കൊച്ചുപ്രേമൻ അമ്മാവനാണോ? ആരാധകരെ അമ്പരപ്പിച്ച് അഭയ ഹിരൺമയിയുടെ പോസ്റ്റ്
ചലച്ചിത്ര താരവും തന്റെ അമ്മാവനുമായ കൊച്ചുപ്രേമനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. പ്രിയപ്പെട്ട അമ്മാവനെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പോടെയാണ് ഗായികയുടെ പോസ്റ്റ്. അഭയ പങ്കുവച്ച കുറിപ്പും ചിത്രവും കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കൊച്ചു പ്രേമൻ എന്നു വിളിക്കുന്ന കെ.എസ്.പ്രേംകുമാർ ഗായികയുടെ അമ്മാവനാണ് എന്ന കാര്യം തങ്ങൾക്ക് പുതിയ അറിവാണ് എന്നാണ് പലരുടെയും പ്രതികരണങ്ങൾ.
അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ കുറിപ്പ്:
‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൾ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും. ഞങ്ങള് പെണ്കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും... ഞങ്ങടെ "ഗിഫ്റ് ബോക്സ്" ആണ് മാമ്മൻ’
അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അമ്മാവനെയും മരുമകളെയും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ജനപ്രിയ വെബ്സീരീസിലെ ‘മാമനോട് ഒന്നും തോന്നല്ലെ മക്കളേ’ എന്ന ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
English Summary: Abhaya Hiranmayi's social media post about Kochu Preman