ഈ ഖദർ കുപ്പായത്തിനുള്ളിൽ ഒരു കവി ഹൃദയമുണ്ട്, പാട്ടെഴുത്തുകാരനുണ്ട്; പന്തളം സുധാകരന്റെ പാട്ടുവഴികൾ
ഒന്നുകില്‍ പട്ടാളക്കാരനാവുക, അല്ലെങ്കില്‍ കവിയാവുക എന്നു സ്വപ്നം കണ്ട ബാല്യം. പൊക്കമില്ലായ്മ ശരീരത്തിലുള്ളത്ര കവിതയില്‍ ഇല്ലെന്നു തോന്നിയതോടെ കവിയാകുവാന്‍ തീരുമാനിച്ച കൗമാരം. യൗവനത്തില്‍ കവിത കൂട്ടായി എത്തിയെങ്കിലും കാലം സമ്മാനിച്ചത് രാഷ്ട്രീയക്കാരന്റെ വേഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം
ഒന്നുകില്‍ പട്ടാളക്കാരനാവുക, അല്ലെങ്കില്‍ കവിയാവുക എന്നു സ്വപ്നം കണ്ട ബാല്യം. പൊക്കമില്ലായ്മ ശരീരത്തിലുള്ളത്ര കവിതയില്‍ ഇല്ലെന്നു തോന്നിയതോടെ കവിയാകുവാന്‍ തീരുമാനിച്ച കൗമാരം. യൗവനത്തില്‍ കവിത കൂട്ടായി എത്തിയെങ്കിലും കാലം സമ്മാനിച്ചത് രാഷ്ട്രീയക്കാരന്റെ വേഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം
ഒന്നുകില്‍ പട്ടാളക്കാരനാവുക, അല്ലെങ്കില്‍ കവിയാവുക എന്നു സ്വപ്നം കണ്ട ബാല്യം. പൊക്കമില്ലായ്മ ശരീരത്തിലുള്ളത്ര കവിതയില്‍ ഇല്ലെന്നു തോന്നിയതോടെ കവിയാകുവാന്‍ തീരുമാനിച്ച കൗമാരം. യൗവനത്തില്‍ കവിത കൂട്ടായി എത്തിയെങ്കിലും കാലം സമ്മാനിച്ചത് രാഷ്ട്രീയക്കാരന്റെ വേഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം
ഒന്നുകില്‍ പട്ടാളക്കാരനാവുക, അല്ലെങ്കില്‍ കവിയാവുക എന്നു സ്വപ്നം കണ്ട ബാല്യം. പൊക്കമില്ലായ്മ ശരീരത്തിലുള്ളത്ര കവിതയില്‍ ഇല്ലെന്നു തോന്നിയതോടെ കവിയാകുവാന്‍ തീരുമാനിച്ച കൗമാരം. യൗവനത്തില്‍ കവിത കൂട്ടായി എത്തിയെങ്കിലും കാലം സമ്മാനിച്ചത് രാഷ്ട്രീയക്കാരന്റെ വേഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. ഇതിനിടയില്‍ സിനിമയില്‍ എഴുതിയത് ഒരു പിടി നല്ല ഗാനങ്ങള്‍. പാട്ടു ഹിറ്റാകുമ്പോഴും പാട്ടെഴുത്തുകാരനെ തിരിച്ചറിയാതെ പോകുന്ന ദുര്‍വിധി പന്തളത്തിനും ഉണ്ടായെന്നു പറയാതെ വയ്യ. പാട്ടുകള്‍ തിരിച്ചറിയുമ്പോഴാകും ആ പാട്ടെഴുതിയത് പന്തളം സുധാകരനായിരുന്നോ എന്നു പറഞ്ഞ് പലരും മൂക്കത്ത് കൈവക്കുന്നത്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടത്തിലെ ധനുമാസക്കുളിരല ചൂടി, കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ എന്റെ മൗനരാഗമിന്ന് തുടങ്ങി ഹിറ്റ് ഗാനങ്ങള്‍ പിറന്നത് ഈ പന്തളത്തുകാരന്റെ അക്ഷരങ്ങളിലൂടെയാണ്.
