‘അജ്ഞാത ഗായകാ, അരികിൽ വരൂ’; പി.സുശീലയുടെ ശബ്ദവും പ്രണയവും
തെളിഞ്ഞ നെറ്റിയിലെ മോഹിപ്പിക്കുന്ന കുങ്കുമപ്പൊട്ട്, കാതിൽ നേർത്ത വലിയ റിങ്ങുകൾ, ശാന്ത സുന്ദരമായ കണ്ണുകൾ, ഒരു പേടമാനിന്റെ ഭാവം; പ്രണയാകാശത്തിൽ നീന്തിത്തുടിക്കുന്ന സ്വർണ്ണ മീനാവാൻ ഒരു തലമുറയെ പാടി പഠിപ്പിച്ച സ്വരമാധുര്യം– പി.സുശീല. അവരുടെ പാട്ട് കേട്ടാൽ ഒന്ന് പ്രണയിക്കാൻ ആരും കൊതിക്കും. പ്രണയിക്കുക, സ്വന്തമാക്കുക എന്നിവയൊക്കെ ആണിന്റെ അവകാശമായി കരുതിപ്പോന്ന കാലത്തു പെണ്ണിന്റെ അഭിലാഷങ്ങളിൽ തീ കോരിയിട്ട പാട്ടുകൾ. ജീവിതം സ്വപ്നം കാണാൻ കൂടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മനോഹര ശബ്ദം. ഓരോരോ കാലൊച്ചയ്ക്ക് കാതോർക്കാനും പെണ്ണിന് ഉൾപ്രേരണ നൽകിയ പാട്ടുകാരി.
'പ്രിയതമാ, പ്രിയതമാ പ്രണയ ലേഖനം എങ്ങിനെ–
യെഴുതണം മുനികുമാരികയല്ലേ ഞാൻ '
എന്ന ശകുന്തളയുടെ സന്ദേഹത്തിന് മറുപടിയായി നൂറു നൂറു പ്രണയ ലേഖനങ്ങൾ മനസിലെങ്കിലും എഴുതാത്തവരുണ്ടോ ? പൂന്തേനരുവിയോട് നമുക്കൊരേ പ്രായമെന്നും ഒരേ മോഹവും ദാഹവുമെന്നും പാടുമ്പോൾ മോഹിക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ?
പി.വത്സലയുടെ കഥയെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ പ്രണയദാഹത്തോടെ ആടിപ്പാടുന്ന ജയഭാരതി.
‘കാട് കുളിരണ്, കൂട് കുളിരണ്,
മാറിലൊരു പിടി ചൂടുണ്ടോ?’ സുശീലയുടെ ഈ പാട്ടിൽ ത്രസിച്ചു അന്നത്തെ യൗവനം. അതെ രജനികൾ തോറും രഹസ്യമായ് വന്നു രതിസുഖസാരേ പാടുന്നുണ്ട് സുശീലയുടെ പ്രണയ ഗാനങ്ങൾ.
‘പാതിര തണുപ്പു വീണു മഞ്ഞു വീണു,
പാട്ട് നിർത്തി കിടക്കൂ രാപ്പാടി’
കാറ്റോടും ജാലകങ്ങൾ അടച്ചോട്ടെ എന്ന് മറ്റെന്തോ കൊതിക്കുന്ന ഹൃദയാഭിലാഷങ്ങൾക്കായി കുളിരുന്നു ആ സ്വരം. ചിത്രം ഭൂമിദേവി പുഷ്പിണിയായി.
കാദംബരി പുഷ്പ സരസ്സിൽ, കൗമാരം കൊരുത്തതാണീ മാല്യം. ചുക്ക് എന്ന സിനിമയിൽ വയലാർ- ദേവരാജൻ ടീം മനോഹരമാക്കിയ മറ്റൊരു ഗാനം.
കാമമാം കുരങ്ങൻ മാറിൽ വീണഴിഞ്ഞ നിർമ്മാല്യമാണു ഞാനെന്നും മൂടുക മൂടുക രോമഹർഷങ്ങളാൽ മൂടുകീ കൈനഖ വടുക്കൾ എന്നും പാടി ഇന്ദ്രിയാനുഭൂതികളിലേക്ക് പെണ്ണിനെ കൈ പിടിച്ചു ഈ പാട്ട്.
തുളുനാടൻ കളരിയിലേക്കൊരു കുറിമാനവുമായി പോകാൻ മഴമുകിൽ മാലകളെ ഏൽപ്പിക്കുന്നു പി.ഭാസ്ക്കരനും കെ.രാഘവനും. കണ്ണപ്പനുണ്ണി എന്ന ചിത്രത്തിലെ ഗാനം.
'കരവാളെടുത്താലും കരളലിവുള്ളവനായാണ് അവളുടെ കാത്തിരിപ്പ്. പൂമെത്ത നീർത്തിയും മട്ടിപ്പാൽ പുകച്ചും ഞാൻ കാത്തിരിക്കുമെന്ന് നായിക . നായികക്കായി പി.സുശീല പാടിയാൽ വരാതിരിക്കുമോ ആ മുല്ലപ്പൂ ബാണൻ?
