കേരളത്തിന്റെ സമ്പൂർണ സാക്ഷരതയിലെ കാണാക്കണ്ണി; പ്രീസ്കൂൾ കുട്ടികളിൽ ശൈശവപൂർവ്വ സാക്ഷരത കൈവരിക്കാൻ സംഗീതം. 

മുതിർന്നവരില്‍ നിന്നും കുട്ടികളെ വ്യത്യസ്തരാക്കുന്നതെന്താണ്? ഒരു പക്ഷെ കുട്ടികളുടെ ജന്മസിദ്ധമായ കൗതുകവും പര്യവേക്ഷണവുമാകാം. ഈ ശിശുദിനത്തില്‍, കുട്ടികളിലെ ഈ വിസ്മയത്തെ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുതകുന്ന രീതിയില്‍ വാർത്തെടുക്കുന്നതിനെക്കുറിച്ചും, സംഗീതം അതില്‍ ഒരു പ്രധാന ചാലക ശക്തിയാകുന്നതിനെക്കുറിച്ചും ഏതാനും ചില ചിന്തകൾ കുറിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2015-ലെ ഞെട്ടിക്കുന്ന ഒരു കണക്കു പ്രകാരം, ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നു. തങ്ങളുടെ അഭിരുചിക്കുവിരുദ്ധമായ പാത പിന്തുടരാൻ പലപ്പോഴും കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇന്നത്തെ മത്സരാധിഷ്ഠിത വിദ്യാഭ്യാസന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്കു കഴിയാതെ വരുന്നതിന്‍റെ ഒരു പ്രധാന കാരണമിതാണ്. ന്യൂറോശാസ്ത്രജ്ഞരുടെ ആനുകാലിക ഗവേഷണപ്രകാരം, ഓരോ കുട്ടിക്കും തികച്ചും വ്യത്യസ്തമായ ബൌധിക ശേഷികളുടെ ഒരു സമഗ്രമായ ബുദ്ധിശക്തിയാണുള്ളത്. സംഗീതാത്മകം, ആശയവിനിമയം, സങ്കല്പം, ഭാഷാനൈപുണ്യം എന്നീ ശേഷികളുടെ ഒരു സമന്വയമാണിത്. ഇതിനാൽ ഓരോ കുട്ടിയും അവന്‍റെ/അവളുടെ മസ്തിഷ്‌ക്കത്തിൽ വിവരങ്ങള്‍ സ്വാംശീകരിക്കുന്ന  രീതിയും വ്യത്യാസപ്പെട്ടിരിക്കും. 

ഗുമസ്തന്മാരെയും ഫാക്ടറി തൊഴിലാളികളെയും ഉല്‍പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത നമ്മുടെ പുരാതന കൊളോണിയല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, ഈ രണ്ടു നൂറ്റാണ്ടുകള്‍ക്കിടെ നാമമാത്ര പരിഷ്‌കാരങ്ങള്‍ മാത്രമാണ് സംഭവിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ പ്രസിദ്ധമായ വാക്കുകൾ ഇവിടെ പ്രസക്തമാണ്: 'ഒരു മത്സ്യത്തെ മരത്തില്‍ കയറാനുള്ള അതിന്‍റെ കഴിവിന്‍റെ അടിസ്ഥാനത്തില്‍ നമ്മള്‍ വിധിക്കുകയാണെങ്കിൽ, അത് ഒരു വിഡ്ഢിയാണെന്നു സ്വയം വിശ്വസിച്ച് ശേഷകാലം മുഴുവന്‍ ജീവിക്കും'. വളരെ ഇടുങ്ങിയ ഒരു ബൌധിക മാനദണ്ഡപ്രകാരം മാത്രം കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വിലയിരുത്തകയും ചെയ്യുന്ന നിലവിലെ വിദ്യാഭ്യാസ സംവിധാനത്തില്‍, ആദ്യ സ്കൂള്‍ ദിനങ്ങളില്‍ തന്നെ കുട്ടികള്‍ തങ്ങള്‍ 'അത്ര പോര' എന്ന സന്ദേശവുമായിട്ടാവും ഒരുപക്ഷെ വീട്ടിലേക്കു മടങ്ങുക. ലോകം കണ്ടെത്താനുള്ള ഉത്സാഹത്തില്‍ നില്‍ക്കുന്ന ഒരു ശിശുവിന്റെ ആത്മാഭിമാനത്തില്‍ ഇതേൽപ്പിക്കുന്ന ക്ഷതം നമുക്ക്  സങ്കല്പിക്കാനാവുന്നതിലുമപ്പുറമാവാം.  

