'എന്തെടേ, ഈ കടേൽ ഇനി എന്തെങ്കിലും ബാക്കി കാണുവോ?' ഗുരുവായൂർ കിഴക്കേനടയിലെ ഓഡിയോ ഷോപ്പിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ വഴിയടഞ്ഞു നിൽക്കുന്ന വ്യക്തിയെ തിരിച്ചറിയാതിരിക്കുന്നതെങ്ങനെ? കയ്യിലിരുന്ന കാസറ്റുകളുടെ കൂമ്പാരം അദ്ദേഹം ഓരോന്നായി പരിശോധിച്ചു. കൂട്ടത്തിൽ ചേരാതെനിന്ന ഒന്നിനെ മറിച്ചും

'എന്തെടേ, ഈ കടേൽ ഇനി എന്തെങ്കിലും ബാക്കി കാണുവോ?' ഗുരുവായൂർ കിഴക്കേനടയിലെ ഓഡിയോ ഷോപ്പിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ വഴിയടഞ്ഞു നിൽക്കുന്ന വ്യക്തിയെ തിരിച്ചറിയാതിരിക്കുന്നതെങ്ങനെ? കയ്യിലിരുന്ന കാസറ്റുകളുടെ കൂമ്പാരം അദ്ദേഹം ഓരോന്നായി പരിശോധിച്ചു. കൂട്ടത്തിൽ ചേരാതെനിന്ന ഒന്നിനെ മറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'എന്തെടേ, ഈ കടേൽ ഇനി എന്തെങ്കിലും ബാക്കി കാണുവോ?' ഗുരുവായൂർ കിഴക്കേനടയിലെ ഓഡിയോ ഷോപ്പിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ വഴിയടഞ്ഞു നിൽക്കുന്ന വ്യക്തിയെ തിരിച്ചറിയാതിരിക്കുന്നതെങ്ങനെ? കയ്യിലിരുന്ന കാസറ്റുകളുടെ കൂമ്പാരം അദ്ദേഹം ഓരോന്നായി പരിശോധിച്ചു. കൂട്ടത്തിൽ ചേരാതെനിന്ന ഒന്നിനെ മറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'എന്തെടേ, ഈ കടേൽ ഇനി എന്തെങ്കിലും ബാക്കി കാണുവോ?'

 

ADVERTISEMENT

ഗുരുവായൂർ കിഴക്കേനടയിലെ ഓഡിയോ ഷോപ്പിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ വഴിയടഞ്ഞു നിൽക്കുന്ന വ്യക്തിയെ  തിരിച്ചറിയാതിരിക്കുന്നതെങ്ങനെ? കയ്യിലിരുന്ന കാസറ്റുകളുടെ കൂമ്പാരം അദ്ദേഹം ഓരോന്നായി പരിശോധിച്ചു. കൂട്ടത്തിൽ ചേരാതെനിന്ന ഒന്നിനെ  മറിച്ചും തിരിച്ചും നോക്കി. 'കൊള്ളാം, കുമാർ ഗന്ധർവനുമുണ്ടല്ലോ ?'

 

കവറിനു പുറകിൽ അച്ചടിച്ചിട്ടുള്ള രാഗങ്ങളുടെ  പേരുകളും അദ്ദേഹം വായിച്ചു,

 

ADVERTISEMENT

'മുൾത്താനി, നായകി കാനഡ.'

 

'ഇതെപ്പഴും കിട്ടുന്ന മൊതലല്ല, ഒരെണ്ണം എനിക്കും വേണം.'

 

ADVERTISEMENT

അദ്ദേഹം ഷോപ്പിൽ കയറി, പിന്നാലെ ഞാനും. പക്ഷേ കുമാർ ഗന്ധർവയെ കിട്ടിയില്ല. അതിനു പകരമായി ഞാൻ തൊട്ടുകാണിച്ച മല്ലികാർജുൻ മൻസൂറിനെ അദ്ദേഹം വാങ്ങാൻ തയ്യാറായതിൽ വലിയ സന്തോഷമുണ്ടായി. അവിടെ നിരത്തിവച്ചിരുന്ന കാസറ്റുകളിലൂടെ അദ്ദേഹം പിന്നെയും മുന്നോട്ടുനീങ്ങി.

