‘ഇത് റിമിയുടെ മമ്മി തന്നെ, എന്തൊരു എനർജിയാ’; പാട്ടും ഡാൻസും കൊണ്ട് വിസ്മയിപ്പിച്ച് റിമി ടോമിയുടെ അമ്മ
വീട്ടിലെ ഓണാഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ദിവസമാണ് റിമി സമൂഹമാധ്യമത്തിലൂടെ വിഡിയോ റിലീസ് ചെയ്തത്. അമ്മ റാണിയെയും സഹോദരി റീനുവിനെയുമുൾപ്പെടെ വിഡിയോയിലൂടെ റിമി ആരാധകർക്കായി പരിചയപ്പെടുത്തി. റീനുവിന്റെ മകൻ കുട്ടാപ്പിയ്ക്കൊപ്പമുള്ള റിമിയുടെ രസകരമായ സംഭാഷണങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. റിമി ടോമി പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മറ്റും കുട്ടാപ്പി പ്രേക്ഷകർക്ക് പരിചിതനാണ്.
റിമിയുടെ അമ്മയും സഹോദരിയും സഹോദരി ഭർത്താവ് രാജുവും പ്രേക്ഷകർക്കായി ഓണപ്പാട്ടുകൾ ആലപിച്ചു. പാട്ട് പാടുന്നതിനൊപ്പം അമ്മ ചുവടുവച്ചതും ആസ്വാദകർക്ക് നവ്യാനുഭവമായി. റാണി ഇപ്പോഴും ഡാൻസ് പഠിക്കുന്നുമുണ്ട്. അമ്മയുടെ പാട്ടിനെയും ഡാൻസിനെയും കുറിച്ചെല്ലാം റിമി ഇതിനു മുൻപും പൊതു വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ എനർജിയും സംസാരവുമൊക്കെ കണ്ട് ഇത് റിമിയുടെ അമ്മ തന്നെ എന്നാണ് പ്രേക്ഷകർ പ്രതികരിച്ചത്. അമ്മയുടെ സംസാരവും എനർജിയുമാണ് തനിക്ക് കിട്ടിയതെന്ന് റിമി ടോമി പറയുകയും ചെയ്തു.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുക്തയും ഭർത്താവും റിമിയുടെ സഹോദരനുമായ റിങ്കുവും മകൾ കൺമണി എന്ന കിയാരയും വാഗമണ്ണിൽ ആണെന്ന് റിമി ആരാധകരെ അറിയിച്ചു. പൂക്കളമിട്ടും സദ്യ കഴിച്ചും റിമി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ രസകരമായ വിഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വിഡിയോ കണ്ടത്. ഓലക്കുട ചൂടിയും കേരള വേഷത്തിൽ തിളങ്ങിയും റിമി ടോമി പങ്കുവച്ച ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.