സുറുമയെഴുതിയ മിഴികളും വൈശാഖ സന്ധ്യയും; പ്രണയനൊമ്പരം ചാലിച്ചെഴുതിയ യൂസഫലി ഗാനങ്ങൾ
എത്ര മറച്ചുവച്ചാലും കവികളുടെ മനസ്സിലിരുപ്പ് വരികൾക്കിടയിലൂടെ വായിച്ചെടുക്കാനാവും. കഥാസന്ദർഭത്തിനുവേണ്ടി മാത്രമെഴുതിയതാണ് ചലച്ചിത്രഗാനങ്ങളെന്നും അവയിൽ തന്റെ ആത്മാംശം അന്വേഷിക്കേണ്ടെന്നും യുസഫലി കേച്ചേരി പറഞ്ഞിട്ടുണ്ടെന്നതു ശരി. പക്ഷേ, അതു പൂർണമായി അംഗീകരിക്കാനാവുമോ? ആത്മാംശം മറച്ചുവച്ച് വെറും
എത്ര മറച്ചുവച്ചാലും കവികളുടെ മനസ്സിലിരുപ്പ് വരികൾക്കിടയിലൂടെ വായിച്ചെടുക്കാനാവും. കഥാസന്ദർഭത്തിനുവേണ്ടി മാത്രമെഴുതിയതാണ് ചലച്ചിത്രഗാനങ്ങളെന്നും അവയിൽ തന്റെ ആത്മാംശം അന്വേഷിക്കേണ്ടെന്നും യുസഫലി കേച്ചേരി പറഞ്ഞിട്ടുണ്ടെന്നതു ശരി. പക്ഷേ, അതു പൂർണമായി അംഗീകരിക്കാനാവുമോ? ആത്മാംശം മറച്ചുവച്ച് വെറും
എത്ര മറച്ചുവച്ചാലും കവികളുടെ മനസ്സിലിരുപ്പ് വരികൾക്കിടയിലൂടെ വായിച്ചെടുക്കാനാവും. കഥാസന്ദർഭത്തിനുവേണ്ടി മാത്രമെഴുതിയതാണ് ചലച്ചിത്രഗാനങ്ങളെന്നും അവയിൽ തന്റെ ആത്മാംശം അന്വേഷിക്കേണ്ടെന്നും യുസഫലി കേച്ചേരി പറഞ്ഞിട്ടുണ്ടെന്നതു ശരി. പക്ഷേ, അതു പൂർണമായി അംഗീകരിക്കാനാവുമോ? ആത്മാംശം മറച്ചുവച്ച് വെറും
എത്ര മറച്ചുവച്ചാലും കവികളുടെ മനസ്സിലിരുപ്പ് വരികൾക്കിടയിലൂടെ വായിച്ചെടുക്കാനാവും. കഥാസന്ദർഭത്തിനുവേണ്ടി മാത്രമെഴുതിയതാണ് ചലച്ചിത്രഗാനങ്ങളെന്നും അവയിൽ തന്റെ ആത്മാംശം അന്വേഷിക്കേണ്ടെന്നും യുസഫലി കേച്ചേരി പറഞ്ഞിട്ടുണ്ടെന്നതു ശരി. പക്ഷേ, അതു പൂർണമായി അംഗീകരിക്കാനാവുമോ? ആത്മാംശം മറച്ചുവച്ച് വെറും സന്ദർഭത്തിനുവേണ്ടിമാത്രം ഒരാൾക്ക് എത്രനാൾ എഴുതാനാവും.? കുറഞ്ഞപക്ഷം, ഏറ്റവും ശക്തമായ വികാരമായ പ്രണയം ആവിഷ്കരിക്കുമ്പോഴെങ്കിലും എഴുത്തുകാരൻ സ്വയം മറക്കാതിരിക്കുമോ?
മുറുക്കിച്ചുവന്നതോ.. (ഈറ്റ), പതിനാലാം രാവുദിച്ചത്...(മരം), ഉല്ലാസപ്പൂത്തിരികൾ...(മീൻ), നിന്റെ കണ്ണിൽ വിരുന്നുവന്നു....(ദീപസ്തംഭം മഹാശ്ചര്യം) തുടങ്ങി ഒട്ടേറെ ആഹ്ലാദമൂറുന്ന പ്രണയഗാനങ്ങൾ യൂസഫലി എഴുതിയിട്ടുണ്ട്. അദ്ദേഹം ആവിഷ്കരിച്ച പ്രണയം അപഗ്രഥിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ ഗാനങ്ങളാവാം. അല്ലെങ്കിൽ സാമജ സഞ്ചാരിണി...(പരിണയം), രതിസുഖ സാരമായി...(ധ്വനി) തുടങ്ങി അൽപ്പംകൂടി മാംസനിബദ്ധമായ വരികൾ.
