കർഷകസമരത്തിനെതിരെയുള്ള കങ്കണ റണൗട്ടിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ഗായകൻ മിക്ക സിങ്. കരൺ ജോഹർ, രൺവീർ സിങ്ങ്, ഹൃതിക് റോഷന്‍ തുടങ്ങിയ മിതഭാഷികളോടു പറയുന്നതു പോലെ ‘തങ്ങളോടു കളിക്കാൻ നിൽക്കണ്ട’ എന്ന മുന്നറിയിപ്പുമായാണ് ഗായകൻ രംഗത്തെത്തിയത്. കങ്കണ പറയുന്നതൊക്കെ പാടേ തിരസ്കരിക്കണമെന്നും ഓരോ ദിവസവും ഒരു വിവാദത്തിൽ നിന്നു മറ്റൊന്നിലേയ്ക്കു കങ്കണ എടുത്തു ചാടിക്കൊണ്ടിരിക്കുകയാണെന്നും മിക്ക സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘പഞ്ചാബിലുള്ള എന്റെ എല്ലാ സഹോദരങ്ങളോടും ശാന്തമായിരിക്കാൻ ഞാൻ അഭ്യർഥിക്കുകയാണ്. നമ്മൾ ഇപ്പോൾ കങ്കണയുടെ പ്രസ്താവനകൾക്കും വാക്കുകൾക്കുമല്ല ഊന്നൽ കൊടുക്കേണ്ടത്. മറിച്ചു കർഷകർക്കു വേണ്ടി ശബ്ദമുയർത്തുകയും അവർക്കൊപ്പം നിൽക്കുകയുമാണ് വേണ്ടത്. കങ്കണ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവരെ അവരുടെ വഴിക്കു ജീവിക്കാൻ വിട്ടേക്കൂ. അവര്‍ വെറിപിടിച്ചു നടക്കുകയാണ്. എനിക്ക് അവരോടു വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഇല്ല. അവർ ഒരു തെറ്റു ചെയതു. അതിന്റെ ഭവിഷ്യത്ത് അവർ തന്നെ അനുഭവിക്കുകയും ചെയ്യുന്നു. ട്വീറ്റ് വിവാദമായതിനു പിന്നാലെ അവർ ക്ഷമാപണം നടത്തുക പോലും ചെയ്യാതെ ആ പോസ്റ്റ് നീക്കം ചെയ്യുകയാണുണ്ടായത്. 

വലിയ ആളാണെന്നു സ്വയം വിചാരിക്കുന്നതിനു പകരം പാവപ്പെട്ടവരെ പോറ്റുന്നതിനെക്കുറിച്ചു കങ്കണ ചിന്തിക്കണം. കങ്കണയോട് എനിക്ക് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു. ഞാൻ അവരുടെ ആരാധകനായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം പാടേ ഇല്ലാതായി. കർഷക സമരത്തിൽ പങ്കെടുത്ത വൃദ്ധയ്ക്കെതിരെ പോലും നടി നടത്തിയ അഭിപ്രായപ്രകടനം ഒരിക്കലും അംഗീകരിക്കാനാകില്ല’, മിക്ക സിങ് കുറിച്ചു. 

ഷഹീൻബാഗ് സമരനായിക ബിൽകിസ് ബാനുവിനെതിരെ ഗുരുതരമായ ആരോപണം കങ്കണ ഉന്നയിച്ചിരുന്നു. സിഎഎക്കും കർഷക ബില്ലിനുമെതിരെ പ്രതികരിക്കാൻ ബിൽകിസ് ദീദി പണം വാങ്ങി എന്നാണ് കങ്കണ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ നടിയ്ക്കെതിരെ വിമർശനവുമായി താരങ്ങളുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.