വല്ലാത്ത ഒരുന്മേഷമാണ് സാറേ ഭാസ്കരൻ മാഷിന്റെ ഈ പാട്ട്! ആ ഓർമകൾ ചുരമിറങ്ങുമ്പോൾ
ആകാശത്തു വിടർന്ന ചന്ദ്രബിംബം ഭൂമിയിലേക്കിറങ്ങി വന്നതുപോലെ അതീവ സുന്ദരിയായ അവൾ നടന്നടുക്കുമ്പോൾ സന്ധ്യയ്ക്ക് എന്തെന്നില്ലാത്ത ഒരു പകിട്ട്. ക്ഷേത്രദർശനം കഴിഞ്ഞുള്ള വരവാണ്. ആ മൃദുമേനി തഴുകിയെത്തുന്നതിനാലാവണം കാറ്റിനു പോലും ചന്ദനത്തിന്റെയും തുളസിയുടെയും മനംമയക്കുന്ന ഗന്ധം! ആൽച്ചുവട്ടിൽ അരികിലെത്തിയ അവളെ വരവേൽക്കാനായി ചില്ലകളിൽ ആലിലത്താളമുണർന്നു.
‘ഇത്തിരി പ്രസാദം തരുമോ?’ എന്തെങ്കിലുമൊന്നു ചോദിച്ചേ മതിയാവൂ എന്നുറപ്പിച്ച്, അടങ്ങാത്ത ആകാംക്ഷയോടെ ആ മുഖത്തേക്കു ഞാൻ നോക്കി. ചോദ്യം കേട്ട പാടേ അവൾ നടത്തം നിർത്തി കടക്കണ്ണാൽ ഒന്നുനോക്കി, പിന്നെ നാണത്താൽ കുതിർന്ന ആ മുഖം താഴ്ത്തിക്കളഞ്ഞു! മറുപടിക്കായി കാത്തുവെങ്കിലും കാൽനഖം കൊണ്ടു കളം വരച്ചു നിൽക്കുന്നതല്ലാതെ അവൾ ഒന്നുമുരിയാടിയില്ല. ദീപാരാധന കഴിഞ്ഞ് നടയടയ്ക്കാൻ പോവുകയാണ്. ആൽത്തറയിലെ വിളക്കുകളും അണഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ ആ അമ്പലക്കുളക്കരയിൽ ഈറൻ നിലാവും ഞങ്ങൾ രണ്ടാളും മാത്രം. ‘എന്തേ കുട്ടീ.. ഈ ലോകത്തെങ്ങുമല്ലേ? പ്രസാദം ചോദിച്ചിട്ട് തന്നില്ലല്ലോ!’ വീണ്ടുമുയർന്ന എന്റെ ചോദ്യത്തിനും അവളിൽ മിണ്ടാട്ടമില്ല. ‘ദേ നമ്മൾ മാത്രം ഇവിടെയിങ്ങനെ നിൽക്കുന്നത് നാട്ടാരു കണ്ടാൽ വല്ലതും തോന്നും..’ നിലത്ത് കാൽവിരൽ കൊണ്ടുള്ള അവളുടെ ചിത്രപ്പണി തുടരവേ അൽപം ആധിയിൽ ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു. എനിക്കുനേരേ മുഖമുയർത്തി നോക്കാൻ ഒരു പരിശ്രമം കൂടി അവളിലുണ്ടായി. പക്ഷേ, ലജ്ജാവിവശയായ അവൾ വീണ്ടും പരാജിതയായി...
‘കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ..’ സ്റ്റിയറിങ് വീലിൽ താളമിട്ടു കൊണ്ടുള്ള ഡ്രൈവറുടെ പാട്ട് ഉച്ചത്തിലായപ്പോൾ അവർ ഞെട്ടിയുണർന്നു. രാത്രിയിൽ വയനാടൻ ചുരമിറങ്ങുന്ന ആ ചരക്കുലോറിയിൽ ഡ്രൈവറെക്കൂടാതെ ഉണ്ടായിരുന്ന രണ്ടു പേരും നല്ല ഉറക്കത്തിലായിരുന്നു. കോഴിക്കോടിനുള്ള അവസാന ബസും പോയതോടെ കയറിപ്പറ്റിയതായിരുന്നു അവർ. ‘സാറുമ്മാര് ക്ഷമിക്കണം. ചുരമിറങ്ങുമ്പോൾ ഉറങ്ങിപ്പോകാതിരിക്കാൻ പാടുന്നതാ. വല്ലാത്ത ഒരുന്മേഷമാണ് സാറേ ഭാസ്കരൻ മാഷിന്റെ ഈ പാട്ട്...’ ക്ഷീണിച്ചുറങ്ങിയ സഹയാത്രികരെ ഉണർത്തിയതിന് പാവം ക്ഷമാപണം നടത്തി. ആ പാട്ടിനെയും പാട്ടുകാരനെയും എഴുത്തുകാരനെയുംപറ്റി പിന്നെയും അയാൾ വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. ക്യാബിനിൽ കിടന്നയാൾ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണെങ്കിലും സീറ്റിലിരുന്നയാൾ പിന്നെ ഉറങ്ങിയില്ല.
