നാണം തുളുമ്പി പ്രണയം പറഞ്ഞ് റിമി ടോമി, ഒപ്പം മുന്നയും; ആരാധകർക്ക് ഗംഭീര സർപ്രൈസ്
ആരാധകർക്കുള്ള ഓണസമ്മാനമായി ഗായിക റിമി ടോമി പുറത്തിറക്കിയ കവർ ഗാനം ശ്രദ്ധേയമാകുന്നു. 2003ൽ പുറത്തിറങ്ങിയ ‘പട്ടണത്തിൽ സുന്ദരൻ’ എന്ന ചിത്രത്തില്‍ റിമി തന്നെ പാടിയ ‘കണ്ണനായാൽ രാധ വേണം’ എന്ന പാട്ടിനാണ് താരത്തിന്റെ കവർ പതിപ്പ്. കേരള വേഷത്തിൽ അണിഞ്ഞൊരുങ്ങി മുടിയിൽ പൂവ് ചൂടി നാടൻസുന്ദരിയായാണ് ഗായിക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
യുവതാരം മുന്നയും റിമി ടോമിയ്ക്കൊപ്പം ഗാനരംഗത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള പ്രണയരംഗങ്ങളും പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. നാണം തുളുമ്പും മുഖഭാവത്തിലാണ് റിമിയുടെ പ്രകടനം. പാട്ടിൽ റിമിയ്ക്കൊപ്പം ചുവടു വയ്ക്കാൻ സുചിത്ര, ജിഷ എന്നീ നർത്തകിമാരും എത്തുന്നുണ്ട്.
നാലുകെട്ടും തുളസിത്തറയും മഴയും നാട്ടുഭംഗിയുമെല്ലാം ഉൾപ്പെടുത്തിയൊരുക്കിയ പാട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കവർ ഗാനത്തെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് റിമി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അന്നു മുതൽ പ്രിയതാരത്തിന്റെ പാട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
വർഷങ്ങൾക്കു ശേഷം ഈ ഗാനം വീണ്ടും റിമി ടോമിയുടെ തന്നെ ശബ്ദത്തിൽ കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണെന്നാണ് ആസ്വാദകപക്ഷം. പാട്ടിനു ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് റിമി ടോമി ആരാധകരോടു നന്ദി അറിയിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ‘പട്ടണത്തിൽ സുന്ദരൻ’ എന്ന ചിത്രത്തിനു വേണ്ടി ഈ ഗാനം എഴുതിയത്. മോഹൻ സിത്താരയുടേതാണു സംഗീതം. കെ.ജെ.യേശുദാസിനൊപ്പമാണ് റിമി ടോമി ഈ ഗാനം ആലപിച്ചത്. വർഷം ഏറെ കഴിഞ്ഞിട്ടും പാട്ടിന് ഇപ്പോഴും ആസ്വാദകർ ഏറെയാണ്.