 

'ഇതൊരു ഗോഡൗണാണല്ലോ. നമ്മുടെ നാട്ടിലെ പാട്ടുകാരന്മാർ ഇതു വല്ലതും കാണുന്നുണ്ടോ?'

 

അദ്ദേഹം ഉള്ളിൽത്തട്ടി പറഞ്ഞ വാക്കുകളിൽ, കടയിലെ നിത്യസന്ദർശകനായ ഞാനും ആവേശം കൊണ്ടു. പൈസ തികയാഞ്ഞതിനാൽ ഞാൻ വാങ്ങാതെവിട്ട ചില കച്ചേരിക്കാസറ്റുകൾ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. 'പളനി, നീലമണി, ചാരുമുഖി, രുദ്രപ്രിയ, സൂര്യ, വരം' തുടങ്ങിയ രാഗനാമങ്ങൾ അദ്ദേഹത്തിൽ കൗതുകമുണർത്തി. അവയെല്ലാം പെറുക്കിയെടുക്കുന്ന കൂട്ടത്തിൽ ഇങ്ങനെയും പറഞ്ഞു,

 

'ഷണ്മുഖപ്രിയയെ ചാമരം എന്നു വിളിക്കുന്നതുപോലെ ഈ രാഗങ്ങൾക്കും വേറെ വല്ല പേരുണ്ടാകും. കേട്ടുനോക്കിയാലേ കള്ളത്തരം മനസ്സിലാവൂ.

 

ഗുരുവായൂരിൽ രവീന്ദ്രൻ മാസ്റ്റർ തനിച്ചായിരുന്നു. തൊഴുതുവരുന്ന വരവായതിനാൽ മനസ്സിലെ ശാന്തത പുറമേ പ്രകടമായി. കളഭം നെറ്റിയിൽ മാത്രമല്ല ഹൃദയത്തിലും അണിഞ്ഞിരുന്നു. അതിലൂടെ അകവും പുറവും ഒരുപോലെ സുഗന്ധപൂരിതമായി. പക്ഷേ ഞാൻ ലേശം അസ്വസ്ഥനായിരുന്നു. അതിനു കാരണം മറ്റൊന്നല്ല, 'കമലദളവും രാജശില്പിയും ചമ്പക്കുളം തച്ചനും'  ഹിറ്റടിച്ചു നിൽക്കുന്ന സമയമായിട്ടുകൂടി രവീന്ദ്രൻ മാസ്റ്ററെ അവിടെയെങ്ങും ഒരാളും  തിരിച്ചറിയുന്നില്ല, പിടിച്ചുനിർത്തി സ്നേഹാദരങ്ങളോടെ കുശലം ചോദിക്കുന്നില്ല. ഇതെന്തു തരം മാനസികാവസ്ഥ! ഒരു പിടിയും കിട്ടാതെ ഞാൻ വിഷമിച്ചു. ഉള്ളിൽ ഊറിയ നീരസം വെളിയിൽ വന്നുപോയി. അനുബന്ധമായി അദ്ദേഹവും നല്ല മൂർച്ചയോടെ പ്രതികരിച്ചു. ആദ്യത്തെ ഏതാനും വാക്യങ്ങൾ ക്ഷേത്രപരിസരത്തെ പാവനതയ്ക്കു ചേർന്നതായിരുന്നില്ല. ആ വിവേകമുണ്ടായപ്പോൾ ഭാഷ ഇത്തിരി മയപ്പെട്ടു. 

 

'മലയാളികൾ എപ്പഴും ഇങ്ങനെയൊക്കെയല്ലേ ? പരമവീരചക്രം വാങ്ങിച്ചോണ്ടുചെന്നാലും വകവെച്ചു തരില്ല. എന്നാലോ അപ്പിയിട്ടിടത്തെല്ലാം പോയി നോക്കുകേം ചെയ്യും! എത്ര കാലമായി ഞാൻ അനുഭവിക്കുന്നതാ. കള,  ഇതൊക്കെ ആലോചിച്ചു തൊടങ്ങിയാ നല്ലൊരു മെലഡിപോലും കിട്ടില്ല.'