ഇവിടെയാണ്‌ എമർജന്റ് ലിറ്ററസി അഥവാ ശൈശവപൂർവ്വ സാക്ഷരത എന്ന ആശയത്തിനു വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഒരു പ്രീ-സ്‌കൂള്‍ നിലവാരമായി മാറിക്കഴിഞ്ഞ ഈ ആശയം അര്‍ഥമാക്കുന്നത്, പഠനം എന്ന പ്രക്രിയ, ഒരു കുട്ടി വിദ്യാലയത്തിലേക്ക് ആദ്യചുവടുവയ്ക്കുന്നതിന് വളരെ മുമ്പുതന്നെ ആരംഭിക്കുന്നു എന്നാണ്. ഒരു സാക്ഷരസമൂഹത്തില്‍, ഒന്ന്, രണ്ട് വയസ്സുള്ള കൊച്ചുകുട്ടികള്‍പോലും സാക്ഷരരാകാനുള്ള പ്രക്രിയയിലാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നത്. ഔദ്യോഗിക വിദ്യാഭ്യാസത്തിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി, സാക്ഷരതയുടെ ആറ് അടിസ്ഥാനങ്ങള്‍ അവർക്ക് ആവശ്യമാണ് – അവ പുസ്തകാസ്വാദനശേഷി, പദസമ്പത്ത്, പുസ്തകാവബോധം, വിവരണ ശേഷി, അക്ഷരജ്ഞാനം, ഭാഷാ സംഗീത അവബോധം എന്നിവയാണ്. 

ഇന്ത്യൻ സാക്ഷരതയിലെതന്നെ വഴിവിളക്കായി ശോഭിക്കുന്ന കേരളത്തിന്  ഈ വിഷയത്തിലും സവിശേഷമായ ഒരു ചുവട് കൂടി മുന്നോട്ടു വയ്ക്കാനാകട്ടെ എന്നു ഞാൻ ആശിക്കുന്നു. ശൈശവപൂർവ്വ സാക്ഷരതയുടെ വഴിയേ, മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റും പിന്തുണയോടെ എല്ലാ കുഞ്ഞുങ്ങൾക്കും ആത്മാഭിമാനത്തോടും ആത്മവിശ്വാസത്തോടുംകൂടെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കാനായാൽ, അതുതന്നെയാവില്ലേ ദൈവത്തിന്‍റെ സ്വന്തം നാടിനെ അക്ഷരാർത്ഥത്തിൽ, ഒരു ലോകോത്തരനിലവാര സമ്പൂർണ സാക്ഷരമാക്കുന്ന ഘടകം? 

ഗർഭാവസ്ഥ മുതൽ തലച്ചോറിന്‍റെ എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കുന്നതിനാൽ, സംഗീതത്തിന് ഒരു കുഞ്ഞിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. പ്രീ-സ്‌കൂള്‍ കുട്ടികളെ ക്രമമായ രീതിയിൽ സംഗീതം പരിചയപ്പെടുത്തുമ്പോൾ, തലച്ചോറിൽ ഘടനാപരമായ മാറ്റങ്ങള്‍ക്കു പുറമേ, വൈജ്ഞാനിക കഴിവുകൾ, സാമൂഹികം, ആശയവിനിമയം തുടങ്ങിയ, സംഗീതേതര മേഖലകളിലും മികച്ച മാറ്റങ്ങള്‍ ദൃശ്യമായെന്ന്, ബംഗളുരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) ന്യൂറോസൈക്കോളജി അസോസിയേറ്റ് പ്രൊഫസറും, മ്യൂസിക് കോഗ്‌നിഷന്‍ ലബോറട്ടറി മേധാവിയുമായ ഡോ. ശാന്തല ഹെഗ്ഡെ ചൂണ്ടിക്കാട്ടുന്നു. അതു കൊണ്ടുതന്നെ മറ്റ് പാഠ്യേതരങ്ങളായ കലകളേയും, കായിക ഇനങ്ങളെയും അപേക്ഷിച്ച് കുട്ടികളിൽ ഗ്രഹണ ശേഷി വളർത്തുന്നതിന് സംഗീതം സഹായകമാണ്. ഈണങ്ങളും രാഗങ്ങളും കുട്ടികളിലെ കേൾവിശക്തി, ഉച്ഛാരണശുദ്ധി, ഭാഷാശേഷി എന്നിവയുടെ വികസനത്തിന് സഹായകരമാണ്. ഇത് കുട്ടികളെ അവരുടെ ആശയങ്ങള്‍ നന്നായി ആവിഷ്‌കരിക്കാന്‍ സഹായിക്കുമെന്നും തലച്ചോറിന്‍റെ ന്യൂറല്‍ പ്ലാസ്റ്റിറ്റിയില്‍ സംഗീതത്തിന്‍റെ ഫലങ്ങള്‍ സംബന്ധിച്ചു പഠനം നടത്തുന്ന ഡോ. ഹെഗ്ഡെ പറയുന്നു.

