‘ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാർ’ ; ആരാധകരെ വിസമയിപ്പിച്ച് സിത്താരയുടെ മകൾ
മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഇപ്പോഴിതാ ഗായികയുടെ മകൾ സാവൻ ഋതുവിനെയും ഏറ്റെടുത്തിരിക്കുകയാണ് സംഗീത പ്രേമികൾ. അതിനൊരു കാരണവുമുണ്ട്. അമ്മയുടെ ശൈലി അനുകരിച്ച് സംഗീത ലോകത്തേയ്ക്ക് ചുവടു വച്ചിരിക്കുകയാണ് സാവൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം....’ എന്ന് തുടങ്ങുന്ന ഗാനം പാടി ചുവടു വയ്ക്കുന്ന കുട്ടി സായു ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ് ആണ് സായുവിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. ‘ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാർ’ എന്നു പറഞ്ഞാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തത്. ആസ്വദിച്ച് പാട്ടിൽ നന്നായി ശ്രദ്ധിച്ച് ഇടയ്ക്ക് നിർത്തി നിർത്തിയാണ് സായു പാടുന്നത്. മകൾ അമ്മയെക്കാൾ വലിയ ഗായികയാകുമെന്നാണ് ആരാധകരുടെ കമന്റുകൾ. ജൂനിയർ സിത്താര എന്നാണ് പലരും സായുവിനെ അഭിസംബോധന ചെയ്തത്.
ഇത് ആദ്യമായല്ല സായു പാട്ടു പാടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാർ യാത്രയ്ക്കിടയിൽ സിത്താരയ്ക്കൊപ്പം ‘പുലരിപ്പൂ പോലെ ചിരിച്ചും....’ എന്ന് തുടങ്ങുന്ന പാട്ട് പാടി കുട്ടി സായു ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.