ഇത് ജോജുവിന്റെ സൂര്യപുത്രി; ഈ അച്ഛനെയും മകളെയും കണ്ണുവയ്ക്കല്ലേയെന്ന് ആരാധകർ
മകളുടെ പാട്ട് വിഡിയോ പങ്കുവച്ച് നടൻ ജോജു ജോർജ്. 1991–ല്‍ പുറത്തിറങ്ങിയ ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് പാത്തു എന്നു വിളിക്കുന്ന സാറ പാടിയത്. പ്രിയപ്പെട്ട പാത്തുവിന്റെ പാട്ട് ഏറെ ആസ്വദിച്ചു കേൾക്കുന്ന ജോജു, ഇടയ്ക്ക് മകൾക്കു വരികൾ തെറ്റിപ്പോകുമ്പോൾ പാടിക്കൊടുക്കുകയും പിന്നീട് ഇരുവരും ഒരുമിച്ചു പാടുകയും ചെയ്യുന്നുണ്ട്.
‘മൈ പാത്തു, ശ്രുതിയിടുമൊരു പെൺമനം’എന്ന അടിക്കുറിപ്പോടെയാണ് ജോജു മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രമുഖരുടെയുൾപ്പെടെയുള്ളവരുടെ കമന്റുകളുടെ നീണ്ട നിരയുമുണ്ട് വിഡിയോയ്ക്കു താഴെ.
ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, റിമ കല്ലിങ്കൽ, മണികണ്ഠൻ ആചാരി, രഞ്ജിനി ജോസ്, ഗ്രേസ് ആന്റണി, അപർണ ഗോപിനാഥ് തുടങ്ങിയവർ ജോജുവിനെയും പാത്തുവിനെയും പ്രശംസിച്ചു. അച്ഛനും മകളും വളരെ ക്യൂട്ട് ആണെന്നും ഇവരെ കണ്ണുവയ്ക്കല്ലേ എന്നുമാണ് ആസ്വാദകപക്ഷം.
ഇതിനു മുൻപും മകള്‍ക്കൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ ജോജു പങ്കുവച്ചിരുന്നു. പാത്തുവിന് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുമുണ്ട്. പാത്തുവിനെ കൂടാതെ അപ്പു, പപ്പു എന്ന വിളിപ്പേരുള്ള രണ്ട് ആൺമക്കള്‍ കൂടെ ജോജുവിനുണ്ട്. അവരുടെ പാട്ടുകളും താരം പോസ്റ്റ് ചെയ്യാറുണ്ട്.
English Summary: Joju George shares daughter singing video