രസിപ്പിച്ച് അഹാനയുടെ ഹൂല ഹൂപ് പ്രകടനം; വിഡിയോ
ഹൂല ഹൂപ് പ്രകടനവുമായി യുവതാരം അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വവിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായി. അമ്മ സിന്ധു കൃഷ്ണയാണ് അഹാനയുടെ ഡാൻസ് വിഡിയോ ചിത്രീകരിച്ചത്. എത്ര തവണ റീടേക്ക് വേണ്ടിവന്നാലും യാതൊരു തടസ്സവും പറയാതെ കൂടെ നിൽക്കുന്ന ഒരേയൊരു ആള്‍ ആണ് അമ്മ എന്ന് ഡാൻസ് വിഡിയോ പങ്കുവച്ച് അഹാന കൃഷ്ണ കുറിച്ചു.
വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ് താരത്തിന്റെ പ്രകടനം. വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാട്ടും ഡാൻസുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാന കൃഷ്ണ. മുൻപ് അഹാന ഇരട്ട വേഷത്തിൽ ചുവടുവച്ച വിഡിയോ താരങ്ങള്‍ ഉൾപ്പെടെയുള്ളരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ഡാൻസ് വിഡിയോകൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. .
കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയിലധികം ക്വാറന്റീനിൽ കഴിഞ്ഞ അഹാന തുടർപരിശോധാഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് അടുത്തിടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. രോഗം ബാധിച്ച ദിവസങ്ങളിലെ അനുഭവങ്ങൾ പങ്കുവച്ച് താരം പുറത്തിറക്കിയ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’യാണ് അഹാനയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ഏതാനും നാളുകൾ മുൻപാണ് പൂർത്തിയായത്.