പക്ഷേ, ഈ ആഘോഷത്തിമിർപ്പുകൾക്കെല്ലാം ഉപരിയായി യൂസഫലിയുടെ പ്രണയം നൊമ്പരത്തിലേക്കു കൂടുതൽ ചാഞ്ഞിരിക്കുന്നുവെന്ന് ആ വരികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രണയമെന്നാൽ നൊമ്പരമാണെന്നു വിശ്വസിച്ച കവിതന്നെയാണ് അദ്ദേഹം.
‘പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന തേൻകണത്തെ
കണ്ണുനീരെന്നു വിളിച്ചു.’
‘സ്നേഹം’ എന്ന സിനിമയിൽ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ ഗാനമാണിത്. നായകനു തന്റെ സ്നേഹം പ്രകടിപ്പിക്കാൻപോലും കഴിയാത്ത നിസ്സഹായാവസ്ഥ ചിത്രീകരിക്കുന്ന സന്ദർഭത്തിനു പറ്റിയ ഗാനം. ആ കഥാസന്ദർഭത്തിൽ പേരറിയാത്ത നൊമ്പരമായി പ്രണയത്തെ നിർവചിച്ചതു മാത്രം ചൂണ്ടിക്കാട്ടി യൂസഫലിക്കു സ്ഥായിയായി അങ്ങനെയൊരു ചായ്വ് ഉണ്ടെന്ന് വ്യാഖ്യാനിക്കാനാവില്ല.
യൂസഫലിയുടെ ആദ്യകാല സിനിമാഗാനമായ ‘സുറുമയെഴുതിയ മിഴികളേ...’ ഒന്നു നോക്കാം.
‘ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻപുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ’ (ഖദീജ)
എന്ന വരികൾ ശ്രദ്ധിക്കുക. ഗാനരചയിതാവെന്ന നിലയിൽ യൂസഫലി മലയാളത്തിൽ ഇരിപ്പിടം സ്വന്തമാക്കിയ ഗാനമാണിത്. ഈ ഗാനത്തിലെ ഏറ്റവും നല്ല വരികൾ... പ്രണയിനിയുടെ നോട്ടം കരളിൽ ഒരു മുള്ളായി തറയ്ക്കുന്നു. അതിന്റെ നീറ്റലായ്, നൊമ്പരമായ് പ്രണയം പടരുന്നു.
ഒരു എഴുത്തുകാരന്റെ ചായ്വുകൾ കൂടുതൽ വ്യക്തമായിരിക്കുക അയാളുടെ ആദ്യകാല സൃഷ്ടികളിൽ ആയിരിക്കും. പോകെപ്പോകെ വിപണിയുടെ ശീലങ്ങൾ അയാളെ പിടികൂടുകയും സാധാരണീകരണം സംഭവിക്കുകയും ചെയ്യും. കലയിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ ഒട്ടേറെ ഉദാഹരണങ്ങൾ നമുക്കുണ്ട്.
പേരറിയാത്തൊരു നൊമ്പരത്തെ... എന്നെഴുതിയ കഥാസന്ദർഭത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് ‘ഖദീജ’യിലെ ‘സുറുമയെഴുതിയ മിഴികളേ...’ എന്ന മുഹൂർത്തം. അവിടെ കവിക്ക് സ്വതന്ത്രമായി പ്രണയം ആവിഷ്കരിക്കാം. എന്നിരിക്കെയാണു പ്രണയത്തിനു യൂസഫലി നൊമ്പരഛായ നൽകിയിരിക്കുന്നത്.
ഇനി ‘ധ്വനി’ എന്ന സിനിമയിലെ ‘ഒരു രാഗമാല കോർത്തു സഖീ...’ എന്ന ഗാനത്തിലേക്കു വരിക. അവസാന ചരണം ഇങ്ങനെ:
‘പറയാതറിഞ്ഞു
ദേവീ ഞാൻ
നിൻ രാഗവേദന
അലയായ് വരും
വിചാരമെഴും
മൗനചേതന’
ഊമയായ നായികയുടെ പ്രണയത്തെ നായകൻ അറിഞ്ഞു എന്ന ഭാവം സ്ഫുരിപ്പിക്കേണ്ട ഈ സന്ദർഭത്തിലും രാഗം വേദനയാണെന്ന് ഒരിക്കൽക്കൂടി യൂസഫലി പറഞ്ഞു വയ്ക്കുന്നു.
തന്റെ ഗാനങ്ങളിൽ ഒരുവാക്കുപോലും അനാവശ്യമായി ഉണ്ടാവരുതെന്ന നിഷ്കർഷ മരണം വരെ സൂക്ഷിക്കാൻ കഴിഞ്ഞ എഴുത്തുകാരനായിരുന്നു യൂസഫലി. ഈണത്തിനുള്ളിൽ കുത്തിനിറയ്ക്കാനായി അദ്ദേഹം ഒരു വാക്കിനെയും കണ്ടില്ല. പദങ്ങളിൽ ആശയം പ്രകാശിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.
‘എന്തുമെഴുതി ശ്രോതാക്കളെ രസിപ്പിച്ചുകളയാമെന്ന ധാരണ എനിക്കില്ല. കേൾക്കാനുള്ള ഇമ്പം മാത്രമാണ് ഒരു പാട്ടിനുവേണ്ട ആത്യന്തിക ഗുണമെന്നും ഞാൻ വിശ്വസിക്കുന്നില്ല. ഒരു പാട്ട് അതിന്റെ അന്തരംഗവിശുദ്ധിയോടെ ശ്രോതാക്കളെ കീഴടക്കണമെന്നാണ് എന്റെ ആഗ്രഹം’ അദ്ദേഹം ഒരു അഭിമുഖത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരാൾ ഓരോ വാക്കും വളരെ സൂക്ഷിച്ചേ ഉപയോഗിക്കൂ. എഴുത്തിൽ പലയിടത്തും രാഗം വേദനയായി കടന്നുവന്നത് അദ്ദഹത്തിന്റെ ആത്മപ്രകാശനം തന്നെയെന്നർഥം.
നീറുന്ന പ്രാണനിലേക്ക് ആശയുടെ തേനൊഴുക്കുന്നവളാണു പ്രണയിനിയെന്നു ‘വൈശാഖ സന്ധ്യേ നിൻചുണ്ടിലെന്തേ...’(നാടോടിക്കാറ്റ്) എന്ന ഗാനത്തിൽ കവി എഴുതുന്നു. (ഒരു കസെറ്റിന്റെ ഇരുപുറവും ഈ പാട്ടുമാത്രം റിക്കോർഡ് ചെയ്തു കേട്ടുപോന്ന ഒരു പ്രീഡിഗ്രി സ്നേഹിതനെ ഓർത്തുപോകുന്നു)
രാഗം ദുഃഖബദ്ധമാണെന്നു യൂസഫലി തുറന്നെഴുതുന്നതു ‘സംഗീതമേ നിൻ പൂഞ്ചിറകിൽ...(മീൻ) എന്ന ഗാനത്തിലാണ്.
‘ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകേ വിരുന്നുവരും
വിധിയുടെ കയ്യിൽ ജീവിതം
വെറുമൊരു വിളയാട്ടു പമ്പരമല്ലേ
എന്നും അനുരാഗഗാനം വിടരുമ്പോൾ
ആത്മാവിൽ ദുഃഖങ്ങൾ വളരുമെന്നോ?
എന്നും അദ്ദേഹം സന്ദേഹിക്കുന്നു.
‘കറയറ്റ പ്രേമം കാലമാം കവിയുടെ
കരുണാർദ്ര ഗദ്ഗദമല്ലേ...’
എന്ന കടുത്ത നിരാശയിലേക്കു കവി വഴുതി വീഴുന്നു.
അനുരാഗം കണ്ണിൽ മുളയ്ക്കും
ഹൃദയത്തിൽ വേരൂന്നി നിൽക്കും
വിധിയുടെ കയ്യതിൻ വേരറുക്കും
ചുടുകണ്ണീർ മാത്രം ബാക്കിനിൽക്കും’ (മിണ്ടാപ്പെണ്ണ്)
എന്നും യൂസഫലി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണയം എന്നതു നൊമ്പരമാണെന്നു നിർവചിക്കുന്ന കവി അതിന്റെ പര്യവസാനം ദുഃഖത്തിലായിരിക്കും എന്ന പക്ഷക്കാരനുമാവുന്നു. തന്റെ തിരഞ്ഞെടുത്ത സിനിമാ ഗാനങ്ങൾ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ആ പ്രിയപ്പെട്ട സമാഹാരത്തിന് അദ്ദേഹം നൽകിയ പേര് എന്താണെന്നോ? ‘പേരറിയാത്ത നൊമ്പരം’!!. സ്നേഹം സിനിമയിലെ ഇതേ ഗാനമാണ് ഗ്രന്ഥത്തിൽ ആദ്യഗാനമായി ചേർത്തിരിക്കുന്നതും. പ്രണയം നൊമ്പരമാണെന്ന യൂസഫലിയുടെ മനസ്സുകാണാൻ ഇതിലും നല്ലൊരു കണ്ണാടി വേണ്ട.