‘യമുനയാട്രിലേ’; മിൻമിനി ഒരു അറിയാക്കഥ
'യമുനൈയാട്രിലേ ഈറക്കാട്രിലേ..' 1991 മാർച്ച് 14 ന് ബോംബെ ലാബ് സ്റ്റുഡിയോയിൽ വച്ച് 'ദളപതി' എന്ന മണിരത്നം സിനിമയ്ക്കായി മിത്താലി പാടി റെക്കോർഡ് ചെയ്ത ഗാനം. റിലീസ് ചെയ്ത കാലത്ത് ആൽബത്തിൽ അത്രയധികം ശ്രദ്ധ ലഭിക്കാതെ പോയൊരു ഗാനമായിരുന്നു അത്. കാൽ നൂറ്റാണ്ടിനു ശേഷം 2018ൽ പുറത്തിറങ്ങിയ '96' എന്ന തമിഴ്
'യമുനൈയാട്രിലേ ഈറക്കാട്രിലേ..' 1991 മാർച്ച് 14 ന് ബോംബെ ലാബ് സ്റ്റുഡിയോയിൽ വച്ച് 'ദളപതി' എന്ന മണിരത്നം സിനിമയ്ക്കായി മിത്താലി പാടി റെക്കോർഡ് ചെയ്ത ഗാനം. റിലീസ് ചെയ്ത കാലത്ത് ആൽബത്തിൽ അത്രയധികം ശ്രദ്ധ ലഭിക്കാതെ പോയൊരു ഗാനമായിരുന്നു അത്. കാൽ നൂറ്റാണ്ടിനു ശേഷം 2018ൽ പുറത്തിറങ്ങിയ '96' എന്ന തമിഴ്
'യമുനൈയാട്രിലേ ഈറക്കാട്രിലേ..' 1991 മാർച്ച് 14 ന് ബോംബെ ലാബ് സ്റ്റുഡിയോയിൽ വച്ച് 'ദളപതി' എന്ന മണിരത്നം സിനിമയ്ക്കായി മിത്താലി പാടി റെക്കോർഡ് ചെയ്ത ഗാനം. റിലീസ് ചെയ്ത കാലത്ത് ആൽബത്തിൽ അത്രയധികം ശ്രദ്ധ ലഭിക്കാതെ പോയൊരു ഗാനമായിരുന്നു അത്. കാൽ നൂറ്റാണ്ടിനു ശേഷം 2018ൽ പുറത്തിറങ്ങിയ '96' എന്ന തമിഴ്
'യമുനയാട്രിലേ ഈറക്കാട്രിലേ..' 1991 മാർച്ച് 14 ന് ബോംബെ ലാബ് സ്റ്റുഡിയോയിൽ വച്ച് 'ദളപതി' എന്ന മണിരത്നം സിനിമയ്ക്കായി മിത്താലി പാടി റെക്കോർഡ് ചെയ്ത ഗാനം. റിലീസ് ചെയ്ത കാലത്ത് ആൽബത്തിൽ അത്രയധികം ശ്രദ്ധ ലഭിക്കാതെ പോയൊരു ഗാനമായിരുന്നു അത്.
കാൽ നൂറ്റാണ്ടിനു ശേഷം 2018ൽ പുറത്തിറങ്ങിയ '96' എന്ന തമിഴ് സിനിമയിലൂടെയാണ് 'യമുനൈയാട്രിലേ' ഒരു പുനർജൻമം നേടിയതും ഇന്നത്തെ തലമുറയുടെ മൂളിപ്പാട്ടായി മാറിയതും.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഗായിക മിൻമിനി ഭർത്താവ് ജോയി മാത്യുവിന്റെ പിന്നണിയോടൊപ്പം ഈ ഗാനം പാടുന്ന വിഡിയോ ഇപ്പോൾ വീണ്ടും തരംഗമാകുമ്പോൾ ഒറിജിനൽ ഗാനത്തിന്റെ പിന്നണിയിൽ ചില അറിയാക്കഥകൾ ഉണ്ട്.
