അകാലത്തിൽ അനിലും പോയി; വിങ്ങുന്ന ഓർമകളിൽ ഹരിപ്പാട് ശ്രീകുമാർ
ഹരിപ്പാട് ∙ കലാഭവൻ മണി അവസാനമായി അഭിനയിച്ച ‘യാത്ര ചോദിക്കാതെ’ എന്ന ചിത്രത്തിൽ മണിയുടെ അടുത്ത സുഹൃത്തുക്കളായി അഭിനയിച്ചത് അനിൽ പനച്ചൂരാനും സഹസംവിധായകനും നടനുമായ ഹരിപ്പാട് ശ്രീകുമാറുമായിരുന്നു. മണിയെപ്പോലെ അനിലും യാത്ര ചോദിക്കാതെ ജീവിതത്തിൽ നിന്നു മറഞ്ഞ ദുഃഖത്തിലാണ് ഹരിപ്പാട് ശ്രീകുമാർ. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ പഠിക്കുന്ന കാലം മുതൽ അനിൽ പനച്ചൂരാനുമായി അടുപ്പമുണ്ടായിരുന്നു. കവിത വിട്ടൊരു ജീവിതം അനിൽ പനച്ചൂരാനില്ലായിരുന്നു. അനിൽ പനച്ചൂരാൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്യുന്ന ‘കാട്’ എന്ന സിനിമയിൽ ആദിവാസി മൂപ്പന്റെ വേഷം ശ്രീകുമാറിനു നൽകിയിരുന്നു. രണ്ടു മാസം മുൻപ് ലൊക്കേഷൻ കാണാൻ വയനാട്ടിൽ പോയപ്പോഴാണ് അവസാനമായി വിളിച്ചത്. സിനിമയുടെ അവസാനവട്ട തയാറെടുപ്പുകൾക്കിടയിലാണ് അനിൽ പനച്ചൂരാന്റെ വിയോഗം.
ഓർമകളിൽ മധുരമായിപനച്ചൂരാന്റെ മാമ്പഴക്കാലം
അനിൽ പനച്ചൂരാന്റെ മാമ്പഴക്കാലത്തിന്റെ ഒർമയിൽ ഹരിപ്പാട്. അനിൽ പനച്ചൂരാൻ വൈലോപ്പള്ളി സംസ്കൃതി ഭവൻ സെക്രട്ടറിയായിരുന്നപ്പോൾ കുട്ടികൾക്കായി തുടങ്ങിയ ക്യാംപാണ് മാമ്പഴക്കാലം. കേരളത്തിലെ 5 സ്ഥലങ്ങളിൽ ക്യാംപ് തുടങ്ങിയപ്പോൾ അതിലൊന്നു ഹരിപ്പാട്ട് വേണമെന്നത് അനിൽ പനച്ചൂരാന്റെ ആഗ്രഹമായിരുന്നു. സെക്രട്ടറിയായിരുന്ന 4 വർഷവും അനിൽ പനച്ചൂരാൻ ഹരിപ്പാട്ടെ ക്യാംപിൽ സജീവമായി പങ്കെടുത്തിരുന്നു. സംസ്കൃതി ഭവന്റെ നേതൃത്വത്തിലുള്ള ക്യാംപ് പിന്നീട് നിന്നപ്പോഴും ഹരിപ്പാട്ടെ ക്യാംപ് ഇല എന്ന സാംസ്കാരിക സംഘടനയുമായി ചേർന്നു നടത്താൻ അനിൽ പനച്ചൂരാൻ മുൻകൈ എടുത്തിരുന്നു. കഴിഞ്ഞ വർഷം വരെ ക്യാംപ് നടത്തി.