 

രവീന്ദ്രൻ മാസ്റ്റർ തിടുക്കത്തിൽ മുന്നോട്ടുനടന്നു, ഞാനും പിന്നാലെ വച്ചുപിടിച്ചു. 'ഇതൊരു സുവർണാവസരം. ഉപേക്ഷിച്ചുകളഞ്ഞാൽ പിന്നീടു  പശ്ചാത്താപം  വരും.'  മനസുതന്ന മുന്നറിയിപ്പിനെ ഞാൻ അതുപോലെ സ്വീകരിച്ചു. അനുവാദം ചോദിക്കാൻ നിന്നില്ല. പല സ്ഥലത്തു നിന്നും ഇറക്കിവിട്ടതും ആട്ടിപ്പായിച്ചതുമായ അനുഭവങ്ങൾ പഴയ ഡയറിത്താളുകളിൽ പല്ലിളിച്ചു കിടക്കുന്നുണ്ട്. എന്തായാലും ഇത്തവണ അങ്ങനെ സംഭവിക്കില്ല, തീർച്ച. എവിടുന്നോ ആത്മവിശ്വാസം കിട്ടി.

 

അതിഥിമന്ദിരത്തിലെ മുറിയിൽ ചെന്നുകയറിയതും മാസ്റ്റർ കാസറ്റുകൾ മേശമേൽവച്ചു, പിന്നെ കട്ടിലിൽ കുറുകേ കിടന്നു. കാലുകൾ നിലംതൊട്ടുനിന്നു. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം മേശപ്പുറത്തിരുന്ന 'നാഷണൽ' കമ്പനിയുടെ ചെറിയ പ്ലെയറിൽ പുതുതായി വാങ്ങിക്കൊണ്ടുവന്ന കാസറ്റുകൾ ഞാൻ മാറ്റിമാറ്റിയിട്ടു. അതൊക്കെ പണ്ടേ കേട്ടതായതുകൊണ്ടാകാം ഒന്നും മുഴുവനാക്കാനുള്ള ക്ഷമ മാസ്റ്റർ കാണിച്ചില്ല. പല്ലവി കേട്ടുകഴിയുമ്പോഴേ അടുത്ത പാട്ടിലേക്കുപോകാൻ നിർദേശിക്കും. അതിനിടെ ഓരോ രാഗത്തെപ്പറ്റിയും അതിൽ നിർമിച്ച പാട്ടുകളെപ്പറ്റിയും പ്രയോഗിച്ച പരീക്ഷണങ്ങളെപ്പറ്റിയും ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ, എനിക്കുവേണ്ടതായ സാമഗ്രികൾ ചോദിക്കാതെതന്നെ  വേണ്ടുവോളം കിട്ടി. വർത്തമാനം ഇത്തരത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വട്ടംചുറ്റിനിന്നപ്പോൾ ദീർഘകാലമായി ചോദിക്കാൻ എടുത്തുവച്ച ഒരു ചോദ്യം മനസ്സിൽ ഉയർന്നുവന്നു. മടിയില്ലാതെ  നേരേ  ചോദിച്ചു, 'സംഗീത അക്കാദമിയിൽ വലിയ ഗുരുനാഥന്മാരുടെ കീഴിൽ കർണാടകസംഗീതം പഠിച്ചയാളാണല്ലോ മാസ്റ്റർ. ഇക്കാര്യമൊക്കെ എല്ലാവർക്കും അറിയാം. ഈണംകൊടുത്ത പാട്ടുകളെല്ലാം രാഗാധിഷ്ഠിതമാകാൻ ഇതല്ലാതെ വേറെ എന്തെങ്കിലും കാരണം പറയാനുണ്ടോ മാഷേ?'

 

ചോദ്യം കേട്ടതും രവീന്ദ്രൻ മാസ്റ്ററുടെ ഭാവം പെട്ടെന്നു മാറി. ചിരി മങ്ങി. മുഖം പരുക്കനായി. ഓർക്കാൻ താല്പര്യമില്ലാതിരുന്ന ഏതോ ഓർമകളെ വലിച്ചു പുറത്തിട്ടോ എന്നൊരു പേടി എന്നിലുമുണ്ടായി.

