കവിത വിപ്ലവവും പാട്ടെഴുത്ത് ജീവിതവുമായിരുന്നു അനില്‍ പനച്ചൂരാന്. സ്വാതന്ത്രൃവും സമത്വവും അതിലലിയാത്ത പ്രണയവുമൊക്കെ കവിതയായി യുവാക്കളില്‍ തീ പടര്‍ത്തിയപ്പോഴും പനച്ചൂരാന്റെ സിനിമാഗാനങ്ങള്‍ അതില്‍ നിന്നൊക്കെ വേറിട്ടു സഞ്ചരിച്ചു. തന്നില്‍ അലിഞ്ഞുചേര്‍ന്ന കവിത്വം ഒരിക്കല്‍പോലും സിനിമഗാനങ്ങളില്‍ ബോധപൂര്‍വം കലരുവാന്‍ അനുവദിച്ചില്ല. സിനിമാഗാനങ്ങള്‍ക്കായി തുറന്നിട്ട അതിന്റെ സഞ്ചാരപഥങ്ങളിലേക്കു തന്റെ പാട്ടുകളെയും കൂട്ടിക്കൊണ്ടുപോയി. സംഗീത സംവിധായകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ അനില്‍ പനച്ചൂരാനെന്ന പേര് പ്രിയപ്പെട്ടതായി മാറിയതും അവിടെയായിരുന്നു. പരന്ന വായനയും ഉള്ളിലെ കവി പകര്‍ന്ന കരുത്തുമാകാം, ആ സിനിമാഗാനങ്ങളൊക്കെ ജീവിതത്തോടു ചേര്‍ത്തു വായിക്കുവാന്‍ കഴിയുന്നവയാക്കി മാറ്റിയത്. കവിതയുടെ ചോര വീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പാട്ടിന്റെ പൂമരമായിരുന്നു അനില്‍ പനച്ചൂരാന്‍. ബിജിബാല്‍, എം. ജയചന്ദ്രന്‍, മോഹന്‍ സിത്താര തുടങ്ങിയ മുന്‍നിര സംഗീത സംവിധായകരുടെ ഹിറ്റുകളില്‍ ആ പേരും എഴുതി ചേര്‍ക്കപ്പെട്ടു.

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്

ഗ്രാമം കൊതിക്കാറുണ്ടെന്നും

തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍

ഞാനും കൊതിക്കാറുണ്ടെന്നും...

ആദ്യ സിനിമാഗാനംകൊണ്ടു തന്നെ ആസ്വാദകരുടെ മനസ്സില്‍ തിരുവോണത്തോണിയൂന്നി എത്താന്‍ പനച്ചൂരാനായി. അറബിക്കഥയിലെ ഓരോ ഗാനങ്ങളും ശ്രദ്ധ നേടിയത് ബിജിബാലിന്റെ ഈണങ്ങളിലേക്ക് അത്രമേല്‍ ജീവിതത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന വരികളും ചാലിച്ചതുകൊണ്ടുതന്നെ. കവിതയെ സിനിമാഗാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റത്തിന്റെ വലിയ ഉദാഹരണം കൂടിയായിരുന്നു ചിത്രത്തിലെ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ് എന്നു തുടങ്ങുന്ന ഗാനം. അനില്‍ പനച്ചൂരാന്റെ പ്രവാസിയുടെ പാട്ടെന്ന കവിത തന്നെ സിനിമയിലേക്ക് സ്വീകരിക്കുവാന്‍ സംവിധായകന്‍ ലാല്‍ ജോസ് തീരുമാനിക്കുമ്പോള്‍ കവിതയുടെ അംശത്തെ ഊറ്റി കളയാതെ സിനിമാപാട്ടിന്റെ ഭാവത്തിലേക്ക് മാറ്റി എഴുതാന്‍ അദ്ദേഹത്തിനായി. ചിത്രത്തിലെ ചോരവീണ മണ്ണില്‍ നിന്നും എന്ന കവിതയാകട്ടെ സഖാക്കള്‍ക്കൊപ്പം എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ക്കും ആവേശമായി.

വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....

