സംഗീതസംവിധായകൻ പി.എസ്.ജയഹരി വിവാഹിതനായി; പൂവണിഞ്ഞത് 6 വർഷത്തെ പ്രണയം
മധുരമൂറും ചിരിയാലെ മീനാക്ഷി പ്രിയസമ്മതം മൂളിയപ്പോൾ ജനപ്രിയ സംഗീത സംവിധായകൻ പി.എസ്.ജയഹരിക്ക് ഇത് പ്രണയ സാഫല്യം. ഹിറ്റ് സിനിമയായ അതിരന്റെ സംഗീത സംവിധായകനായ ജയഹരിയും മീനാക്ഷിയും ഇന്നലെ വിവാഹിതരായി. ഇരുവരുടെയും ആറുവർഷത്തെ പ്രണയമാണ് ഇന്നലെ പൂവണിഞ്ഞത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് പല തവണ മാറ്റി വയ്‌ക്കേണ്ടി വന്ന വിവാഹം ഇന്നലെ തിരുവനന്തപുരം അണ്ടൂർക്കോണം ത്രിജ്ജ്യോതിപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് നടത്തുകയായിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തിരുവനന്തപുരം സ്വദേശികളായ ബിജോയിയുടെയും നിഷയുടെയും മകളായ മീനാക്ഷി എംഎസ്‌സി കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ്. തിരുവനന്തപുരം കുമാരപുരത്ത് ശശിധരൻ നായരുടെയും പരേതയായ പ്രേമരാമേശ്വരിയുടെയും മകനാണ് പി എസ് ജയഹരി.
അതിരൻ കൂടാതെ ജിം ബൂം ബാ എന്ന ചിത്രവും കോവിഡ് കാരണം മുടങ്ങിക്കിടക്കുന്ന നിരവധി ചിത്രങ്ങളുടെയും, ജനപ്രിയ വെബ് സീരീസ് കരിക്ക്, അമല മ്യൂസിക് വിഡിയോ, നിരവധി ഇൻഡിപെൻഡൻഡ് ഗാനങ്ങൾ എന്നിവയുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.