 

‘നിങ്ങളെല്ലാരും എങ്ങനെ കണ്ടാലും എനിക്കു വിരോധമില്ല. പക്ഷേ  ഞാനുണ്ടാക്കുന്ന പാട്ടുകൾ വെറും സിനിമാപ്പാട്ടല്ല. അക്കാര്യം എനിക്കു ബോധ്യമുണ്ട്. ഒരു സിനിമയിലെ നാലോ അഞ്ചോ പാട്ടുകൾ ചേർത്തെടുക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അതൊരു കച്ചേരിയാ. ഞാൻ പാടിയാലും ദാസേട്ടൻ പാടിയാലും വേറെ ആരു  പാടിയാലും എനിക്ക് അതൊരു കച്ചേരിയാ. ഒരു കച്ചേരിക്കു വേണ്ടതായ മുഴുവൻ ഐറ്റങ്ങളും അതിൽ ഞാൻ കൊണ്ടുവരും. ഞാനിത്  വിളിച്ചുപറഞ്ഞു നടന്നിട്ടില്ല, വിവരമുള്ളവർക്ക് മനസിലാകും. മനസിലായിട്ടുണ്ട്.’

 

അദ്ദേഹം ഏതോ ഓർമയിലേക്കു കയറിപ്പോയി, കുറച്ചുനേരം അതിൽ തങ്ങിനിന്നു, സാവധാനം തിരിച്ചുവന്നു. പിന്നെ, പൊട്ടിയതും  മുറിഞ്ഞതുമായ വാക്കുകളിൽ സിനിമയിൽ വരുന്നതിനു മുമ്പുള്ള കാലത്തെ ഒരു ചെറിയ കഥ പറഞ്ഞു. അതിലെ മുഖ്യ കഥാപാത്രം രവീന്ദ്രൻ മാസ്റ്ററല്ല, കുളത്തൂപ്പുഴ രവി.  വർണനകളെ പാടേ ഒഴിവാക്കി അക്കഥ നേരേ പകർത്തിവയ്ക്കട്ടെ.

 

കർണാടകസംഗീതം പഠിച്ചുകൊണ്ടിരുന്ന കാലത്തൊക്കെ കെ.ജെ. യേശുദാസിനെപ്പോലെ ധാരാളം ആരാധകരുള്ള ഒരു സംഗീതജ്ഞനാകാൻ കുളത്തൂപ്പുഴക്കാരൻ രവി കൊതിച്ചിരുന്നു. കഴിവില്ലാഞ്ഞിട്ടല്ല, ആത്മവിശ്വാസവും ഉണ്ടായിരുന്നു, നല്ല ഘനശാരീരവും. പക്ഷേ  തലവര ശരിയായില്ല. ബാലമുരളിയും മദുരൈ ശേഷഗോപാലനും നെയ്യാറ്റിൻകര വാസുദേവനും ജി.എസ്. മണിയും മറ്റും സഭകളിൽ പാടിത്തകർക്കുന്നതു കാണുമ്പോൾ രവിയുടെ നെഞ്ചിൽ ഭാരം വർധിക്കും. ഇങ്ങനെ നിരാശപ്പെട്ടു നടക്കുന്നതിനിടെ ഒരു ദിവസം ശെമ്മങ്കുടി ശ്രീനിവാസയ്യരെ മദ്രാസിലെ മ്യൂസിക് അക്കാദമിയിൽവച്ചു കാണാനിടയായി. ഉള്ളിലെ ദാഹം ഗുരുവിനെ അറിയിച്ചപ്പോൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഏതെങ്കിലും സഭയിൽ പാടാൻ അവസരം ഒരുക്കിത്തരാമെന്നും ഏറ്റു. അതില്പരം സന്തോഷം വല്ലതുമുണ്ടോ ?

 

