സ്വന്തം പാട്ടിന് ഗംഭീര ചുവടുകളുമായി മലയാളികളുടെ ഇഷ്ടതാരം മഞ്ജു വാരിയർ. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ ‘കിം കിം കിം’ എന്ന വെറൈറ്റി പാട്ടിനാണ് താരം ചുവടു വച്ചത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാവാടയും ടീഷർട്ടും ധരിച്ച് പോണി ടെയിൽ സ്റ്റൈലിൽ മുടി കെട്ടി വച്ചാണ് രസകരമായ ചുവടുകളുമായി മഞ്ജു വാരിയർ പ്രേക്ഷകർക്കു മുന്നിലെത്തിയത്. 

ഡാൻസ് ചലഞ്ചുമായാണ് താരത്തിന്റെ വരവ്. പാട്ടിനൊപ്പം ചുവടുവച്ച് വിഡിയോ പങ്കുവയ്ക്കൂ, അൽപം രസകരമായ അനുഭവങ്ങൾ ആസ്വദിക്കൂ എന്നും കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. നിങ്ങൾ കുട്ടികളല്ലെങ്കിലും ഈ ചലഞ്ചിലൂടെ നിങ്ങളുടെ ഉള്ളിലെ കുട്ടികളെ പുറത്തു കൊണ്ടുവരൂ എന്നും മഞ്ജു കുറിച്ചു. എന്തായാലും മഞ്ജുവിന്റെ ഡാൻസും ഈ ഡാൻസ് ചലഞ്ചും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ജാക്ക് ആൻഡ് ജില്ലിലെ ഈ ഗാനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. രാം സുരേന്ദറിന്റെ ഈണത്തിനു വരികൾ ഒരുക്കിയത് ബി.കെ.ഹരിനാരായണനാണ്. വ്യത്യസ്തമായ വരികൾ കൊണ്ടും ആശയം കൊണ്ടും ആലാപനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിലും ഇടം നേടി. 

കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. രാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്സ് ബിജോയ്‌യും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്.