സാമൂഹ്യ നന്മയ്ക്കുള്ള ഒരു ശക്തമായ മാര്‍ഗമായി സംഗീതം ഉപയോഗിക്കാമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും നൂതനസങ്കേതങ്ങളുപയോഗിച്ച് അത് ശിശുക്കളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതില്‍, തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. ഏതാനും വർഷങ്ങൾക്ക്മുൻപ്, ഷാർജയിലെ മെഡി മ്യൂസിക് ടെക്കും, ആന്ധ്രാ പ്രദേശിലെ നാരായണ മെഡിക്കൽ കോളജിലെ ഡോക്ടർമാരും സംയുക്തമായി ഗർഭിണികളായ സ്ത്രീകളിൽ നടത്തിയ ഒരു ഒരു പഠനാത്മകമായ പരീക്ഷണത്തിന്‍റെ ഭാഗമാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പശ്ചാത്തലത്തിലുള്ള നിരവധി അമ്മമാർക്കായി, ഉദരശിശുക്കൾക്കനുയോജ്യമായ രീതിയില്‍ മൂന്ന് ഇന്ത്യൻ രാഗങ്ങൾ ചിട്ടപ്പെടുത്തുകയും ഗർഭാവസ്ഥയിലുള്ള ശിശുക്കളെ അത് കേൾപ്പിക്കുകയും ചെയ്തു. 

എന്റെ പിതൃസഹോദരനായ ശ്രീ കെ.കെ. പോള്‍, പ്രതിഭാധനനും, ധാരാളം ശിഷ്യസമ്പത്തുമുള്ള ഒരു സംഗീതജ്ഞനായിരുന്നെങ്കിലും കാര്യമായ സാമ്പത്തിക ഭദ്രതയോ പ്രശസ്തിയോ അദ്ദേഹത്തിനു നേടാനായിരുന്നില്ല. അതുകൊണ്ടാവാം ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ മികവ് പുലർത്തിയിരുന്നിട്ടും, ഒന്നിലേറെ തവണ സര്‍വ്വകലാശാലാകലാപ്രതിഭാപട്ടം എന്നെ തേടിവന്നിട്ടും,  പ്രൊഫഷണല്‍ ബിരുദത്തിലൂടെ സാമ്പത്തിക ഭദ്രത നേടുക, സംഗീതത്തെ ഒപ്പം ചേര്‍ക്കുക എന്നതാണ് എനിക്കു ലഭിച്ച ഉപദേശം. അങ്ങനെ എം.സി.എ ബിരുദധാരിയായപ്പോൾ, സമാന്തരമായി ലണ്ടൻ ട്രിനിറ്റി കോളജിലെ പാശ്ചാത്യ സംഗീത പഠനവും, തുടർന്ന് കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഇന്ന് സ്ഥിതിയാകെ മാറി – വിജയപ്രദമായൊരു തൊഴിൽ മേഖലയായി സംഗീതത്തിലേക്ക് കാൽവയ്ക്കാൻ മീഡിയ, ഓൺലൈൻ, ഓഫ്‍ലൈൻ എന്നിങ്ങനെ നിരവധി വേദികളിന്നുണ്ടായിട്ടും മിക്ക മാതാപിതാക്കളും 'പ്രൊഫഷണല്‍ വിദ്യാഭ്യാസം' എന്ന ആശയത്തില്‍ അടയിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. 2013-15 കാലയളവില്‍ 4,400-ല്‍ അധികം കുട്ടികള്‍ എന്‍ഐഐടി പഠനം അവസാനിപ്പിച്ചിട്ടുണ്ടെന്ന ഔദ്യോഗിക കണക്കുകള്‍ ശ്രദ്ധേയമാണ്. ഇന്ത്യയിലെ 91% എന്‍ജിനീയറിംഗ് ബിരുദധാരികളും, നിലവില്‍ ഒന്നുകില്‍ എന്‍ജിനീയറിംഗ് ഇതര ജോലികള്‍ ചെയ്യുന്നു (66%) അല്ലെങ്കില്‍ തൊഴിലില്ലാത്തവരാണ് (25%) എന്ന് 2019-ല്‍ നടത്തിയ മറ്റൊരു പഠന റിപ്പോര്‍ട്ട് പറയുന്നു.