‘പാട്ടെഴുതിയ ഭാസ്കരൻ മാഷിനെ കണ്ടിട്ടുണ്ടോ?’ ഇടയ്ക്കെപ്പൊഴൊ ഉള്ള സഹയാത്രികന്റെ ചോദ്യത്തിന്, ഇല്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ കോഴിക്കോട്ടെത്തിയപ്പോൾ തങ്ങളെ സഹായിച്ച ഡ്രൈവർക്കു നന്ദി പറഞ്ഞ് കൂടെയിരുന്ന ആൾ ക്യാബിൻ സീറ്റിനു പിന്നിൽ കിടന്നയാളെ തട്ടിയുണർത്തി. പുറത്തിറങ്ങിയ ശേഷം ഒപ്പമിരുന്നയാൾ ഡ്രൈവറോട് അൽപം തമാശയിൽ പറഞ്ഞു: ‘ഡോ, തന്റെ ഉറക്കം കളയുന്ന ആ പാട്ടെഴുത്തുകാരനെ താൻ കണ്ടിട്ടില്ലെന്നല്ലേ പറഞ്ഞത്. ദേ ഇതാണ് ആ കക്ഷി!’ ഡ്രൈവർ അന്ധാളിച്ചു നിൽക്കെ പരിചയപ്പെടുത്തിയ ആൾ തുടർന്നു: ‘ഞാൻ ശോഭനാ പരമേശ്വരൻ നായർ’.
‘പൂർണേന്ദു മുഖിയോടമ്പലത്തിൽവച്ചു
പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു.
കൺമണിയതു കേട്ടു നാണിച്ചു നാണിച്ചു
കാൽനഖം കൊണ്ടൊരു വര വരച്ചു...’
എത്ര തവണയാണ് കേട്ടിരുന്നു പോയിട്ടുള്ളത്. ഓരോ തവണയും കേൾവിയുടെ മധുരമണ്ഡലങ്ങളിൽ എന്തു പുതുമയാണ് ആ വരികൾക്ക്! ഭാവസാന്ദ്രമായ ആലാപനത്തിൽ ഗ്രാമ്യസൗന്ദര്യത്തിന്റെ തുളസിക്കതിരണിഞ്ഞ ശാലീനത കണ്മുന്നിൽ ഒരു കാഴ്ചവിരുന്നാവുകയല്ലേ.
പദലാളിത്യത്തിന്റെ കനകശോഭയുമായി മലയാളത്തെ സമ്പുഷ്ടമാക്കിയ മഞ്ഞണിപ്പൂനിലാവിന്റെ മഹാകവി പി. ഭാസ്കരൻ മാഷിന് വരികൾ കുറിക്കാൻ എന്താണു വിഷയമല്ലാത്തത്? 1970ൽ പുറത്തിറങ്ങിയ ‘കുരുക്ഷേത്രം’ എന്ന സത്യൻ ചിത്രത്തിനു വേണ്ടി നിമിഷങ്ങൾകൊണ്ടു മെനഞ്ഞതാണ് ഈ വരികൾ. ഭാസ്കരൻ മാഷ് തന്നെയായിരുന്നു സിനിമയുടെ സംവിധായകൻ. മലയാള ഗാനശാഖയ്ക്ക് സ്വന്തമായ ഒരു ഈണവും താളവും പകർന്നേകിയ രാഘവൻ മാഷാണ് തികച്ചും ഗ്രാമീണ ശൈലിയിൽ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എത്ര മനോഹരമായൊരു ആഖ്യാനമാണ് ആസ്വാദക ഹൃദയങ്ങളിലേക്കു ഭാസ്കരൻ മാഷ് വച്ചുനീട്ടുന്നത്. ഗൃഹാതുരത്വമുണർത്തുന്ന വരികളാൽ നാട്ടുനന്മയുടെ പ്രസാദമണിഞ്ഞ കലർപ്പില്ലാത്ത ഒരു സൗന്ദര്യംതന്നെയല്ലേ കേൾവിക്കാരന്റെ ഹൃദയത്തിലേക്കു നട തൊഴുത് നടന്നടുക്കുന്നത്!
