ഈ വേർപിരിയൽ തർക്കങ്ങളില്ലാതെ; സൂരജ് സന്തോഷ്
ആറു വർഷങ്ങളായുള്ള സംഗീത കൂട്ടായ്മയ്ക്കു ശേഷം ഗായകൻ സൂരജ് സന്തോഷ് മസാല കോഫി മ്യൂസിക് ബാൻഡ് വിടുന്നു. വ്യക്തിപരമായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് ബാൻഡ് വിടാൻ കാരണമെന്നും സമാധാനപരമായ വേർപിരിയൽ ആണെന്നും സൂരജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സൂരജിന്റെ വാക്കുകൾ: ‘മസാല കോഫിക്ക് എല്ലാ വിജയാശംസകളും നേരുന്നു. എന്റെ പിന്തുണയും പ്രോത്സാഹനവും എന്നും ബാൻഡിനൊപ്പം ഉണ്ടാകും. ബാൻഡിന്റെ വിജയത്തിൽ ഞാനും തീർച്ചയായും സന്തോഷിക്കും. എന്റെ സംഗീതജീവിതത്തിൽ ഇനിയുള്ള ഓരോ പദ്ധതികളെക്കുറിച്ചും ഞാൻ നിങ്ങളെ അറിയിക്കും. എന്റെ സുഹൃത്തുക്കളും വിമർശകരുമാണ് എന്റെ കരുത്ത്. നിങ്ങൾ നിങ്ങളാണെന്നതു പോലെ ഞാൻ ഞാൻ ആണ്’.
2016–ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലെ ‘തനിയെ മിഴികൾ....’ എന്ന ഗാനത്തിലൂടെയാണ് സൂരജ് ശ്രദ്ധിക്കപ്പെട്ടത്. ആ പാട്ടിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ഗായകൻ സ്വന്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമാണ് സൂരജ്. ‘ഉറിയടി’, ‘ഹലോ നമസ്തേ’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി സംഗീതം നൽകിയിട്ടുള്ള ബാൻഡിന്റെ ‘കിമയ’ എന്ന ആൽബവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിരാമായണം, സോളോ എന്നീ എന്നീ ചിത്രങ്ങളിലും മസാല കോഫിയുടെ ഗാനങ്ങളുണ്ട്.