യുവകവി എന്ന നിലയില്‍ കേരളത്തില്‍ ശ്രദ്ധേയനായ പന്തളത്തെ പില്ക്കാലം കണ്ടത് രാഷ്ട്രീയ നേതാവായി. ഇക്കാലത്താണ് ഗാനരചനയിലേക്ക് പന്തളം എത്തുന്നത്. പാട്ടെഴുതി നടക്കുന്ന യുവനേതാവിനെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ ഒരു വിഭാഗം മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. "പാട്ടെഴുതുന്ന പന്തളം പാട്ടിനുപോകട്ടെ" എന്നു പലരും അടക്കം പറഞ്ഞു. നേതൃത്വത്തിലേക്ക് പന്തളം വേണ്ടെന്ന് പലരും യോഗങ്ങളില്‍ ഉന്നയിച്ചപ്പോള്‍ കെ. കരുണാകരനും എ. കെ. ആന്റണിയും അത് കേള്‍ക്കാത്ത ഭാവം നടിച്ചു. "പാട്ടെഴുതുന്നെങ്കില്‍ പന്തളം അതു തുടരട്ടെ" എന്ന് അവര്‍ പറഞ്ഞതോടെ ആത്മവിശ്വാസവും ഇരട്ടിച്ചെന്ന് പന്തളം ഓര്‍ക്കുന്നു. ആനുകാലികങ്ങളില്‍ ഇപ്പോഴും കവിതകള്‍ എഴുതുമ്പോള്‍ കോണ്‍ഗ്രസുകാരേക്കാള്‍ ഇടതുപക്ഷ സഹയാത്രികരാണ് അഭിപ്രായങ്ങള്‍ കൂടുതലും പറയുന്നത്. ആരോടും പരിഭവങ്ങളില്ല, പരാതിയുമില്ല. രാഷ്ട്രീയ നേതാവിനേക്കാള്‍ കവി എന്നും ഗാനരചയിതാവെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്. പന്തളം പറയുന്നു.
പന്തളം എന്‍എസ്എസ് കോളജിലെ പ്യൂണ്‍ ആയിരുന്ന പിതാവ് അച്യുതന് വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ കൈയില്‍ രണ്ടു പുസ്തകം ഉണ്ടാവും. അച്ഛനറിയാതെ ആ പുസ്തകങ്ങള്‍ സുധാകരനെന്ന ബാലന് ആര്‍ത്തിയോടെ വായിക്കാന്‍ തുടങ്ങി. പഠിയ്ക്കേണ്ട സമയത്ത് മറ്റു പുസ്തകങ്ങള്‍ വായിക്കുന്നത് അച്ഛന് വിലക്കുമോ എന്ന ഭയമായിരുന്നു ആ മനസില്‍. എന്നാല്‍ അച്ഛനിത് തിരിച്ചറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്ന ഭാവം നടിച്ചു. മേശപ്പുറത്ത് ഓരോ ദിവസവും എത്തുന്ന പുസ്കങ്ങളുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരുന്നു. അത്തരമൊരു വായനയാണ് കവി എന്ന സ്വപ്നത്തിന്റെ വിത്ത് സുധാകരന്റൈ മനസില്‍ പാകുന്നത്. പത്രം വായിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ വീടിനടുത്തെ നെല്ലുകുത്തു മില്ലില്‍ സഹായിയായി നിന്നും നാട്ടിലെ വായനശാലയില്‍ നിത്യസന്ദര്‍ശകനായി തുടരുകയും ചെയ്തതോടെ എഴുത്ത് ആവേശമായി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ പന്തളം പബ്ലിക് ലൈബ്രറി സെക്രട്ടറിയായതോടെ പുസ്തകങ്ങള്‍ സീലു വയ്ക്കും മുന്നേ പുതുമണം വിടാതെ വായിച്ചു തീര്‍ത്തു.
