനം ഒരുക്കിയത്.

ആകെ ഇരുപത്തിയൊന്ന് ഗായകരാണ് ഇൗ വ്യത്യസ്ത ഗാനാവതരണത്തിന്റെ ഭാഗമായത്. അക്കപ്പെല്ല രൂപത്തില്‍ ഒരുക്കിയ ഇൗണക്കൂട്ടിൽ പി. സുശീല പാടിയ നാല് തമിഴ് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രിയ ഗായികയ്ക്ക് സുജാത പിറന്നാൾ ആശംസകൾ നേരുന്നതോടെയാണ് പാട്ട് ആരംഭിക്കുന്നത്. 84–ാം പിറന്നാളിനൊപ്പം സംഗീത ലോകത്ത് 65 വർഷങ്ങൾ കൂടി പിന്നിടുകയാണ് സുശീല. ശ്വേത മോഹന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

‘ഞാൻ കുട്ടിക്കാലം മുതൽ സുശീലാമ്മയുടെ ആരാധികയാണ്. എന്റെ അമ്മ എപ്പോഴും വീട്ടിൽ സുശീലാമ്മയുടെ പാട്ടുകൾ വയ്ക്കുമായിരുന്നു. ആ അതുല്യമായ ശബ്ദം പതിവായി കേട്ട് ഞാൻ കുറേ കാര്യങ്ങൾ പഠിച്ചു. സുശീലാമ്മ എന്ന ഇതിഹാസ ഗായികയ്ക്ക് ഒരു ആദരവ് നൽകാൻ ഇതിലും നല്ല സമയം വേറെയില്ല. കാരണം ഇപ്പോൾ സംഗീതജീവിതത്തിന്റെ 65–ാം വർഷത്തിലാണ് സുശീലാമ്മ. ആ സംഗീത പ്രതിഭയുടെ നേട്ടങ്ങളെക്കുറിച്ച് ഞങ്ങളെപ്പോലുള്ള യുവഗായകർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. സുശീലാമ്മയോടുള്ള ആദരസൂചകമായി ഇപ്പോൾ പുറത്തിറക്കിയ ഈ ഗാനത്തിൽ ഭാഗമായ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു.’ ഫെയ്സ്ബുക്കിൽ‌ ഇൗ ഗാനം പങ്കു വച്ചു കൊണ്ട് ശ്വേത കുറിച്ചു.