പിറ്റേവാരം ശെമ്മങ്കുടിസ്വാമി നൽകിയ കത്തുമായി കുളത്തൂപ്പുഴ രവി മദിരാശിയിലെ ഒരു പ്രധാന സംഗീതസഭയുടെ രക്ഷാധികാരിയെ കണ്ടു. കത്തു വായിച്ച രാമമൂർത്തി രവിയെ അടിമുടി നോക്കി, നമ്പൂതിരിയോ അയ്യരോ അയ്യങ്കാരോ അല്ല എന്ന വസ്തുത ക്ഷണത്തിൽ ഉറപ്പിച്ചു. അപ്പോൾ പിന്നെ അവസരം കൊടുത്തു വളർത്തേണ്ട ബാധ്യതയില്ലല്ലോ! എങ്കിലും സ്വാമിയുടെ ശുപാർശ തള്ളിക്കളയാനുള്ള ധൈര്യമൊട്ടില്ലതാനും. നാലുനാൾ കഴിഞ്ഞുവരാൻ  പറഞ്ഞപ്പോൾ  രവിയിൽ ചെറിയ പ്രതീക്ഷയുണ്ടായി. കൃത്യദിവസം കാലത്തേ ഹാജരായി. ചില രാഗങ്ങൾ പാടിക്കേൾപ്പിക്കാൻ മൂർത്തി ആവശ്യപ്പെട്ടു. കഴിവതും വൃത്തിയായിത്തന്നെ പാടിക്കൊടുത്തു. പക്ഷേ ഒന്നും ബോധിച്ചില്ല. 'രാഗാലാപനം അവരുടെ പോലെയായില്ല സ്വരവിസ്താരം ഇവരുടെപോലെ ഒത്തില്ല' എന്നൊക്കെ വിമർശിച്ചു. രവി ക്ഷമയോടെ കേട്ടിരുന്നു. കൂടുതൽ നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇങ്ങനെ വരവും പോക്കും പാട്ടും പാടിക്കലുമൊക്കെയായി  മൂന്നു  മാസങ്ങൾ കടന്നുപോയി. 

 

ഒരു ദിവസം കയറിച്ചെന്നപാടേ രാമമൂർത്തിയുടെ ചോദ്യം,

 

‘ഡേ റവീ, വയലിൻ വാശിക്കരതിലെ യാരെ ഉനക്ക് റൊമ്പ പിടിക്കും?’

 

അല്പം കാത്തിരിക്കേണ്ടി വന്നാലെന്താ, സംഗതി ഇത്രത്തോളം എത്തിയല്ലോ എന്ന ആഹ്ലാദത്തോടെ രവി വിനയപൂർവം പറഞ്ഞു,

 

'ലാൽഗുഡി ജയരാമൻ സാറിനെ കിട്ടിയാൽ നന്നായിരിക്കും.'

 

‘അപ്പടിനാ, മൃദംഗത്തില്?’

 

'പാലക്കാട് രഘു സാറിനെയോ ഉമയാൾപുരം സാറിനെയോ കിട്ടുമോ?  മൂർത്തിസാർ വിചാരിച്ചാൽ ആരെയാ കിട്ടാത്തെ?'

 

ഒന്നു പൊക്കിവിട്ടതാണെങ്കിലും മൂർത്തി രസിച്ചുകേട്ടു.

 

‘സരി, പാർക്കലാം. കച്ചേരിക്കാന ഡേറ്റ് ഫിക്സ് പണ്ണിയാച്ച്. അടുത്ത ‌മാസത്തില രണ്ടാവത് ശനി. അന്നേക്ക് നവമി. നീ നോട്ട് പണ്ണിക്കോ. റൈറ്റ് ടൈമിക്ക് വന്തിര്.’

 

കോടി ഉറുപ്പിക ലോട്ടറിയടിച്ചതുപോലെ രവി ചാടിത്തുള്ളി. 'സംഗതി പരമ രഹസ്യമായിരിക്കണം. എല്ലാടത്തും അസൂയക്കാരാ. ഒറ്റ ഒരുത്തനേം വിശ്വസിക്കാൻ പാടില്ല. എതിലേ വേണമെങ്കിലും പാര വരാം.' രവി മനസ്സിൽ പറഞ്ഞു. കറക്കങ്ങൾ നിർത്തിവച്ചു. അസുരസാധകം തുടങ്ങി. പാടേണ്ട കൃതികൾ നിശ്ചയിച്ചു.  മദിരാശിയല്ലേ, കേൾക്കാൻ വിദ്വാന്മാരുണ്ടാകും. മുഖ്യരാഗം ഭൈരവി മതി. സാഹചര്യം അനുകൂലമാകുമെങ്കിൽ രാഗം താനം പല്ലവിയും അവതരിപ്പിക്കണം. ഇങ്ങനെ നൂറു പദ്ധതികൾ തയ്യാറാക്കി രവി കാത്തിരുന്നു.