സ്കൂള്‍ കാലം മുതല്‍ ചെറുകഥകളും നാടകങ്ങളും എഴുതി അവതരിപ്പിക്കുന്നതിന് ഇടയിലാണ് അവിചാരിതമായ രാഷ്ട്രീയ പ്രവേശനം. അച്ഛന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനവും അയല്‍വാസിയായ രാജു ചേട്ടന്റെ പ്രേരണയും സ്കൂള്‍ കാലത്തു തന്നെ രാഷ്ട്രീയത്തിലേക്കും നയിച്ചു. തിരക്കുകള്‍ക്കിടയില്‍ നാടകവും കഥയുമൊക്കെ കൈവിട്ടു പോയതോടെ കവിത കൂട്ടായി നിന്നു. അക്കാലത്തെ മിക്ക ആനുകാലികങ്ങളിലും പന്തളം സുധാകരന്റെ കവിതകള്‍ തുടര്‍ച്ചയായി അച്ചടിച്ചു വന്നു. പന്തളം എന്‍എസ്എസ് കോളജിലെ പഠന കാലയളവില്‍ തന്നെ പന്തളം സുധാകരന് എന്ന യുവ കവി ശ്രദ്ധേയനായി. അക്കാലയളവില്‍ പഠിച്ച പലരുടെയും ഓട്ടോഗ്രാഫുകളില്‍ ഇന്നും ഉണ്ടാകും കൈമാറി വന്ന പന്തളം സുധാകരന്റെ കവിതകള്‍. കടമ്മനിട്ട, ഡി. വിനയചന്ദ്രന്, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങിയവര്‍ക്കൊപ്പം കവിസദസുകളില്‍ നിറഞ്ഞു നിന്നു. പന്തളത്തെ പ്രകാശ്, കവിത എന്നി സ്റ്റുഡിയോകളില്‍ ഫൊട്ടോഗ്രാഫറായും ഇക്കാലയളവില്‍ പന്തളം സുധാകരന് ജോലി നോക്കി. ആനുകാലികങ്ങളില്‍ കവിതയുടെ പൂക്കളം നിറച്ച പന്തളം സുധാകരന്റെ കവിതകള്‍ രാഷ്ട്രീയ പ്രവേശനത്തോടെ കുറഞ്ഞു വന്നു.
"അമ്മയ്ക്കു കിന്നാരച്ചെപ്പു തുറക്കുന്ന
പൊന്‍ തിങ്കള്‍ മുത്തേ മിഴിമുത്തേ
ആയിരം വസന്തം കണിയായാലും
അമ്മയ്ക്ക് അമൃതം നീയല്ലോ"
പന്തളം സുധാകരന്റെ പുറത്തിറങ്ങാതെ പോയ കന്നിച്ചിത്രത്തിലെ ഗാനം തന്നെ അമ്മയുടെ ഓര്‍മകളിലേക്കായിരുന്നു. കോളജ് കാലഘട്ടം മുതല്‍ അടുത്ത ചങ്ങാതിയായിരുന്ന സംവിധായകന് രവി ആലുംമൂടനാണ് പന്തളം സുധാകരനെ ചലച്ചിത്ര ലോകത്തേക്ക് എത്തിക്കുന്നത്. 1984ല്‍ രവി ആലുംമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കെ. ജെ. ജോയിയുടെ സംഗീതത്തില്‍ ഗാനങ്ങളെഴുതാന്‍ പന്തളം സുധാകരനെ ക്ഷണിക്കുന്നു. മുന്‍പ് ആകാശവാണിയില്‍ ചില ഗാനങ്ങള്‍ എഴുതി അയച്ചിരുന്നെങ്കിലും പരിഗണിക്കാതെ പോയ ചരിത്രവും തനിക്കുള്ളതുകൊണ്ട് ആദ്യം ഒന്നു മടിച്ചെങ്കിലും ചങ്ങാതിയുടെ വിളി നിരസിക്കാന്‍ തോന്നിയില്ല. പി. സുശീലയുടെ ശബ്ദത്തില്‍ പന്തളം സുധാകരന്റെ ആദ്യ ഗാനം അങ്ങനെ പിറന്നു.
"തുമ്പീ മഞ്ചലേറി വാ കൊഞ്ചും തിങ്കളായി വാ
എന്നില്‍ രോമാഞ്ചം നിന്നില്‍ ആവേശം....."
പന്തളം സുധാകരന്റെ സംഗീതജീവിതത്തിലെ ശ്രദ്ധേയമായ ഗാനങ്ങളില്‍ ഒന്നായിരുന്നു 1986ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്റെ 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന ചിത്രത്തിലെ കെ. ജെ. ജോയിയുടെ സംഗീതത്തില്‍ പിറന്ന ഈ ഗാനം.
വി. ടി. രാജപ്പന് ആദ്യമായി സംഗീത സംവിധാനം ചെയ്ത 'സഖാവ്' എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചത് പന്തളം സുധാകരനായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ഇടപ്പഴഞ്ഞി വേലപ്പന്‍നായരായിരുന്നു 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന ചിത്രവും നിര്‍മിച്ചത്. പ്രിയദര്‍ശനുമായുള്ള അടുത്ത ബന്ധവും കൂടി ചേര്‍ന്നതോടെ പന്തളം സുധാകരന് ഈ ചിത്രത്തിലേയ്ക്കെത്തി. യുവ എംഎല്‍എയായി രാഷ്ട്രീയത്തില്‍ തിളങ്ങി നില്ക്കുന്ന കാലം. പ്രിയദര്ശന് പാട്ടെഴുതാന്‍ വിളിച്ചപ്പോള്‍ രാഷ്ട്രീയ തിരക്കു കാരണം പോകാനൊന്നു ഭയന്നെങ്കിലും വിട്ടു കളയാന്‍ പന്തളത്തിനു മനസു വന്നില്ല.
