വിവാഹവാർഷിക ദിനത്തിൽ പ്രിയതമയ്ക്കു മംഗളങ്ങൾ നേർന്ന് ഗായകൻ നിക് ജൊനാസ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും നിക് ജൊനൊസിന്റെയും രണ്ടാം വിവാഹവാർഷികമാണിത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് നിക് ആശംസകൾ അറിയിച്ചത്. ഒപ്പം ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും ഗായകൻ ആരാധകർക്കായി പോസ്റ്റ് ചെയ്തു. 

‘എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് രണ്ടാം വിവാഹവാർഷികത്തിന്റെഹൃദ്യമായ മംഗളങ്ങൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’, വിവാഹ ചിത്രം പങ്കുവച്ച് നിക് ജൊനാസ് കുറിച്ചു. നിക്കിന് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘എപ്പോഴും എനിയ്ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് ആശംസകൾ എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്. 

2018 ഡിസംബർ 1ന് രാജസ്ഥാനിലെ  ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്. ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന് നിക് ജോനാസിന്റെ പിതാവ് കെവിൻ ജോനാസ് ആയിരുന്നു കാർമികത്വം വഹിച്ചത്. ഇരു താരങ്ങളുടെയും വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പ്രമുഖരുൾപ്പെടെയുള്ളവർ പ്രിയങ്കയ്ക്കും നിക്കിനും വിവാഹവാർഷികാശംസകൾ നേരുകയാണ്.