സംഗീതം ഒരു കരിയര്‍ ഓപ്ഷനായി തിരഞ്ഞെടുക്കത്തക്കവിധത്തിൽ യുവാക്കളെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2003-ല്‍ ഞാന്‍ കൊച്ചിയില്‍ ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക് (സിആര്‍എസ്എം) സ്ഥാപിച്ചത്. അടുത്തയിടെ, പ്രീസ്‌കൂള്‍ കുട്ടികളില്‍ ശൈശവപൂര്‍വ സാക്ഷരത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 'കിന്റര്‍ മ്യൂസിക് ലാന്റ്' എന്ന നൂതന പാഠ്യപദ്ധതിയും, അതിനനുസരിചുള്ള അധ്യാപകപരിശീലന പദ്ധതിയും ഇവിടെ വികസിപ്പിക്കുകയുണ്ടായി. ഓരോ കുട്ടിയുടെയും സംഗീതാഭിരുചി വ്യത്യസ്തമായിരിക്കുമെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടികളില്‍, ശാസ്ത്രീയമായ രീതിയില്‍ സംഗീതം ഉപയോഗിച്ചുള്ള പഠനം എല്ലാ ബൌധികനിലവാരമുള്ള കുട്ടികളിലും മികവുറ്റ ശാരീരിക ഏകോപനം, ആശയസ്വാംശീകരണം, സാമൂഹിക-വൈകാരിക സിദ്ധികൾ എന്നിവ സൃഷ്ടിക്കാനാകുമെന്ന് ന്യൂറോശാസ്ത്രജ്ഞർ പറയുന്നു. ഇത്തരത്തിലെ ഏഷ്യയിലെത്തന്നെ ആദ്യത്തെ ഈ സംരംഭം ഇളം  തലമുറക്ക് ഒരു പുതിയ വഴിത്തിരിവാകട്ടെ എന്നാണ് പ്രാർത്ഥന. 

ഈ ശിശുദിനത്തിൽ മുന്നോട്ട് നോക്കുമ്പോൾ, ശുഭാപ്തിവിശ്വാസത്തിനും അൽപ്പം ആശങ്കയ്ക്കും വകയുണ്ട്. 2019-ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍, പ്രീ-സ്‌കൂള്‍ കുട്ടികളില്‍നിന്ന് ആരംഭിക്കുന്ന, സമഗ്ര വളർച്ചയെ മുൻ നിർത്തിയുള്ള വിദ്യാഭ്യാസ പദ്ധതിയുടെ വര്‍ധിച്ചുവരുന്ന ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സമീപകാല മുന്നേറ്റത്തോടെ പരമ്പരാഗത കരിയര്‍ മേഖലകള്‍ വെല്ലുവിളി നേരിടുകയാണ്. ഇതിനൊപ്പം, സംഗീതം പോലുള്ള സർഗ്ഗാത്മക വൈദഗ്ധ്യങ്ങളുടെ ആവശ്യകത വര്‍ധിക്കുകയും ചെയ്യുന്നു. ഇവിടെയാണ് ശരിയായ ദർശനത്തിലൂടെ, പ്രാഥമികപഠനത്തിൽ ആത്മവിശ്വസം വളർത്താനും, രാജ്യത്തിന്‍റെ ഭാവിയിൽ ഒരു ക്രിയാത്മകമ സ്വാധീനം ചെലുത്തുന്ന ശക്ക്തിയകാനും സംഗീതത്തിന് സാധിക്കുക.