അനുരാഗ നദിയിലേക്ക് ആടിപ്പാടി വിളിക്കുന്നു 'കാട്' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയും വേദ് പാൽ വർമ്മയും ഒരുക്കിയ
‘എൻ ചുണ്ടിൽ രാഗ മന്ദാരം
എൻ കടലിൽ താള ശൃംഗാരം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളിൽ ഏഴ് വെളുപ്പിന്
എനിക്ക് സ്വയംവരം’
മധുര സ്വപ്ന സംഗമമായ സ്വയംവരത്തിനായി കാത്തിരിക്കുന്ന നായികയുടെ പ്രതീക്ഷകളാണ് പാട്ടിൽ.
ഡാലിയ പൂക്കളെ ചുംബിച്ച് ചുംബിച്ച് അന്തപുര വാതിൽ തുറക്കുന്ന പ്രേമം. ഈ മട്ടിൽ കാതരയാവുന്ന ഷീലയ്ക്കായി നിഴലാട്ടം എന്ന ചിത്രത്തിൽ പാടിയ ഗാനവും ഏറെ ഹൃദ്യം.
‘തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ, തൂവൽ കിടക്ക വിരിച്ചോട്ടെ..
നാണത്തിൽ മുക്കു മീ മുത്തു വിളക്കിന്റെ
മാണിക്യ കണ്ണൊന്ന് പൊത്തിക്കോട്ടെ’
‘ദത്തുപുത്രനിലെ’ വയലാർ വരികൾക്കനുസരിച്ച് ഗായികയുടെ ശബ്ദത്തിലലിയുന്നു ഭംഗിയുള്ളൊരു നാണം. ‘ഹോമകുണ്ഡം’ എന്ന സിനിമയിൽ അപ്പൻ തച്ചേത്ത് എഴുതി വി.ദക്ഷിണാമൂർത്തി ഈണമിട്ട ഗാനമാണ് ‘രാസലീല പുളിനമുണർന്നു
രാഗ സൗരഭ മുകുളമുയർന്നു’ പി.സുശീലയുടെ മറ്റൊരു മധുര പ്രണയ ഗാനം.
'സൂര്യകാന്ത കൽപടവിൽ
ആര്യ പുത്രന്റെ തിരുമടിയിൽ
സ്വപ്നങ്ങളെ കിടത്തിയുറക്കാൻ സന്ധ്യയോട് പറയുന്നു 'പുനർജന്മത്തിൽ '. കാറ്റിനോടും കടലിനോടും സ്വർഗത്തിൽ നിന്നൊരു കൽപ്പകപ്പൂമഴ ചൊരിയാൻ ആവശ്യപ്പെട്ടാണ് ഗാനം അവസാനിക്കുന്നത്. സുശീലയുടെ പ്രേമമാധുരിയിലലിഞ്ഞ് ആ മഴ പെയ്തിട്ടുണ്ടാവണം.
പ്രശസ്ത ഉത്തരേന്ത്യൻ സംഗീത സംവിധായകനായ നൗഷാദ് അലി സംഗീതസംവിധാനം ചെയ്ത ചിത്രമാണ് 1988ൽ പുറത്തിറങ്ങിയ ധ്വനി. മലയാളത്തിൽ നിന്നും ഉള്ള ക്ഷണം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായതോ പി.സുശീല ഈ സിനിമയിൽ പാടും എന്ന ഉറപ്പും. ഗസൽ രൂപത്തിൽ ചിട്ടപ്പെടുത്തിയ അനുരാഗലോല ഗാത്രി' യേശുദാസിനോടൊപ്പമാണ് പാടിയത്. യൂസഫലി കേച്ചേരിയുടെ മനോഹരമായ വരികളിൽ മാസ്മരികമായ സംഗീതം പൊഴിഞ്ഞപ്പോൾ അനശ്വരമായൊരു ഗാനം.
പ്രണയം കൊണ്ട് മധുരിച്ച ഒരു കാലത്തിന്റെ പാട്ടാണ് സുശീല. പെണ്ണിന്റെ പ്രണയ വിചാരങ്ങളും യൗവനാഭിലാഷങ്ങളും കൂട് വിട്ട് പറക്കുന്ന പാട്ടുകൾ ഇന്ന് കുറവാണ്. എങ്കിലും കണ്ണടച്ചാൽ കേൾക്കാം ഏതോ പ്രണയ തീരത്ത് നിന്നും ഒഴുകി വരുന്നൊരു സ്വരമാധുരി
‘അജ്ഞാത ഗായകാ, അരികിൽ വരൂ, അരികിൽ വരൂ
ആരാധികയുടെ അരികിൽ വരൂ’.
English Summary: Hits of P. Susheela