ഫര്‍ഹാന്റെയും റേച്ചലിന്റെയും പ്രണയം; മനോഹരം ‘ഹിതം’

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി 'ഹിതം' എന്ന സംഗീത ആൽബം. പ്രണയിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നെഞ്ചോടു ചേർക്കുന്നവർക്കുമാണ് ഈ ഗാനം. 'മേഘം പൂത്തതാം, വാനം താനെ വന്നിതാ, നനവിൻ തേടലാൽ മഴനൂൽ പെയ്തിതാ...'എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ആസ്വാദകരും ഏറ്റെടുത്തു കഴിഞ്ഞു.
ഒരു നായക്കുട്ടിയുടെ കൈമാറ്റത്തിലൂടെ മൊട്ടിടുന്ന ഫര്‍ഹാന്റെയും റേച്ചലിന്റെയും പ്രണയവും അത് സാക്ഷാത്കരിക്കാനായി ഏതറ്റം വരെയും പോകാൻ അവര്‍ തയ്യാറാകുന്നതുമാണ് ഗാനത്തിലൂടെ കാണാനാകുക. ഫര്‍ഹാനായി നടൻ ജോൺ കൈപ്പള്ളിലും റേച്ചലായി ഐറിൻ ജോസുമാണ് അഭിനയിച്ചിരിക്കുന്നത്. മാസ്റ്റര്‍പീസ്, ആട് 2, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ജോൺ.
ഗാനരചയിതാവും പോസ്റ്റർ ഡിസൈനറുമായ ലിങ്കു എബ്രഹാം എഴുതിയ വരികള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത് ലിജോ മാത്യു. ലോങ് ഡ്രീം പ്രൊഡക്‌ഷൻസിനു കീഴിൽ ആനന്ദ് ഏകര്‍ഷിയാണ് സംവിധാനം.
ഗാനമാലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും സിത്താര കൃഷ്ണകുമാറുമാണ്. വിജയ് കൃഷ്ണൻ ആര്‍. ഛായാഗ്രഹണവും മനോജ് മോഹനൻ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മ്യൂസിക് അറേഞ്ചിങ് ആൻഡ് പ്രോഗ്രാമിങ് പ്രകാശ് അലക്സ്.