അടുത്ത വർഷത്തെ ആഘോഷങ്ങൾക്ക് ഒരാൾ കൂടിയുണ്ടാകും; കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങി റിമിയും കുടുംബവും
വീട്ടിലേയ്ക്കു കുഞ്ഞതിഥിയെത്തുന്ന സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം റിമി ടോമി. സഹോദരി റീനു ഗർഭിണിയാണെന്നും അടുത്ത വർഷത്തെ ഓണാഘോഷത്തിന് വീട്ടിൽ ഒരാൾ കൂടിയുണ്ടാകുമെന്നുമുള്ള സന്തോഷം ഗായിക ആരാധകരെ അറിയിച്ചു.
കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വിഡിയോ റിമി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അമ്മ റാണിയെയും സഹോദരി റീനുവിനെയും സഹോദരീ ഭർത്താവ് രാജുവിനെയും റിമി ആരാധകർക്കായി പരിചയപ്പെടുത്തി. റീനുവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴാണ് കുടുംബം കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങുന്ന കാര്യം റിമി ടോമി അറിയിച്ചത്.
റിമിയുടെയും കുടുംബത്തിന്റെയും ഇത്തവണത്തെ ഓണാഘോഷം റീനുവിന്റെ വീട്ടിലായിരുന്നു. റീനുവിന്റെയും രാജുവിന്റെയും മകൻ കുട്ടാപ്പിയ്ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്. മുക്തയുടെയും ഭര്‍ത്താവും റിമിയുടെ സഹോദരനുമായ റിങ്കുവിന്റെയും മകൾ കൺമണി എന്ന കിയാരയുടെയും വിശേഷങ്ങൾ ഗായിക ആരാധകരെ അറിയിക്കാറുണ്ട്.