എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അകാല വിയോഗത്തിൽ മനം നൊന്ത് തെന്നിന്ത്യൻ പൂങ്കുയിൽ എസ്. ജാനകി. അദ്ദേഹം അവസാനമായി പാടിയത് തനിയ്ക്കൊപ്പമാണെന്നും ആശുപത്രിയിലാകുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ് മൈസൂരിലെ തന്റെ വീട്ടിൽ വരികയും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയും ചെയ്തുവെന്നും ഇടറുന്ന സ്വരത്തിൽ എസ്. ജാനകി പറഞ്ഞു.  

‘ബാലസുബ്രഹ്മണ്യം അവസാനമായി പാടിയത് എനിക്കൊപ്പമാണ്. ആശുപത്രിയിൽ ആകുന്നതിന് ആഴ്ചകൾക്ക് മുൻപ് മൈസൂരിൽ എന്റെ വീട്ടിൽ വന്നു. മൈസൂരിൽ ഒരു സംഗീത പരിപാടി ഉണ്ടായിരുന്നു. വീട്ടിൽ നിന്നും ഉൗണ് കഴിച്ച് ഞങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കു പോയി, ഒരുമിച്ചു പാടി. ഞാനും അവനും പിന്നെ എങ്ങും പാടിയില്ല. പിന്നെ അവന് രോഗം ബാധിച്ച് ചികിത്സ തേടി. രോഗമുക്തനായി തിരികെ വരുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചു. അതിനായി പ്രാ‍ർഥിച്ചു. പക്ഷേ അവൻ പോയി. ബാലസുബ്രഹ്മണ്യത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’– സ്വരമിടറി എസ്.ജാനകി പറ‍ഞ്ഞു.

കൗമാര കാലത്ത് എസ് പി ബാലസുബ്രഹ്മണ്യം പങ്കെടുത്ത മത്സര പരിപാടിയിൽ സമ്മാനദാനം നിർവഹിക്കാൻ പോയ ജാനകി, അന്ന് ആ ഗായകനെ ശ്രദ്ധിക്കുകയും അനുകരണങ്ങളില്ലാത്ത ശൈലിയും ആലാപനവും ഏറെ ഇഷ്ടപ്പെട്ടുവെന്നു പറയുകയും ചെയ്തു. സിനിമയിൽ പാടിയാൽ പ്രശസ്തനാകുമെന്നും ഉയർന്ന തലത്തിലെത്തുമെന്നും പറഞ്ഞ് ഗായിക അന്ന് എസ്പിബിയെ ആശീർവദിച്ചു. ജാനകിയമ്മയുടെ ആ അംഗീകാരവും അനുഗ്രഹവും കൊണ്ടാണ് താൻ ഇപ്പോൾ ഒരു ഗായകനായി നിലനിൽക്കുന്നതെന്ന് പൊതുവേദികളിലുൾപ്പെടെ എത്രയോ ആവർത്തി എസ്പിബി പറഞ്ഞിട്ടുണ്ട്. 

എസ് ജാനകിയും എസ് പി ബാലസുബ്രഹ്മണ്യവും ചേർന്ന് നിരവധി ഹിറ്റുകൾക്കു സ്വരമായിട്ടുണ്ട്. ഇരുവരും തമ്മിൽ അഭേദ്യമായ ആത്മബന്ധവുമുണ്ട്. ഈയടുത്ത കാലത്ത് എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും അനുശോചന സന്ദേശങ്ങളും വ്യാപകമായപ്പോൾ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പടച്ചു വിടുന്നതിനോട് രൂക്ഷമായ ഭാഷയിലാണ് എസ്പിബി പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യരുതെന്നു പറഞ്ഞ് ഗായകൻ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. 

English Summary: S Janaki emotional talk about SPB