അങ്ങനെ പന്തളത്തിനൊപ്പം പ്രിയദര്ശന്, എം.ജി. ശ്രീകുമാര്‍, ഇടപ്പഴഞ്ഞി വേലപ്പന്‍നായര്‍ എന്നിവര്‍ മദ്രാസിന് വണ്ടി കയറി. കോടംബക്കത്തുള്ള പാംഗ്രോവ് ഹോട്ടലിലാണ് താമസം. രാഷ്ട്രീയ കാര്യങ്ങളോര്‍ത്ത് ആശങ്ക ഉള്ളില്‍ വന്നു തുടങ്ങുമ്പോഴേ പ്രിയദര്ശന് തമാശകള്‍ പൊട്ടിക്കുവാന്‍ തുടങ്ങും. അടുത്ത ദിവസം തന്നെ രാവിലെ പന്തളം സുധാകരനും സംഘവും കെ. ജി. ജോയിയുടെ വീട്ടിലെത്തി. എക്കോഡിയന്വെച്ചുള്ള അദ്ദേഹത്തിന്റെ പാട്ടുകള്‍ കൗതുകത്തോടെ കേട്ടിരുന്നു. രണ്ടു ഗാനങ്ങളുടെയും താളങ്ങള്‍ മൂളി. അക്കാലത്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നത് പില്ക്കാലത്ത് പ്രശസ്ത സംഗീത സംവിധായകനായിരുന്ന രാജാമണിയായിരുന്നു.
തിരികെ മുറിയിലെത്തി വരികള്‍ എഴുതി തുടങ്ങി. ഓരോ വരിയും എഴുതി കഴിയുമ്പോള്‍ എം. ജി. ശ്രീകുമാര്‍ അടുത്തിരുന്ന് പാടും. പ്രിയദര്ശന് ആവേശത്തോടെ കേട്ടിരിക്കും. രാത്രി വൈകിയും പാട്ടുപണികള് പന്തളം സുധാകരന് തുടര്‍ന്നു. ഉറങ്ങി കിടന്നിരുന്ന പ്രിയദര്‍ശനെ നോക്കിയാണ് നമ്മില്‍ പൂക്കാലം പ്രിയവേദിയില്‍ എന്ന വരി പന്തളം സുധാകരന് എഴുതുന്നത്. പില്ക്കാലത്ത് പ്രിയദര്ശന് പലര്‍ക്കും പൂക്കാലമായി മാറിയെന്ന് താന്‍ ഓര്‍ക്കാറുണ്ടെന്നും പന്തളം പറയുന്നു. "തുമ്പി മഞ്ചലേറി വാ", "ധനുമാസക്കുളിരല ചൂടി" എന്നി ഗാനങ്ങളുടെ പിറവി അങ്ങനെയായിരുന്നു.
"ധനുമാസക്കുളിരല ചൂടി ഋതുരാഗ പല്ലവി പാടി
കൗമാരക്കുളിരരുവീ നീ ദാഹമായ് വരൂ...."
ചിത്രത്തിലെ രണ്ടു ഗാനങ്ങളും എം. ജി. ശ്രീകുമാര്‍ തന്നെ പാടണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. വിപണനത്തിനായി യേശുദാസോ ജയചന്ദ്രനോ പാടണമെന്ന് കാസറ്റ് കമ്പനിക്കാര് വാശി പിടിച്ചു. യേശുദാസിന്റെ ഗാനങ്ങള്‍ എല്ലാം അക്കാലത്ത് പുറത്തിറങ്ങുന്നത് തരംഗിണിയിലൂടെയാണ്. എങ്കില്‍ പിന്നെ ഒരു ഗാനം പി. ജയചന്ദ്രന് പാടട്ടെ എന്നു തീരുമാനത്തിലെത്തി. അങ്ങനെ ഈ ഗാനം ആലപിച്ചത് പി. ജയചന്ദ്രന് ചിത്ര കൂട്ടുകെട്ടായിരുന്നു. ഈ ഗാനം എഴുതിയിരുന്ന സമയത്ത് പി. ജയചന്ദ്രന് കാണാനെത്തുമ്പോള്‍ അദ്ദേഹത്തിനു വേണ്ടി പാടി കൊടുത്തിരുന്നതാകട്ടെ എം. ജി. ശ്രീകുമാറും. "തുമ്പി മഞ്ചലേറി വാ" എന്ന ഗാനം എം. ജി. ശ്രീകുമാറിനൊപ്പം ലതികയും ആലപിച്ചു.
