പൂജാമുറിയിൽ വിളക്ക് കൊളുത്തിയിരുന്നെഴുതിയ വിപ്ലവഗാനം; അനിൽ പനച്ചൂരാനെ ഓർക്കുമ്പോൾ
ഗൗരവക്കാരനാണെന്നു ഭാവിക്കുമ്പോഴും തമാശയിലൂടെയാണ് താൻ ജീവിതത്തെ നോക്കുന്നതെന്ന് അനിൽ പനച്ചൂരാൻ പറയാറുണ്ട്. വ്യത്യസ്തതകൾ കെട്ടിയാടിയ ജീവിതത്തിലെ വേഷപ്പകർച്ച എഴുത്തിലും കൊണ്ടുവരാനദ്ദേഹത്തിനായി. അതുകൊണ്ടുതന്നെ വിപ്ലവവും പ്രണയവും ബാല്യ കൗതുകങ്ങളും ഹാസ്യവും ന്യൂ ജനറേഷൻ തരംഗവും എല്ലാം ആ തൂലികയ്ക്കു വഴങ്ങി. വിശ്വാസിയായ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. ചോര വീണ മണ്ണിൽ എന്ന ഗാനം പൂജാമുറിയിൽ വിളക്ക് കൊളുത്തിയിരുന്നെഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് ഇതേ കവിക്കുതന്നെ ജിമിക്കിക്കമ്മൽ എന്നൊരു പഴയ പാട്ടിനെ പുതുക്കിപ്പണിഞ്ഞ് യുവാക്കളുടെ ഹരമാക്കി മാറ്റാനും കഴിഞ്ഞു.
കവിത സ്വാഭാവിക പ്രതികരണമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഹൃദയ വേദനകളിൽനിന്നാണ് കവിത പിറക്കുന്നത് എന്നു പറഞ്ഞ കവിയുടെ വരികളിൽ മനുഷ്യരുടെ കണ്ണീരും കിനാവും ഇടകലർന്നു. ‘പാടാതിരിക്കാനാവില്ലെനിക്കെന്റെ നിനവിൽ നിലാവ് പെയ്യുമ്പോൾ’ എന്ന വരികളിൽ അദ്ദേഹത്തിന്റെ മനസ്സ് വായിക്കാനാവും. ഇത്രയും മനോഹരമായ കവിതകളും ഗാനങ്ങളും എഴുതിയിട്ടും വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്ന വേദനയും അദ്ദേഹം പല വേദികളിലും പങ്കു വച്ചിട്ടുണ്ട്. സാഹിത്യ ലോകത്ത് മരിച്ചു പോയവരെ ബിംബങ്ങളാക്കുമെന്നും ജീവിച്ചിരിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമായിരിക്കുന്നു.
ഇടതുപക്ഷക്കാരനായിരിക്കുമ്പോഴും പാർട്ടിയുടെ നയമാറ്റങ്ങളെ വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. അറബിക്കഥ എന്ന സിനിമയ്ക്കായെഴുതിയെങ്കിലും ഇടതു വേദികളിൽ അലയടിച്ച വിപ്ലവഗാനം പാർട്ടിക്കാർക്കു മാത്രമല്ല മനുഷ്യരാശിക്കാകെ ഉൾക്കാഴ്ച പകരുന്നതാണ്.
‘മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിന്നാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണതെന്നോർക്കണം’
‘നേര് നേരിടാൻ കരുത്ത് നേടണം
നിരാശയിൽ വീണിടാതെ നേരിനായ്
പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മൾ ഇന്ന്
തന്നെ നേടണം
നാൾവഴിയിലമര ഗാഥകൾ പിറക്കണം
സമത്വ മെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ
അന്നു മിന്നുമെന്നുമേ’