1991 മാർച്ച് 12 മുതൽ15 വരെയുള്ള ദിവസങ്ങളിലാണ് ബോംബെയിൽ വച്ച് ദളപതിയുടെ റെക്കോർഡിംഗ് നടന്നത്. റെക്കോർഡിങ്ങിനായി ചെന്നൈയിൽ നിന്ന് ഗായകരും കുറച്ച് വാദ്യോപകരണവിദഗ്ദരുമടങ്ങുന്ന സംഘത്തിൽ ഇളയരാജയുടെ ടീമിലെ ഏറ്റവും പുതുമുഖമായ മിനിയുമുണ്ടായിരുന്നു. (ഗായകൻ ജയചന്ദ്രന്റെ ശുപാർശയിൽ ഇളയരാജയുടെ സംഗീതത്തിൽ മിനി, മിൻമിനിയായി തമിഴിൽ തുടക്കം കുറിച്ചിട്ട് അപ്പോൾ രണ്ടു മാസമായിട്ടില്ലെങ്കിലും ഇളയരാജയുടെ ആറ് പാട്ടുകളും ഗംഗൈ അമരൻ, ഇളയഗംഗൈ, രാജാമണി എന്നിവരുടെ തമിഴ് പാട്ടുകളും അതിനകം പാടി കീരവാണിയുടെ സംഗീതത്തിൽ 'ആത്മബന്ധം' എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറുകയും ചെയ്തിരുന്നു).
'ദളപതി'യ്ക്കായി ആദ്യം റെക്കോർഡ് ചെയ്തത് 'രാക്കമ്മാ കയ്യെ തട്ട്' എന്ന ഗാനമാണ്. ആ ഗാനത്തിലെ 'കുനിത്ത പുരുവമും' എന്നു തുടങ്ങുന്ന ഭാഗം സ്വർണലതയും മിനിയും ചേർന്നാണ് പാടിയിരിക്കുന്നത്. ബോംബെയിലെയും ചെന്നൈയിലെയും മ്യൂസിഷൻസ് ഒരുമിച്ച ആ റെക്കോർഡിംഗ് സുദീർഘമായ ഒന്നായിരുന്നു. അതിലെ മറ്റു കോറസ് ഭാഗങ്ങൾ പാടിയത് അരുൺമൊഴി, വിജി മാനുവൽ, സ്വർണലത, മിനി, കമല, ഇന്ദിര, സുലോചന (ഗായിക കല്പനയുടെ അമ്മ) എന്നിവർ ചേർന്നാണ്. ഇതേ ഗായകർ തന്നെയാണ് 'മാർഗഴി താൻ ഓടിപ്പോച്ച്' എന്ന പാട്ടും പാടിയത്. പിന്നീട് 'ഷണ്ണോമിത്ര' എന്ന കീർത്തനം സംഘഗാനമായി റെക്കോർഡ് ചെയ്തു എങ്കിലും എവിടെയെങ്കിലും ഉപയോഗിച്ചതായി അറിവില്ല.
ധാരാളം റെക്കോർഡിംഗ് തീയേറ്ററുകൾ ഉള്ള ആ സ്റ്റുഡിയോ സമുച്ചയത്തിൽ നിരവധി മ്യൂസിഷൻസ് വന്നു പോകുന്നത് ഇടവേളകളിൽ സ്വർണലതയും മിനിയും കണ്ടെങ്കിലും ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അതുവഴി കടന്നു പോയത് അടുത്തു നിന്ന് കണ്ടതാണ് ആ ദിവസങ്ങളിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് എന്ന് മിൻമിനി ഇന്നും ഓർക്കുന്നു. കൂടാതെ 'സുന്ദരീ.. കണ്ണാൽ ഒരു സേദി' എന്ന ഗാനം എസ്.പി.ബിയും എസ്.ജാനകിയും ഒരുമിച്ചു പാടി റെക്കോർഡു ചെയ്യുമ്പോൾ അത് ആസ്വദിച്ച് കണ്ടിരുന്നതും വലിയൊരു ഭാഗ്യമായി മിനി കരുതുന്നു.
അടുത്ത ദിവസമാണ് 'യമുനൈയാട്രിലേ' എന്ന ഗാനം പാടുവാനായി വരികൾ പറഞ്ഞു കൊടുത്ത് ഇളയരാജയുടെ അസിസ്റ്റന്റ് സുന്ദർരാജൻ മാസ്റ്റർ മിനിയെ പഠിപ്പിച്ചത്. ('അപ്പു' 'എന്ന മലയാളസിനിമയുടെ സംഗീതസംവിധായകനായി സുന്ദർരാജനെ നാമറിയും). ഈണം പെട്ടെന്നു തന്നെ പഠിച്ച് ഓർക്കസ്ട്രയ്ക്കൊപ്പം പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഹിന്ദി സിനിമയിലെ പ്രശസ്ത ഗായകനും ഗിറ്റാറിസ്റ്റുമായ ഭൂപീന്ദർ സിംഗ് ഭാര്യയും ഗായികയുമായ മിത്താലിയ്ക്കൊപ്പം ഇളയരാജയുടെ അടുത്തെത്തി. എന്തായാലും ആ ഗാനം മിത്താലി പാടുകയും മിനി, സ്വർണലത, കമല, ഇന്ദിര, സുലോചന എന്നിവർ ആ ഗാനത്തിലെ കോറസ് പാടുകയും ചെയ്തു.
ആ പാട്ട് പാടുവാനായി മിത്താലിയെ വിളിച്ചതാണോ അതോ അവർ മറ്റേതോ റെക്കോർഡിംഗിനായി വന്നപ്പോൾ ഇളയരാജ അവർക്കായി ആ പാട്ട് കൊടുത്തതാണോ എന്നൊന്നും മിനിക്കിന്നും അറിയില്ല.
ഇളയരാജയ്ക്കായി നൂറിനടുത്ത് ഗാനങ്ങൾ മിൻമിനി മൂന്നു ഭാഷകളിലായി ചുരുങ്ങിയ കാലത്തിനുള്ളിൽ പാടിയിട്ടുണ്ട്. ഒരിക്കൽ മാത്രമാണ് ഇളയരാജ മിനിയെക്കൊണ്ട് മറ്റൊരാൾക്കായി ട്രാക്ക് പാടിപ്പിച്ചിട്ടുള്ളത്. 'ലജ്ജ' എന്ന ഹിന്ദി ചിത്രത്തിൽ ലതാ മങ്കേഷ്കർക്കു വേണ്ടി 'കോൻ ഡഗർ' എന്ന് തുടങ്ങുന്ന ഗാനം. ട്രാക്കാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് അത് റെക്കോർഡ് ചെയ്തതും. പാട്ട് സ്ട്രെയിറ്റ് ആയാലും ട്രാക്ക് ആയാലും കോറസ് ആയാലും നന്നായി പാടുകയെന്നത് മാത്രമാണ് ഗായകരുടെ കടമയെന്നാണ് മിനിയുടെ ആദർശം.
അടുത്ത ചില സുഹൃത്തുക്കൾക്കൊക്കെ ഈ കഥകൾ അറിയാവുന്നത് കൊണ്ട് ചിലരെങ്കിലും 'അന്ന് പാടാത്ത സങ്കടം മാറ്റാനാണോ ഇപ്പോൾ ഇത് പാടിയതെന്ന് 'മിനിയോട് ചോദിക്കുകയുണ്ടായി. അത് വെറും തെറ്റിദ്ധാരണയാണെന്നും ഇളയരാജയുടെ കടുത്ത ആരാധകനായ ഭർത്താവിന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായ 'യമുനൈയാട്രിലേ' അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പാടിയെന്നു മാത്രമേയുള്ളൂ എന്നും മിൻമിനി പറയുന്നു.
മണിരത്നം-ഇളയരാജാ ടീമിന്റെ അവസാനചിത്രമായി 1991ൽ പുറത്തു വന്ന 'ദളപതി'യിലെ പാട്ടിനു കാലം കടം വീട്ടിയത് അടുത്ത മണിരത്നം ചിത്രത്തിലൂടെ തന്നെയായത് യാദൃച്ഛികമാകാം. കാരണം, മിനിയ്ക്കെന്നും 'ചിന്ന ചിന്ന ആശൈ'കൾ മാത്രമാണല്ലോ ഉള്ളത് !