ഇടവേളയ്ക്കു ശേഷം കുടുംബാംഘോഷത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗായികയുടെ പോസ്റ്റ്. സാരിയിൽ അതിസുന്ദരിയായാണ് അഭയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. 

ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ എന്നു വിളിക്കുന്ന കെ.എസ്.പ്രേംകുമാറിന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇരുവരും പോയത്. കൊച്ചുപ്രേമൻ അമ്മാവനാണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയും കുറിപ്പിലൂടെയും അഭയ വ്യക്തമാക്കിയിരുന്നു. കോവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അഭയയും ഗോപി സുന്ദറും വധൂ–വരന്മാർക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അഭയയുടെ പോസ്റ്റിനു താഴെ നേഹ സക്സേന, കാവ്യ അജിത് തുടങ്ങി പ്രമുഖരുൾപ്പെടെ കമന്റുകളുമായെത്തിയിട്ടുമുണ്ട്. ‘മെയ്‌ഡ്‌ ഫോർ ഈച്ച് അദർ’ എന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും. ഗോപി സുന്ദറും അഭയയും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമ ലോകം ഏറ്റെടുക്കാറുണ്ട്. വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരെ അറിയിക്കാറുമുണ്ട്. അടുത്തകാലത്ത് മകൻ മാധവ് സുന്ദർ സംഗീത വഴിയിലേയ്ക്കു തിരിഞ്ഞതിന്റെ സന്തോഷം ഗോപി സുന്ദർ പങ്കുവച്ചിരുന്നു.