കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കലാലോകം. വരികളിൽ വിസ്മയം തീര്‍ത്ത ആ വിരലുകൾ നിശ്ചലമായ വാർത്ത വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് സഹപ്രവർത്തകരും സ്നേഹിതരും. 

ഏറെ ആഗ്രഹിച്ച ഒരു സിനിമ സ്വപ്നം പാതി വഴിയിലുപേക്ഷിച്ചാണ് പനച്ചൂരാൻ യാത്രയായത്. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാട്’ എന്ന ചിത്രമായിരുന്നു ആ സ്വപ്നം. കാടിനു വേണ്ടി തിരക്കഥയെഴുതി പൂർത്തികരിച്ചിരുന്നു പനച്ചൂരാൻ‌. ചിത്രത്തിനു വേണ്ടി പാട്ടെഴുതണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രിയിലും അദ്ദേഹം ഫോൺ വിളിച്ചിരുന്നുവെന്ന് കവിസുഹൃത്ത് മുരുകൻ കാട്ടാക്കട പറയുന്നു. എന്റെ തിരക്കഥയ്ക്കു നീ പാട്ടെഴുതുന്നത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞുവെന്നത് ഓർത്തെടുത്തപ്പോൾ കാട്ടാക്കടയുടെ വാക്കുകളിൽ നോവ് പടരുന്നു. 

‘ശനിയാഴ്ച രാത്രിയും ദീർഘനേരം അനിൽ വിളിച്ചു സംസാരിച്ചിരുന്നു. അനിൽ തിരക്കഥയെഴുതുന്ന ‘കാട്’ സിനിമയായിരുന്നു വിഷയം. കാടിന്റെ വിവിധ ഭാവങ്ങളെക്കുറിച്ച് ഏറെ നേരം അദ്ദേഹം എന്നോടു സംസാരിച്ചു. ഈ സിനിമയിൽ പാട്ടെഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അനിലിനു പാട്ടെഴുതിക്കൂടേയെന്നു ചോദിച്ചപ്പോൾ ഗാനരചയിതാവ് പി.ഭാസ്കരനെയാണ് അനിൽ ഓർമിച്ചത്. ഭാസ്കരൻ സംവിധാനം ചെയ്ത സിനിമയിൽ ശ്രീകുമാരൻ തമ്പി ഗാനം രചിച്ചിട്ടുണ്ട്. അതുപോലെയുള്ള അന്തരീക്ഷം ഇനിയും ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഏറെ സമയം സംസാരിച്ചെങ്കിലും അനിലിന് അനാരോഗ്യം ഉള്ളതിന്റെ ലക്ഷണമൊന്നും തോന്നിയില്ല. അതുകൊണ്ടു തന്നെ അനിലിന്റെ മരണം എന്നെ ഞെട്ടിച്ചു’.– മുരുകൻ കാട്ടാക്കട പറഞ്ഞു.  

അനിൽ പനച്ചൂരാന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ‘കാട്’. ഏറെ പ്രയാസപ്പെട്ടാണ് തിരകഥയെഴുതി പൂർത്തീകരിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കകം സിനിമാചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. മികച്ച ഒരു നിർമാതാവിനെ കിട്ടിയതിന്റെയും സന്തോഷത്തിലായിരുന്നു പനച്ചൂരാൻ. സ്വപ്നസാക്ഷാത്കാരത്തിന്റെ അരികിലെത്തിയെങ്കിലും അത് സാധ്യമാക്കാതെയാണ് അകാലത്തിൽ അനിൽ പനച്ചൂരാൻ വിടവാങ്ങിയത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT