‘അഞ്ചു പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം ബുദ്ധിമുട്ടാണ്’ ; കൃഷ്ണകുമാർ
നിരവധി ആരാധകരെ സൃഷ്ടിച്ച പരിപാടിയാണ് മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്ന്’. റിമി ടോമി അവതാരകയായ പരിപാടി ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്. പുതിയ സീസണിന്റെ പ്രമോ വിഡിയോ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണകുമാറും കുടുംബവുമാണ് ആദ്യ എപ്പിസോഡിൽ അതിഥികളായെത്തുന്നത്. കൃഷ്ണകുമാർ, ഭാര്യ സിന്ധു താരങ്ങളായ അഹാന, ഇഷാനി എന്നിവരുൾപ്പെടെയാണ് ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തുന്നത്.
റിമി ടോമിയും കൃഷ്ണകുമാറും കുടുംബവും തമ്മിലുള്ള രസകരമായ രംഗങ്ങൾ കൂട്ടിയിണക്കി പുറത്തിറക്കിയ പ്രമോ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ്. ഭർത്താവിനെയും മക്കളെയും കുറിച്ചുള്ള വിശേഷങ്ങൾ സിന്ധുവും പങ്കു വയ്ക്കുന്നുണ്ട്. ‘ഇപ്പോൾ തന്നെ നാല് മക്കളായി ഇനി ചേർന്നു നിന്ന് പറയിപ്പിക്കരുതെന്ന കൃഷ്ണകുമാറിന്റെ ട്രോൾ ഡയലോഗും വിഡിയോയിൽ ഉണ്ട്. അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു. നല്ല പണമുള്ള വീട്ടിലെ പിള്ളേരെ നോക്കി വളയ്ക്കണമെന്ന് മക്കളോടു പറഞ്ഞ കൃഷ്ണകുമാർ വേദിയിൽ ചിരി പടർത്തി.
അഹാനയ്ക്കു പിന്നാലെ ഇഷാനി കൃഷ്ണയും സിനിമയിൽ തുടക്കം കുറിക്കുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന ‘വൺ’ എന്ന ചിത്രത്തിൽ മകൾക്കൊപ്പം കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്.