 

കച്ചേരിദിവസം കസവു വേഷ്ടിയും വെളുത്ത ജൂബയും ചന്ദനക്കുറിയും ധരിച്ചുനിന്നപ്പോൾ  ഒരസൽ ഭഗവതരായി രവിക്കു സ്വയം തോന്നി. കയ്യിൽ കൂറ  ഇല്ലാതിരുന്നിട്ടും കാർ വിളിച്ചു. ഹാളിനുമുന്നിൽ ചെന്നിറങ്ങിയപ്പോഴേ ആൾക്കൂട്ടം കണ്ടു. അകത്തു കയറി രാമമൂർത്തിയെ നന്ദിപൂർവം തൊഴുതു. കച്ചേരി കേൾക്കാൻ പേരെടുത്ത വിദ്വാന്മാർ വന്നുചേരുന്നുണ്ട്. പിരിമുറുക്കം കാരണം ആരെയും മുഖമുയർത്തി നോക്കിയില്ല. വൈകാതെ കലാകാരന്മാരെ വേദിയിലേക്കു വിളിച്ചുകൊണ്ടുള്ള അറിയിപ്പു മുഴങ്ങി - വയലിൻ ലാൽഗുഡി ജയരാമൻ, മൃദംഗം പാലക്കാട് രഘു. വോക്കലിസ്റ്റിന്റെ പേരു കേട്ടതും രവി തകർന്നടിഞ്ഞുപോയി, വർഷങ്ങൾക്കു മുമ്പേ മദിരാശിയിൽ ചേക്കേറിയ ഒരു മലയാളത്താൻ! കലാകാരന്മാർ എല്ലാവരും കൂപ്പുകൈകളോടെ വേദിയിൽ വന്നിരുന്നു. അതുകണ്ട രവിയുടെ മുണ്ടും ജൂബയും വിയർപ്പിൽ കുതിർന്നു. ചന്ദനം ഒലിച്ചുപോയി. കണ്ണിൽ ഇരുട്ടുകയറി. അപ്പോൾ അടുത്തിരുന്ന  രാമമൂർത്തി തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു,

 

‘ഡേ റവീ,  അങ്കെ പാര്. നീ ശൊന്ന എല്ലാരെയും നാൻ അഴച്ചുണ്ട് വന്തിരിക്കേൻ.നല്ലാ കേട്ടുക്കോ. കേട്ട് പടിച്ചിക്കോ.’ 

 

വലിയ വിദ്വാന്മാരുടെ കച്ചേരിയായിട്ടും അവിടെയിരിക്കാൻ അഭിമാനം സമ്മതിച്ചില്ല, ഇറങ്ങിപ്പോന്നു. ഇനിയും പരിഹസിക്കപ്പെടാൻ ഇടയായിക്കൂടാ എന്ന ചിന്തയിൽ അപമാനം എല്ലാവരിൽനിന്നും മറച്ചുവച്ചു. അതിൽപ്പിന്നെ ഒരിക്കൽപോലും മദിരാശിയിലെ സഭകളിൽ പാടാൻ അവസരംതേടി ഒരു വാതിലിലും രവി മുട്ടിയില്ല. കിട്ടിയ അവസരങ്ങൾ വേണ്ടെന്നു വച്ചതുമില്ല.

 

ചിന്തകളിൽനിന്നു തിരിച്ചു വന്നപ്പോഴേക്കും രവീന്ദ്രൻ മാസ്റ്റർ മാനസികമായി ക്ഷീണിച്ചിരുന്നു. ഇത്രയും വേദനാജനകമായ അനുഭവം ഇതുവരെ ഒരു മാധ്യമത്തിലും വെളിപ്പെടുത്താതിരുന്നതിനുള്ള കാരണം എത്ര ചോദിച്ചിട്ടും അദ്ദേഹം വ്യക്തമാക്കാൻ കൂട്ടാക്കിയില്ല. 'ഇരുട്ടത്തുകിട്ടിയത് വെളിച്ചത് മിണ്ടിക്കൂടാ' എന്നൊരു തത്വം പറഞ്ഞു. പക്ഷേ  ഇക്കാര്യം എന്നോടു പങ്കിടാൻ അദ്ദേഹം എന്തുകൊണ്ടു തയ്യാറായി എന്നുള്ള ജിജ്ഞാസ പിന്നെയും എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. അതിനൊരു അയവു തന്നു, മാസ്റ്ററുടെ ഈ വാക്കുകൾ,