"കൊഞ്ചും നിന് ഇമ്പം എന്‍ നെഞ്ചില്‍ വീണ മൂളും ഈണം
പാടും ഈ രാവില്‍ എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍..."
1986ല്‍ പുറത്തിറങ്ങിയ പ്രിയദര്ശന് ചിത്രമായ 'താളവട്ട'ത്തിലെ ഈ പാട്ടു പിറന്നതും പന്തളത്തിന്റെ തൂലികയിലാണ്. രഘുകുമാര്‍ സംഗീതം ചെയ്ത ഈ ഗാനം ആലപിച്ചത് കെ. ജെ. യേശുദാസ് കെ. എസ് ചിത്ര കൂട്ടുകെട്ടായിരുന്നു. ഇത്തിരി പാശ്ചാത്യ രീതികളിലും താളവുമൊക്കെ വരുന്ന ഗാനമാണെങ്കിലും വരികളില്‍ മലയാളിത്വം നഷ്ടമാകാതിരിക്കാന്‍ ശ്രമിച്ചിരുന്നതായി പന്തളം സുധാകരന് പറയുന്നു. 'താളവട്ട'ത്തിലെ എല്ലാ ഗാനങ്ങളും എഴുതാന്‍ പ്രിയദര്ശന് നിര്‍ദേശിച്ചിരുന്നെങ്കിലും നിയമസഭ നടക്കുന്ന കാലമായതിനാല്‍ വിട്ടു നില്ക്കാന് കഴിയാത്ത അവസ്ഥ. സ്നേഹത്തോടെ നിരസിയ്ക്കേണ്ടി വന്നെങ്കിലും സമയം കണ്ടെത്തി ഒരു ഗാനത്തിനായി സമ്മതം മൂളിയതോടെ പിറന്ന ഗാനമാണ് "കൊഞ്ചും നിന് ഇമ്പം" എന്ന ഗാനം.
"അമൃതം ചൊരിയും പ്രിയഗീതം
ഹൃദയവീണയായ് മൗനരാഗമായ്
അനുപമ മോഹശൃംഗവേദിയില്‍
അമൃതം ചൊരിയും പ്രിയഗീതം"
1986ല്‍ പുറത്തിറങ്ങിയ 'കട്ടുറുമ്പിനും കാതുകുത്ത് 'എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീതം കണ്ണൂര്‍ രാജനായിരുന്നു. യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നായി കാണുന്നത് ഈ ഗാനത്തെയാണ്.
"എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ...
തെളിഞ്ഞുവോ വിണ്ണിലമ്പിളി....."
ഇണയുടെ ചിറകിനു തണലാകേണ്ട, പിറവിയിലിനിയൊരു തുണയാകണ്ട പാതിരാക്കളി പറന്നകന്ന നൊമ്പരം. "കാണാന്‍ കൊതിക്കുന്ന മാത്രയില്‍, എന്റെ കണ്ണില്‍ തിളങ്ങുന്നു നിന് മുഖം" എന്നു പാടാത്ത കമിതാക്കളുണ്ടാകുമോ ഭൂമിയില്‍. പ്രണയ നൊമ്പരം പാടിയ മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ഈ ഗാനം പന്തളം സുധാകരനിലെ കവിയെ ഒരിക്കല്‍കൂടി മലയാളി ഓര്‍ത്തെടുത്തു. 1996ല്‍ പുറത്തിറങ്ങിയ 'കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ' ഈ ഗാനം സംഗീതം ചെയ്തത് ബേണി ഇഗ്നേഷ്യസായിരുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഗാനരചയിലേക്ക് എത്തിയ ഗാനം എന്ന സവിശേഷതകൂടി ഈ ഗാനത്തിനുണ്ട്.
