‘അമ്മ സിത്താരയെ’ പാട്ടു പഠിപ്പിച്ച് മകൾ: വിഡിയോ
Mail This Article
മകൾ സാവൻ ഋതു തന്നെ പാട്ടു പഠിപ്പിക്കുന്നതിന്റെ ക്യൂട്ട് വിഡിയോ പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സായു എന്നു വിളിക്കുന്ന മകൾ സിത്താരയുടെ മടിയിലിരുന്നാണ് പാട്ടുപഠിപ്പിക്കുന്നത്. ‘പമ്പയാറിൻ പനിനീർ കടവിൽ’ എന്ന ഗാനത്തിന്റെ വരികൾ പറഞ്ഞുകൊടുത്ത് അമ്മയെക്കൊണ്ട് പാടിപ്പിക്കുന്ന സായുവിന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. മകള്‍ പാടിക്കൊടുക്കുന്നതു കേട്ട് സിത്താര പാടുന്നുണ്ട്.
വരികൾ തെറ്റുമ്പോൾ സായു അമ്മയ്ക്ക് തിരുത്തി കൊടുക്കുന്നതും ഇടയ്ക്ക് സിത്താര ചിരിക്കുന്നതും വിഡിയോയിൽ കാണാം. സീരിയസ് ആയി പഠിപ്പിക്കുന്നതിനിടയിൽ ചിരിച്ചതു കൊണ്ടാകാം കുഞ്ഞി കൈ ചുരുട്ടി സായു അമ്മയെ ഇടിക്കാൻ ശ്രമിക്കുന്നു. വരികളും ഈണവും പഠിപ്പിച്ചു കഴിഞ്ഞപ്പോൾ സായു അമ്മയെക്കൊണ്ട് പാടിപ്പിക്കുകയും ഒപ്പം പാടുകയും ചെയ്തു.
‘ഞങ്ങൾ തുടങ്ങട്ടെ. റെഡി 1, 2, 3.... പമ്പയാറിൻ പനിനീർ കടവിൽ. കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു. കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം’.– വിഡിയോ പങ്കു വച്ചുകൊണ്ട് സിത്താര കുറിച്ചു.
മകളും അവളുടെ കുസൃതിക്കു കൂട്ടു നിൽക്കുന്ന അമ്മയും ക്യൂട്ട് ആണെന്നും രണ്ടുപേരുടെയും ആലാപനം ഹൃദയം കവരുന്നു എന്നും പലരും കമന്റുകളിട്ടു. നിഷ്കളങ്കമായി അമ്മയുടെ മടിയിരുന്ന് സംഗീതാധ്യാപികയെപ്പോലെ തന്നെ വരികൾ പറഞ്ഞു കൊടുത്ത് പാടിപ്പിക്കുന്നു സായു ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
തന്റെയും മകളുടെയും വിശേഷങ്ങൾ സിത്താര ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. സായുവിന്റെ പാട്ടിന്റെ വിഡിയോ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും ഇത്തരമൊരു കൗതുക വിഡിയോ ആദ്യമായാണ് ഗായിക പങ്കുവയ്ക്കുന്നത്. സിത്താരയുടെയും മകളുടെയും വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.