മാഷേ നിങ്ങൾ എവിടെയാണ്? ആ കോൾ ഇനിയില്ല; ഏതോ ഒരു തീരം തേടി പനച്ചൂരാനും യാത്രയായി
മാഷേ നിങ്ങൾ എവിടെയാണ് എന്ന് ചോദിച്ചുകൊണ്ട് ഇടക്കിടെ ഒരു കോൾ വരാറുണ്ടായിരുന്നു. അത് അനിൽ പനച്ചൂരാന്റേതായിരുന്നു. പനച്ചൂരാന്റെ കോൾ വരുന്നത് ഒരത്ഭുതമാണ് കാരണം പനച്ചൂരാനിങ്ങനെ ഒരു പടർന്നു ജീവിക്കുന്ന ഒരു വളളിയാണ്. ഏതൊക്കെ ശാഖകളിലേക്കാണ് ആ വള്ളി പടർന്നു കയറുന്നത് എന്നറിയില്ല. അതിനിടയില്‍ വരുന്ന ഏതെങ്കിലുമൊരു സന്ദർഭത്തിലായിരിക്കും അദ്ദേഹം നമ്മളെ വിളിക്കുന്നത്. ഏറ്റവും ഒടുവിൽ അദ്ദേഹം അങ്ങനെ വിളിച്ചത് ആരുടെയോ ഒരു ഫോൺനമ്പർ കിട്ടാനാണ്. ഇന്നലെ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കുന്ന വിയോഗം അറിഞ്ഞപ്പോൾ മുതൽ ഞാനത് ഓർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആരുടെ നമ്പറാണ് ചോദിച്ചിരുന്നത് എന്നെനിക്ക് ഓർമയില്ല. ഞാനത് അദ്ദേഹത്തിന് അയച്ചുകൊടുത്ത വാട്ട്സാപ്പ് നോക്കിയപ്പോൾ അത് ഡിലീറ്റ് ആക്കിയിട്ടുണ്ട്. അതിൽ വലിയ പ്രസക്തിയില്ല. പക്ഷേ പെട്ടെന്ന് പൊട്ടിവീഴുന്ന വാൽനക്ഷത്രം പോലെയായിരുന്നു പനച്ചൂരാന്റെ കോളുകളോ അന്വേഷണങ്ങളോ സ്നേഹമോ നമ്മളെ തേടിയെത്തുന്നത്. അത് അനായാസമായി ഒഴുകുന്ന പുഴ പോലെയോ അതിശക്തമായി ആഞ്ഞടിക്കുന്ന കാറ്റു പോലെയൊ പലപ്പോഴും അനിൽ പനച്ചൂരാൻ നമ്മളെ തേടിവരും. എല്ലാ വരവിലും എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ ഒരു അനിതരസാധാരണമായ സ്വഭാവസവിശേഷതയാണ്.
പനച്ചൂരാൻ പലപ്പോഴും അസ്വസ്ഥനാകാറുണ്ട്. വ്യവസ്ഥിതിയോടും അദ്ദേഹത്തോടു തന്നെയും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ഒന്നും അല്ല എന്നദ്ദേഹം പലകാര്യങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഏറ്റവും ഒടുവിൽ വിളിച്ചപ്പോഴും സ്വന്തമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചുകൊണ്ടിരുന്നത്. അപ്പോൾ ഞാൻ ചോദിച്ചു കുറെക്കാലമായി യാത്രകൾ കുറവാണോ. അതെ യാത്രകള്‍ കുറവാണ്. ഈ യാത്രകൾ കുറവായി വീട്ടിലിരിക്കുന്നതിന്റെ ഒരസ്വസ്ഥത അദ്ദേഹത്തിന്റെ സംസാരത്തിലെപ്പോഴുമുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഒരസ്വസ്ഥത അദ്ദേഹത്തിൽ ഏതെങ്കിലും സമയത്ത് നമുക്ക് അനുഭവപ്പെടുമായിരുന്നു. ഇപ്പോഴുള്ള പ്രധാന പ്രശ്നം യാത്ര ചെയ്യാൻ പറ്റുന്നില്ല, സുഹൃത്തുക്കളെ കാണാൻ പറ്റുന്നില്ല എന്നതായിരുന്നു, എന്നോടു പറഞ്ഞു, എറണാകുളത്തു വന്നാൽ ഏതെങ്കിലുമൊരു ഹോട്ടലിൽ എങ്ങനെ താമസിക്കും ഇപ്പോളത്തെ അവസ്ഥയിൽ. അതൊക്കയാണ് ഒരു പ്രശ്നം, അദ്ദേഹം കോവിഡിനെ ഭയപ്പെട്ടിരുന്നോ എന്നറിയില്ല. പക്ഷേ കോവിഡ് എന്നുള്ള സാഹചര്യം അദ്ദേഹത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ഏറ്റവും അവസാനം അദ്ദേഹത്തിന് ആ ഒരു അവസ്ഥ തന്നെ വന്നു ചേർന്നു എന്നുള്ളത് വളരെ സങ്കടകരമായി തോന്നുകയും ചെയ്തു.