പൂർണേന്ദുമുഖി- ആ വിശേഷണത്തിൽത്തന്നെ വീണു പരക്കുന്ന ഒരു ഈറൻ നിലാവിനെ ആർക്കാണു കാണാൻ കഴിയാത്തത്! വാഗ്ഭംഗികൾകൊണ്ട് പതിറ്റാണ്ടുകളോളം കാവ്യകൈരളിക്കു നടനചാരുത പകർന്ന കവിക്ക് നാട്യങ്ങളില്ലാത്ത നാട്ടഴകിനെ കണ്മുന്നിലെത്തിക്കാൻ ഇതിൽക്കൂടുതൽ വിശേഷണമെന്തിന്? സർഗാത്മകതയുടെ കയ്യൊപ്പു പതിഞ്ഞ ആ വരച്ചുചേർക്കലുകളിൽ എത്ര ഭംഗിയിലാണ് അമ്പലവും ആൽത്തറയും ആരാധനയുമൊക്കെയായി ലയിച്ചുപടർന്ന ഒരു പശ്ചാത്തലം തെളിഞ്ഞു വരുന്നത്.
ഒരു പ്രണയത്തിലേക്കു നീളുന്ന ആദ്യ ചുവടുവയ്പ് ഇത്ര തരളമായി മറ്റെവിടെയാണ് അവതരിപ്പിച്ചിരിക്കുന്നത്! പ്രണയം തുറന്നുപറയാൻ വെമ്പുന്ന യുവഹൃദയങ്ങളുടെ മനോവ്യാപാരത്തിലൂടെ കേൾവിക്കാരനും ഒന്നു പ്രദക്ഷിണം വയ്ക്കുന്നു. നാണത്തിന്റെ നാട്ടുഭംഗി ആ കാൽനഖത്താൽ കളം വരച്ചുണരുമ്പോൾ പി. ഭാസ്കരനെന്ന പേര് മലയാളത്തിന്റെ ഹൃദയഭിത്തികളിൽ എങ്ങനെയാണ് ഇടംപിടിച്ചതെന്നതിന് മറ്റൊരു സാക്ഷ്യം കൂടിയായി.
കൈമുതലായുള്ള കാമുകഭാവത്തെ പദാനുപദം ചേർത്തുവച്ച് പി. ജയചന്ദ്രൻ എന്ന ഭാവഗായകൻ ഏതു സ്വപ്നലോകത്തേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ‘നീലക്കുയിലി’ലൂടെ സംഗീത സംവിധാന രംഗത്തേക്കു കടന്നുവന്ന രാഘവൻ മാഷിന്റെ ഈണത്തിന് ഭാവഗായകൻ ആദ്യമായാണ് സ്വരം പകരുന്നത്. ഒരു കൗമാരക്കാരന്റെ ഹൃദയഭാഷയെ ശ്രുതിയിലുണർത്താൻ ജയചന്ദ്രനെ ആരും പഠിപ്പിക്കേണ്ടതില്ല. തന്റെ സങ്കൽപത്തിനൊത്ത് രാഗ- ഭാവങ്ങളെ വരികളിൽ പ്രതിഫലിപ്പിക്കാൻ ജയചന്ദ്രന് പൂർണമായി കഴിഞ്ഞിരുന്നുവെന്ന് മാഷു തന്നെ പിന്നീട് പലവട്ടം പറയുകയും ചെയ്തിരുന്നു. ആരാധന തീർന്നു നടയടച്ചതും ആൽത്തറ വിളക്കുകൾ കണ്ണടച്ചതും വഴിയിൽ ആളുകളൊഴിഞ്ഞതും തന്മയത്വത്തിന്റെ ഭാവചാരുതയിൽ പറഞ്ഞൊപ്പിക്കുമ്പോൾ ആ എഴുത്തഴകിനെയും കൗമാരം കിനിയുന്ന സ്വരമാധുരിയേയും മലയാളം തികഞ്ഞ ആവേശത്തോടെയല്ലേ നെഞ്ചേറ്റിയത്.
‘ചന്ദനം നൽകാത്ത ചാരുമുഖീ നിൻ മനം പാറുന്നതേതുലോകം?’ കാൽനഖത്താൽ വരയുന്ന നാണത്തിന്റെ ശീലുമായി ആ യൗവനാംഗി ഏതോ സ്വപ്ന ലോകത്താണ്! ആകാംക്ഷ മുറ്റിയ പ്രണയാർഥിയുടെ നെഞ്ചിൽ രാവേറുന്നതിന്റെ ആധിയും! പ്രതീക്ഷ കൈവിടാതെ അവളുടെ മറുപടിക്കായി വീണ്ടും ചോദ്യമെറിയുന്ന അവനിലെ നിയതഭാവത്തിന് എത്ര അനുയോജ്യമായാണ് ആലാപനം. ‘നാമിരുപേരും തനിച്ചിങ്ങു നിൽക്കുകിൽ നാട്ടുകാർ കാണുമ്പോൾ എന്തു തോന്നും...’ ഭാസ്കരൻ മാഷിന് ഭാസുരമായൊരു സാംസ്കാരികതയെപ്പറ്റി നന്നായറിയാം. അപശ്രുതികളെ ഭയക്കുന്ന നിഷ്കളങ്ക ഹൃദയത്തെ തുറന്നുകാട്ടി ചരണത്തിനു കൂടുതൽ ചാരുതയേകാനായിരുന്നു ആ തൂലികയുടെ ശ്രമം. മാഷിന്റെ വരികൾതന്നെ ആലപിച്ച് സിനിമയിലേക്കു വന്ന ഗായകൻ വേണ്ടുവോളം ഭാവം പകർന്ന്, ആ ശ്രമത്തിന് പൂർണ പിന്തുണയും നല്കി.
അധികം സംഗീതോപകരണങ്ങളുടെ ആർഭാടമൊന്നും ഈ ഗാനം ചിട്ടപ്പെടുത്താൻ രാഘവൻമാഷ് ഉപയോഗിച്ചിട്ടില്ല. ഓര്‍ക്കസ്ട്രയുടെ ശബ്ദകോലോഹലം ഗാനത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് അതിന്റെ കാവ്യഭംഗി നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുമെന്ന വാദക്കാരനാണ് അദ്ദേഹം. ഭാസ്കരൻ മാഷിലൂടെ സിനിമയിലെത്തിയ രാഘവൻ മാഷിന്റെ ഈണത്തിൽ പിറന്ന ഹിറ്റുകളൊക്കെയും ഇക്കാര്യം ശരിവയ്ക്കുന്നവയുമാണ്. മാത്രമല്ല ഒരു രാഗത്തെ മുൻനിർത്തിയുള്ള ചിട്ടപ്പെടുത്തലുമായിരുന്നില്ല അദ്ദേഹത്തിന്റെ ശൈലി. ‘വരികൾ പാടി നോക്കി യോജിക്കുന്ന ഒരു ഈണമങ്ങുകൊടുക്കും. പലപ്പോഴും അത് മോഹനമോ കാപ്പി രാഗമോ ആവും.’ രാഗത്തെപ്പറ്റി ചോദിച്ചാൽ ഒരു തലമുറയുടെ ഈണമായ സംഗീത ലോകത്തെ ഏകാന്തപഥികന്റെ നിഷ്കളങ്കമായ മറുപടി!
പാട്ടിങ്ങനെ കേൾവിക്കാരനെയും കൂട്ടി അമ്പലക്കുളങ്ങരെ അമ്പിളി വിരിച്ച ഈറൻ നിലാവിലേക്കു നീങ്ങുമ്പോൾ കാഴ്ചകൾക്കും കൈവരുകയാണ് വല്ലാത്ത ഒരു ചെറുപ്പം. പി. ഭാസ്കരൻ - കെ. രാഘവൻ കൂട്ടുകെട്ട് അങ്ങനെ എത്ര തലമുറകളുടെ കണ്ണുകളിൽ കനം തൂങ്ങിയ ഉറക്കത്തെ ആട്ടിപ്പായിച്ചിട്ടുണ്ടാവും.
അതെ, ഓർമകളിങ്ങനെ വളയം പിടിച്ച് ചുരമിറങ്ങുമ്പോൾ ഉള്ളിന്റെയുള്ളിൽ താളമിട്ടുണരുകയല്ലേ ഹൃദയരാഗങ്ങളുടെ ഒരു നീണ്ട നിര...