രാഷ്ട്രീയ തിരക്കുകളില്‍ നേരമില്ലാത്ത കാലം. ആഗ്രഹംകൊണ്ട് വീണ്ടും പാട്ടെഴുത്തിലേക്ക് എത്തി. രാജസേനന് സന്ദര്‍ഭം പറഞ്ഞു തന്നപ്പോള്‍ തന്നെ എന്റെ മൗനരാഗമെന്ന വരി ഓടി എത്തി. ബേണി ഇഗ്നേഷ്യസ് പാടി തന്ന രണ്ടു താളങ്ങളില്‍ ഒന്നിന് രാജസേനന് സമ്മതം മൂളിയതോടെ അത് റെക്കോര്‍ഡ് ചെയ്ത് കാസറ്റിലാക്കി വീണ്ടും തിരക്കുകളിലേക്ക് പന്തളം പാഞ്ഞു. എന്നാല്‍ അന്നു രാത്രിയില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുറത്തു നിന്നു തണുത്ത കാറ്റു വീശി. ഉള്ളില്‍ അക്ഷരക്കോളും വന്നതോടെ പന്തളം എഴുതി തുടങ്ങി. മഴ കൂട്ടായി പതുക്കെ എത്തി. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആ രാത്രി തന്നെ പൂര്‍ത്തിയാക്കിയ ഗാനമാണ് എന്റെ മൗനരാഗമിന്ന് എന്ന് പന്തളം പറയുന്നു.
"താളത്തില്‍ വരുമോ നീ വീണ്ടും
ആടാന്‍ വേദിയിതാ..."
1987ല്‍ പുറത്തിറക്കിയ 'കൊട്ടും കുരവയും' എന്ന ചിത്രത്തില്‍ രഘുകുമാറിന്റെ സംഗീതത്തില്‍ വാണി ജയറാമും ഉണ്ണി മേനോനും ചേര്‍ന്നാലപിച്ച "നീഹാരമായ് പ്രിയരാധികേ" എന്ന ഗാനത്തിലെ വരികളാണിത്. അക്ഷരങ്ങളോടുള്ള പന്തളത്തിന്റെ ഇഷ്ടം കൂടി നിറഞ്ഞ വരികളാണിത്. എംഎല്‍എയായും മന്ത്രിയായുമൊക്കെ രാഷ്ട്രീയ തിരക്കുകളില്‍ സജീവമായപ്പോഴും അക്ഷരങ്ങള്‍ക്കായി സമയം കണ്ടെത്തി. ആദ്യകാലത്ത് മദ്രാസില്‍ റെക്കോര്‍ഡിങ്ങുകള്‍ സജീവമായതുകൊണ്ട് പോയി വരാന്‍ ദിവസങ്ങള്‍ വേണം. കേരളത്തിലായിരുന്നെങ്കില്‍ കുറച്ചുകൂടി സജീവമാകുമായിരുന്നു. പാട്ടുകള്‍ കേരളത്തിലേക്ക് എത്തിയപ്പോഴേക്കും ഞാന്‍ തിരക്കുമായി. തന്റെ പാട്ടെഴുത്തിലെ ഇടവേളകളെ പന്തളം സുധാകരന് സ്മരിക്കുന്നത് ഇങ്ങനെയാണ്.
പുറത്തിറങ്ങാതെ പോയ 'ആകാശത്തിനു കീഴെ' എന്ന ചിത്രത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യവും പന്തളത്തെ തേടി എത്തി. കരമനയിലുള്ള ദേവരാജന്‍ മാസ്റ്ററുടെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ എത്തുമ്പോള്‍ വരെ തന്റെയുള്ളില്‍ ആശങ്കയായിരുന്നെന്ന് പന്തളം ഓര്‍ക്കുന്നു. മാസ്റ്റര്‍ കണ്ടപാടെ ചേര്‍ത്തു നിര്‍ത്തി തന്റെ പാട്ടൊക്കെ ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് ആത്മവിശ്വാസം വന്നതെന്ന് പന്തളം പറയുന്നു.
എസ്. ജാനകി നാലുവയസുകാരിയുടെ ശബ്ദത്തില്‍ പാടിയ "തിങ്കള്ക്കിളി" എന്ന ഗാനം ഏറെ ശ്രദ്ധനേടി. 1986ല്‍ പുറത്തിറങ്ങിയ 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ടി. കെ. ലയനാണ്. എ.ടി. ഉമ്മറിനൊപ്പം 'കാര്യം കാണാനൊരു കള്ളചിരി', ശ്യാമിനൊപ്പം 'പാളയം', മോഹന്‍ സിത്താരയ്ക്കൊപ്പം 'മൈഡിയര്‍ മമ്മി' തുടങ്ങിയ ചിത്രങ്ങളിലും പന്തളം പാട്ടുകളെഴുതി.