അനിൽ പനച്ചൂരാനെ ഏതൊക്കെ സമയങ്ങളിൽ നമ്മൾ പ്രൊഫഷണലായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അങ്ങേയറ്റം അദ്ദേഹം സഹകരിച്ചിട്ടുണ്ട് എന്നതാണ് വ്യക്തിപരമായ അനുഭവം. പനച്ചൂരാനെക്കുറിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളുള്ള ധാരാളം ആളുകളുണ്ട്. പനച്ചൂരാൻ സഹകരിക്കാത്ത ഒരാളെന്നോ അടുക്കാത്ത ഒരാളെന്നോ അദ്ദേഹം ഒരു അവധൂതനാണെന്നോ പലരും അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ശൈലികൾ പലർക്കും യോജിക്കാൻ കഴിയാത്തതാണെന്നു പറയാറുണ്ട്. പക്ഷേ വ്യക്തിപരമായി അദ്ദേഹത്തോട് ഇടപെട്ടിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം തന്നാലാവുന്ന വിധം തന്റെ സമയത്തിന്റെയും സാഹചര്യത്തിന്റെയുമൊക്ക പരിമിതിയിൽ നിന്നുകൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന വിധത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രതികരണങ്ങളോ അദ്ദേഹത്തിന്റെ കവിതയോ ലേഖനങ്ങളോ അനുഭവങ്ങളൊക്കെ മനോരമയോട് പങ്കുവെച്ചിട്ടുണ്ട്.
ആലപ്പുഴയുടെ ഒരു കവിത്വ പശ്ചാത്തലം തന്നെ, പ്രത്യേകിച്ച് ഗാനരചനാമേഖലയിൽ, വളരെ സമ്പന്നമാണ്. വയലാർ രാമവർമ്മയിലും കാവാലം നാരായണപ്പണിക്കരിലും ശ്രീകുമാരൻ തമ്പിയിലും മുതൽ ഏറ്റവും പുതിയ തലമുറയിൽ വരെ എത്തിനിൽക്കുന്നു, അതു വളരെ സമ്പന്നമായി ഒഴുകുന്ന ഒരു പുഴയാണ്. അനിൽ പനച്ചൂരാൻ അതിൽ പെടുന്ന ഒരാളാണ്. ആലപ്പുഴയുടെ ഏറ്റവും തെക്കേയറ്റത്തുളള കവിയുമാണ് അദ്ദേഹം. ഓച്ചിറയുടെ പ്രാന്തപ്രദേശങ്ങളിലാണ് അദ്ദേഹത്തിന്റെ ജന്മദേശവും ജീവിതദേശവും. ആ ഒരു ഗ്രാമത്തിന്റെ, വാരണപ്പെട്ടി എന്നു പറയുന്ന ആ വീടിന്റെ പ്രത്യേകതകൾ അവിടുത്തെ സാഹചര്യം അവിടെ ഉണ്ടായിട്ടുള്ള ശ്രീനാരായണഗുരുവിന്റെ ഒരു സ്വാധീനം അതിൽ നിന്നുണ്ടായിട്ടുള്ള അക്ഷര സന്നിവേശം, ആത്മീയ സന്നിവേശം തുടങ്ങിയതെല്ലാം പനച്ചൂരാനെ എപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് പല കാര്യങ്ങളും നമുക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. പനച്ചൂരാനുമായി ബന്ധപ്പെട്ടപ്പോൾ ഉള്ള രസകരമായ ഏറ്റവും ഒടുവിലത്തെ അനുഭവം അദ്ദേഹം ഒരു നാലു വരി കവിതാശകലം തന്ന് രസിപ്പിച്ചതായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് ഒരു കവിതയിലൂടെ ഒരു സാമൂഹ്യപ്രതികരണം വേണം എന്നാവശ്യപ്പെട്ടപ്പോൾ അദ്ദേഹം തന്ന നാലുവരി വാസ്തവത്തിൽ ഒരു സാറ്റൈറിക്കൽ അറ്റാക്ക് ആണ്. അത്തരത്തിൽ അദ്ദേഹം വ്യവസ്ഥിതിയോടുള്ള രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വളരെ രസകരമായിരുന്നു. ഈ പുതിയ കാലത്തെ ഏതാളുകൾക്കും ഒരു കൊട്ടാണ് ആ നാലുവരി ഒന്നു പറയാം. ആ കവിത ഇങ്ങനെയായിരുന്നു.
