മാതൃദിനത്തിന് ഇരട്ടി മധുരമായി സുജാതയുടെ ‘അമ്മമാനസം’; ഹൃദസ്പർശിയെന്ന് ആസ്വാദകർ
Mail This Article
മാതൃദിനത്തിനു മധുരം പകർന്ന് സുജാത മോഹൻ ആലപിച്ച അമ്മമാനസം എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. തിരക്കഥാകൃത്ത് ഹരി പി.നായർ ആണ് പാട്ടിനു വരികളൊരുക്കിയത്. ഗാനരംഗങ്ങളുടെ സംവിധാനവും ഹരി തന്ന. സംഗീതസംവിധായകൻ ബാലഗോപാൽ പാട്ടിന് ഈണം പകർന്നിരിക്കുന്നു.
പേരക്കുട്ടിയുടെ കുഞ്ഞിക്കാലടികൾ ഒരമ്മയെ ഭൂതകാലത്തിലേക്കു തിരിച്ചു നടത്തുകയാണ്. അമ്മയായ നിമിഷം മുതലിങ്ങോട്ട് മകനോടുള്ള വാത്സല്യവും കരുതലും പാട്ടിൽ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഗാനം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മാതൃത്വത്തിന്റെ മധുരം പകരുന്ന ഈരടികളും ഈണവും മനസിനെ തൊട്ടുണർത്തുന്നു എന്നാണ് ആസ്വാദകപക്ഷം.
മലയാളികളുടെ പ്രിയ അഭിനേത്രി ലെനയും രഞ്ജിത മേനോനും കിരണ്‍ കുമാറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടിയാണ് പാട്ടിന്റെ നിർമാണം. നിധിൻ തളിക്കുളം ചിത്രീകരണവും വികാസ് അൽഫോൻസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.