പൊൻതാരം കൺചിമ്മി...ദോഹയിൽ നിന്നൊരു ക്രിസ്മസ് ഗാനം
പത്തനംതിട്ട ∙ ‘പൊൻതാരം കൺചിമ്മി, മന്ദാരം ചിരിതൂകി.......’ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ് തിരുപ്പിറവിയുടെ സന്ദേശം വിളിച്ചോതുന്ന ഗാനം. പത്തനംതിട്ട സ്വദേശികളും ദോഹയിൽ ജോലിചെയ്യുന്നവരുമായ പ്രശാന്ത് മാത്യു, അലൻ ജോർജ് വർഗീസ് എന്നീ യുവാക്കളാണ് ഈ ഗാനത്തിന്റെ ശിൽപികൾ. വള്ളംകുളം മുരിങ്ങശേരിൽ പ്രശാന്ത് മാത്യുവാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സംഗീതം പകർന്നിരിക്കുന്നത് കോഴഞ്ചേരി തൈക്കൂട്ടത്തിൽ അലൻ ജോർജ് വർഗീസ്. എലൻ ഗ്രൂപ് ഖത്തറിൽ ട്രാൻസ്ഫർമേഷൻ മാനേജരാണ് പ്രശാന്ത്. അലൻ, എനർജി ടെക്കിൽ എച്ച്എസ്ഇ മാനേജരും. പ്രശാന്തിന്റെ ഭാര്യ ലിജോ ഉൾപ്പെടെ ഇവരുടെ സുഹൃത്തുക്കളും ദോഹ ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളുമായ 18 പേർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാശ്ചാത്യ സംഗീതത്തിന്റെ പ്രത്യേകതയായ ഫോർ പാട്സ്, സെക്കന്റ്സ് എന്നിവ സംഗീതത്തിലും ആലാപനത്തിലും ഉടനീളം ഉപയോഗിച്ചിരിക്കുന്നത് പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു. പിന്നണി സംഗീതത്തിൽ ഇന്ത്യൻ തുകൽ വാദ്യങ്ങളായ ചെണ്ട, തകിൽ എന്നിവ ഉപയോഗിച്ചതായും പ്രശാന്തും അലനും പറഞ്ഞു. മരുഭൂമിയിൽ ക്രിസ്മസ് ട്രീ ഒരുക്കി അതിരാവിലെ സൂര്യോദയത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത് 5 ദിവസങ്ങൾക്കുള്ളിൽ 15,000ൽ അധികം പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ജാസി ഗിഫ്റ്റ്, കൈലാസ് മേനോൻ, നിത്യ മാമ്മൻ, അനൂപ് ശങ്കർ എന്നിവർ പാട്ട് കേട്ട് പിന്തുണ അർപ്പിച്ചു.