എലിയെ മലതുരക്കാൻ എൽപ്പിച്ചവർക്ക്
പാലം മൂലം പണി പാലുംവെള്ളത്തിൽ
ജനപ്രതിനിധി അഥവാ ജനങ്ങളുടെ നിധി
അടിച്ചുമാറ്റി പ്രതിയാകുന്നയാൾ
അതൊരു ഒരു അറ്റാക്ക് തന്നെയായിരുന്നു. അദ്ദേഹം സാമൂഹ്യ വ്യവസ്ഥിതിയോട് തമാശരൂപേണ എന്നാൽ വളരെ ഗൗരവത്തോടെ ആ നാലു വരിയിലൂടെ അവതരിപ്പിച്ചത്. അതൊക്കെ വളരെ പെട്ടെന്ന് നടക്കുന്ന കാര്യങ്ങളാണ്. നമ്മൾ രാവിലെ ഒരു കാര്യം വിളിച്ചു പറയുന്നു, മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ഇത്തരം കാര്യങ്ങൾ ചെയ്തുതരുന്നു. ഇതുതന്നെ അദ്ദേഹം നമ്മളോട് കാണിക്കുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറ്റൊരു അനുഭവമാണ്. പല കഷണങ്ങളായി എഴുതിയിട്ട് വേണ്ടപോലെ എടുത്ത് കവിതയാക്കിക്കോ എന്നു പറയുന്നത് അദ്ദേഹത്തിന് നമ്മളോടുള്ള ഒരു വിശ്വാസമാണ്.നമ്മൾ അതിൽ കാര്യമായ മാറ്റമൊന്നും ചെയ്യുന്നില്ല. പിന്നെ അദ്ദേഹത്തെ ഒന്നു കൂടി കാണിച്ച് അദ്ദേഹം അത് ഓക്കെ പറയുമ്പോൾ അതു ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം എപ്പോഴൊക്കെ നമ്മൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ ഒരു പത്രസ്ഥാപനത്തിന്റെ ആവശ്യവും തിരക്കും കൃത്യമായി മനസ്സിലാക്കികൊണ്ടോ നമ്മൾ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കികൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ എപ്പോഴും വന്നിട്ടുണ്ട് എന്നതാണ് അനുഭവം. മറ്റൊരിക്കൽ മനോരമ ആഴ്ചപതിപ്പിനു വേണ്ടി മലയാളത്തിലെ പ്രശസ്തരായ ഗാനരചയിതാക്കള്‍ അവരുടെ കവിതകൾ അവർ തന്നെ ആലപിച്ചുകൊണ്ട് അത് ക്യൂആർകോഡ് രൂപത്തിൽ അവതരിപ്പിക്കാനുള്ള കാര്യം ആലോചിച്ചപ്പോൾ അതിലൊന്ന് അനിൽ പനച്ചൂരാനായിരുന്നു, മറ്റുള്ളവർ ശ്രീകുമാരൻ തമ്പിസാറും കൈതപ്രം തിരുമേനിയും ശരത്ചന്ദ്രവർമ്മചേട്ടനും പനച്ചൂരാന് പുറമേ നമ്മുടെ പ്രിയപ്പെട്ട ബീയാർ പ്രസാദ് രാജീവ് ആലുങ്കൽ റഫീക്ക് അഹമ്മദ് ഇവരൊക്കെ അതിനകത്തുണ്ടായിരുന്നു. അതിൽ പനച്ചൂരാനോട് ഒരു കവിത ചോദിച്ചപ്പോൾ അദ്ദേഹം എന്റെ കൈയിൽ ഒരെണ്ണം എഴുതിവായിച്ചത് ഉണ്ട് എന്നു പറഞ്ഞ് വളരെ പെട്ടെന്നു തന്നെ ഒരു കവിത ഓഡിയോ രൂപത്തിൽ നമുക്കയച്ചു തരികയായിരുന്നു.
പനച്ചൂരാനെ സംബന്ധിച്ച് കവിതാലാപനമോ അതിന്റെ റെക്കോർഡിങ്ങോ ഒരു പുതുമയുള്ള കാര്യമല്ല. അതിന്റെ ശേഖരം അദ്ദേഹത്തിന്റെ കൈയിൽ സ്റ്റോക്ക് ഉണ്ടാവുമെന്നുള്ളതു കൊണ്ടും, പക്ഷേ അദ്ദേഹത്തിന് അതു തരാനോ ആലോചിക്കാനോ ഒന്നും അതിന്റെ സമയമെടുക്കുന്ന പ്രക്രിയ ആവശ്യമേയില്ല എന്നുള്ളതും അന്നത്തെ ഒരനുഭവം. അന്ന് പനച്ചൂരാൻ തന്ന കവിതയുടെ പേര് ‘കൊഴിഞ്ഞ സന്ധ്യകൾ’ എന്നായിരുന്നു. വാസ്തവം പറഞ്ഞാൽ ഇന്നലെ സന്ധ്യക്കുശേഷം അദ്ദേഹം ഒരു പുഷ്പമായി കൊഴിഞ്ഞു പോകുകയാണ്, ഒരു ചുവന്ന പുഷ്പം വാടിവീണതു പോലെയാണ് പനച്ചൂരാൻ മാഞ്ഞുപോയപ്പോൾ മനസിൽ ഉണ്ടായ ആദ്യത്തെ ദൃശ്യം. വാസ്തവത്തിൽ ആ പുഷ്പം അതിന്റെ പ്രഭയോടെ നിൽക്കുമ്പോൾ തന്നെ ഞെട്ടറ്റു വീണു എന്നുള്ളതാണ് അത് വാടി വീണു എന്നു പറയാൻ പാടില്ല എന്നതാണ് വ്യക്തിപരമായി തോന്നുന്നത്. അത് മങ്ങാത്ത ഒരു പുഷ്പമായ് തന്നെ പനച്ചൂരാൻ നമ്മുടെയൊക്കെ ഇടയിൽ ഉണ്ടാവും. അദ്ദേഹത്തിന്റെ സ്നേഹപൂർവമായ സാമീപ്യം,സൗഹാർദം എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓർമയായി കൂടെനിൽക്കുകയും ചെയ്യും.
പനച്ചൂരാന്റെ പ്രശസ്തമായ ഗാനങ്ങളെക്കുറിച്ചു പറയുമ്പോൾ മിക്കവരും ഓർക്കുന്നത് അറബിക്കഥയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനമോ ജിമിക്കികമ്മലോ ഒക്കെയാണ്. ജിമിക്കിക്കമ്മലുമായി ബന്ധപ്പെട്ട് ഇതുപോലെ ഒരനുഭവമുണ്ട്. ജിമിക്കിക്കമ്മൽ പുറത്തുവന്നപ്പോൾ യൂട്യൂബിലൊക്കെ വൻ തരംഗമായപ്പോൾ വാസ്തവത്തിൽ ഞാൻ ആ ഗാനം കേൾക്കുന്നതിനു മുൻപു തന്നെ ഒരു സ്റ്റോറി ആക്കണം എന്നു കോട്ടയത്തു നിന്ന് പറഞ്ഞതു പ്രകാരം അദ്ദേഹവുമായിട്ട് സംസാരിക്കുകയാണ്. പനച്ചൂരാന്റെ വ്യക്തിത്വത്തിന്റെ വളരെ വ്യതസ്തമായ മറ്റൊരു ഭാഗമാണ് കേൾക്കുന്നത്. കാരണം ഇത്രയും ലളിതമായി ഇത്രയും ജനകീയമായൊരു ഗാനം, ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം എന്നെഴുതിയ അദ്ദേഹമാണ് എന്റമ്മേടെ ജിമിക്കിക്കമ്മൽ എഴുതിയത്. അദ്ദേഹം പറയുന്നുണ്ട്. കാലം മാറുകയാണ്.യൂവാക്കൾക്ക് എന്താണ് വേണ്ടതെന്ന് വെച്ചാൽ അതു കൊടുക്കുക എന്നുള്ളതാണ് സിനിമയിലൂടെ നമ്മൾ ചെയ്യേണ്ടത്. അത് അശ്ലീലമാകാതിരിക്കുക എന്നു മാത്രമേയുള്ളു. അത്തരത്തിൽ അദ്ദേഹം പുതിയ കാലത്തിനോടു കൂടി ചേർന്നു നിന്ന ഒരാളാണ്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ വളരെ ജനകീയമായ ഗാനങ്ങളേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്വ.ലേ എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി ബിജിബാൽ ഈണം നൽകിയ നല്ലഭംഗിയുള്ള ഒരു മെലഡിയുണ്ട്. ‘ചെറുതിങ്കൾ തോണി നിൻ പുഞ്ചിരി പോലൊരു തോണി ഏതോ തീരം തേടുന്നു..’ അതുപോലെ ഏതോ ഒരു തീരം തേടി പനച്ചൂരാനും യാത്രയായി