 

'നീ കണ്ണീക്കണ്ട  സംഗീതമെല്ലാം  വലിച്ചുവാരി കേൾക്കുന്നവനല്ലേ, ഇനി എന്റെ പാട്ടുകളും കൂടി ഞാൻ പറഞ്ഞ തരത്തിൽ സമാധാനമായി ഒന്നു കേട്ടുനോക്ക്.  ഓരോന്നും നാലോ അഞ്ചോ മിനിറ്റുകളേ  ഉള്ളൂ. എങ്കിലും തുടർച്ചയായി കേൾക്കുമ്പോ ഒരു കച്ചേരിയുടെ സുഖം കിട്ടാതിരിക്കില്ല. കാരണം എന്താന്നുവച്ചാ, എനിക്ക് കച്ചേരികളിൽ പാടാൻ പറ്റാതെപോയ ഉരുപ്പടികളാ അതെല്ലാം. അതങ്ങനെതന്നെ പാടണമെങ്കിലേ കൊറച്ച് മുക്കേണ്ടി വരും’. അടുത്തവരി ഒരു നല്ല നാടൻ തെറിയായിരുന്നു, ഇവിടെ എഴുതാൻ സാധിക്കില്ല.

 

ഉച്ചയൂണു കഴിഞ്ഞപ്പോൾ ഞാൻ യാത്രപറഞ്ഞു. എറണാകുളത്തേക്കു പോകാൻവേണ്ടി പടിഞ്ഞാറേനടയിൽ ബസ്സ് കാത്തുനിൽക്കേ, കൊടുങ്ങല്ലൂർക്കുള്ള വണ്ടി മുന്നിൽ വന്നുനിന്നു. തിരക്കില്ല, ഇരുന്നുപോകാം. ഞാൻ കയറി. വണ്ടി വളവു തിരിഞ്ഞതും പതിവുപോലെ ബസ്സിലെ സ്പീക്കർ ഉച്ചത്തിൽ പാട്ടു പാടാൻ  തുടങ്ങി.  മഹാത്ഭുതം, രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട പ്രിയഗാനം, 'ഒറ്റക്കമ്പിനാദം  മാത്രം മൂളും വീണാഗാനം.' രസിച്ചുകേൾക്കുന്നതിനിടെ  മാസ്റ്റർ ഉപദേശിച്ച പ്രകാരം ഒന്നുകൂടി ശ്രദ്ധിച്ചു, സംശയമില്ല, രാഗം മധ്യമാവതി ഏകതാളം തിശ്രനട. അതേ രാഗത്തിൽ. ശ്യാമാശാസ്ത്രികൾ രചിച്ച, ഏകതാളം രണ്ടു കളയിലുള്ള, 'പാലിഞ്ചു കാമാക്ഷി പാവനീ'  മനസ്സിലൂടെ സമാന്തരമായി ഒഴുകിയിറങ്ങി. അതിലെ അലങ്കാരവേലകൾ അഴകുചേർത്ത രാഗഭംഗികൾ  ഒന്നൊഴിയാതെ  ഈ സിനിമാഗാനത്തിലും പുനർജനിക്കുന്നതായി  ഞാൻ ആനന്ദത്തോടെ തിരിച്ചറിഞ്ഞു. അപ്പോഴേ തീർച്ചപ്പെടുത്തി, ഈ ഗാനസ്രഷ്ടാവിനെ ഇനി 'രവീന്ദ്രൻ മാസ്റ്റർ' എന്നു  വിളിക്കുന്നതിൽ നന്നേ ചേർച്ചക്കുറവുണ്ട്. ആ പ്രതിഭാവിലാസത്തിണങ്ങുന്ന, വിളിച്ചു കേൾക്കാൻ അദ്ദേഹം ഉള്ളിന്നുള്ളിലെങ്കിലും ആഗ്രഹിച്ച ഒരു പേരും ഉടനേ  മനസ്സിൽ  തെളിഞ്ഞു - 'കുളത്തൂപ്പുഴ രവീന്ദ്രഭാഗവതർ.'

 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമാണ്‌.)