മഹറുമായി സിത്താരയും നിഷാദും; സംഗീത–നൃത്ത വിരുന്നുമായി വിഡിയോ
ഗായികരായ സിത്താരകൃഷ്ണകുമാറും കെ കെ നിഷാദും ഒരുമിച്ചാലപിച്ച ‘മഹർ’ എന്ന സംഗീത വിഡിയോ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. നിഷാദ് തന്നെ ചിട്ടപ്പെടുത്തിയ പാട്ടിന് സതിയനാരായണൻ പയ്യന്നൂർ ആണ് വരികൾ കുറിച്ചത്. ‘മനസ്സിൽ മൊഹബ്ബത്ത് സൂക്ഷിക്കുന്ന പ്രണയാർദ്ര ഹൃദയങ്ങൾക്കായ്’ എന്ന അടിക്കുറിപ്പോടെയാണ് നിഷാദ് ‘മഹറ്’ പുറത്തിറക്കിയത്.
സംഗീതത്തോടൊപ്പം അതിസുന്ദരമായ ദൃശ്യവിരുന്നു കൂടിയാണ് പാട്ട് ആസ്വാദകർക്കു സമ്മാനിക്കുന്നത്. സിത്താരയുടെയും നിഷാദിന്റെയും മൊഞ്ചുള്ള ആലാപനത്തോടൊപ്പം റിയ നദിൻ, സവിജ നിഷാദ് എന്നിവരുടെ ചടുലമായ ചുവടുകൾ കൂടി ചേർന്നപ്പോൾ ‘മഹറ്’ ഏറെ മികച്ചതായി എന്നാണ് പ്രേക്ഷകപക്ഷം.
പാട്ടിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചത് മധു പോൾ ആണ്. ആനന്ദ് തബലയിലും പോൾസൺ സിത്താറിലും സംഗീതമൊരുക്കി. പ്രശാന്ത് ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. ചിത്രീകരണവും എഡിറ്റിങ്ങും അമീൻ സബിൽ ആണ്. ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയ മഹറിന് മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.