മലയാളിയ്ക്ക് കൗതുകമുണര്‍ത്തിയ ഗാനമായിരുന്നു കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ വ്യത്യസ്തനാം ഒരു ബാര്‍ബറാം ബാലന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാര്‍ബര്‍ ബാലനെ പനച്ചൂരാന്‍ ക്ഷൗരപ്രവീണനെന്നും സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍ മനസ്സെന്നും വിശേഷിപ്പിച്ചു. വ്യത്യസ്തനായ ബാലനെപോലെ മലയാളത്തിലെ വ്യത്യസ്തമായ പാട്ടായും ഇത് മാറി.

 

കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍

വെയില്‍ വഴിയില്‍ കുട നിഴലില്‍ തണലാകും എന്നച്ഛന്‍...

അമ്മമനസ്സിനെ വാനോളം പുകഴ്ത്തിയ സിനിമ ഗാനങ്ങളില്‍ അച്ഛന്‍മാര്‍ വന്നു പോയത് വിരലില്‍ എണ്ണാവുന്ന പാട്ടുകളില്‍ മാത്രമാണ്. മിന്നാമിന്നിക്കൂട്ടത്തില്‍ ബിജിബാലുമായി വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളിക്ക് ലഭിച്ചത് അത്തരത്തിലൊരു ഗാനമായിരുന്നു. വാലിട്ടെഴുതുമ്പോള്‍ നോക്കുവാനുള്ളൊരു വാല്‍ക്കണ്ണാടിയെന്നും പുഞ്ചിരിപ്പാലു കുറുക്കുന്നോരോര്‍മ എന്നച്ഛനെന്നും പനച്ചൂരാന്‍ എഴുതിയപ്പോള്‍ ഈറനണിഞ്ഞ മാനസങ്ങള്‍ കുറച്ചൊന്നുമല്ല കേരളക്കരയില്‍.

ബിജിബാലിനൊപ്പം ലൗഡ്‌സ്പീക്കറിലെ കാട്ടാറിന് തോരാത്തൊരു പാട്ടുണ്ട് എന്ന ഗാനത്തിലൂടെ കുഞ്ഞിക്കിളികളുടെയും അമ്മക്കിളിയുടെയും കഥപാടി അമ്മമനസിന്റെ നൈര്‍മല്യത്തെ പാടി പുകഴ്ത്താനും പനച്ചൂരാന് കഴിഞ്ഞു. മനവേദനയോടെ മാത്രം ആസ്വാദകന് കേട്ടിരിക്കാന്‍ കഴിയുന്ന കണ്ണീരുപ്പ് കലര്‍ന്ന താരാട്ടായിരുന്നു ആ ഗാനം.

അരികത്തായാരോ പാടുന്നുണ്ടോ

അതോ എന്റെ മനസ്സാണോ...

പനച്ചൂരാന്റെ കവിതകളിലെ വിപ്ലവം പോലെ പ്രണയവും ആവേശമാക്കിയ ഒരു തലമുറ ഇവിടെയുണ്ട്. പാട്ടെഴുത്തിലും പനച്ചൂരാന്റെ പ്രണയം പിന്നിലായില്ല. പ്രണയവും പ്രണയചിന്തകളും അതിന്റെ നിരാശകളുമൊക്കെ ആ പാട്ടുകളില്‍ തിളങ്ങി നിന്നു. മിഴി തമ്മില്‍ പുണരുന്ന നേരം പറയാതെ അറിയുന്നനുരാഗമെന്ന് പാടിയത് അദ്ദേഹത്തിലെ കാമുകന്‍ തന്നെയായിരുന്നു. എന്റെ ജന്‍മസുകൃതാമൃതമായ് കൂടെ വന്നു നീ പൊന്‍കതിരേ (കുഴലൂതും പൂന്തെന്നലേ..) നോവാതെ നോവും നാവിന്‍ രാഗം അനുരാഗം (ചെറുതിങ്കള്‍ത്തോണി), നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാല്‍, നിന്‍ സ്‌നേഹമഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളാല്‍, അരികെ നിന്നാലും അറിയുവാനാവുമോ സ്‌നേഹം, വെറുതേ ഒരു വാക്കില്‍ പറയുവാനാകുമോ.. എന്നിങ്ങനെ പോകുന്നു ആ പ്രണയഗാനങ്ങള്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT