നടൻ ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക് കോഫി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘ഫുഡ് സോങ്’ എന്ന തലക്കെട്ടോടെ റിലീസ് ചെയ്ത ഗാനത്തിന് ബിജിബാൽ സംഗീതം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്  ആണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ. 

സോൾട്ട് ആൻഡ് പെപ്പർ ഒരുക്കിയ ആഷിക്ക് അബു അതിഥിതാരമായി എത്തുന്നു. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണൻ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്. ഓർമ ബോസ് ആണ് കഥ.

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങൾക്കു ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ബ്ലാക്ക്കോഫി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT