പുതു തലമുറയിലെ ഗായകർക്കെതിരെയും അവർ ഒരുക്കുന്ന കവർ ഗാനങ്ങൾക്കും സംഗീത വിഡിയോകൾക്കുമെതിരെയും അനാവശ്യ വിവാദങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നവരോട് ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. അർഹിക്കുന്നവർക്ക് അംഗീകാരം കൊടുക്കാതെയും അനാവശ്യ ചർച്ചകൾ നടത്തി വിമര്‍ശിക്കുന്നതിനുമെതിരെ ഗായകൻ പ്രതികരിച്ചു. വ്യത്യസ്തമായ ആലാപനശൈലിയിലൂടെ ശ്രദ്ധേയയായ ഗായിക ആര്യ ദയാലിന്റെ പാട്ടുകളെ പിന്തുണച്ചാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ സമൂഹമാധ്യമ കുറിപ്പ്. 

‘ഒരു പ്രത്യേക തരം 'സംഗീത വിമർശക' വൃന്ദത്തെ കുറിചാണ് ഈ കുറിപ്പ്. അവരെ കുറിച്ച് മാത്രം. ബഹു ഭൂരിപക്ഷം ആസ്വാദകരും ഈ ഗണത്തിൽ പെടില്ല എന്നതും, അവർ അകമഴിഞ്ഞ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും കൊണ്ടാണ് ഒട്ടനവധി കലാകാരന്മാർ ഇന്ന് മുന്നേറി വരുന്നത് എന്നത് വളരെ സന്തോഷം തരുന്ന കാര്യം ആണു എന്നും പറഞ്ഞു കൊള്ളട്ടെ.

അല്ല സഹോസ്‌... ഏതെങ്കിലും ചെറുപ്പക്കാർ ഒന്ന് പാടി, യൂട്യൂബിലും ഇൻസ്റ്റയിലും കുറച്ച് followers ഉണ്ടാക്കി അവർക്കാവും വിധം അവരുടെ സംഗീതത്തെ മുമ്പോട്ട് കൊണ്ട് പോവുന്ന കാണുമ്പോ 'ഇതൊക്കെ ഇപ്പൊ പെയ്ത മഴയിൽ മുളച്ച കൂൺ ആണെന്നെ, കൂടി പോയ അടുത്ത ട്രെൻഡ് വരെ... ' എന്ന് പറയുമ്പോൾ എന്ത് മന നിമ്മതി ആണു നിങ്ങക്ക് കിട്ടുന്നതു? നല്ല ഗായകനോ ഗായികയോ ആണെങ്കിൽ അവർ നല്ല വർക്ക്‌ ചെയ്യും, അത് സ്വീകരിക്കപ്പെടും. നല്ല വർക്ക്‌ അല്ലെങ്കി തിരസ്കരിക്കപ്പെടും. പിന്നെ only ശുദ്ധ സംഗീത ആരാധക സേട്ടന്മാരെ, ഓരോ പാട്ടും അണുവിട മാറാതെ ഒറിജിനൽ പോലെ പാടുന്ന ഒരുപാട് അനുഗ്രഹീത ഗായകർ ഉണ്ട്, പലർക്കും അർഹിച്ച അംഗീകാരം കിട്ടീട്ടും ഇല്ല കാരണം, അവർ ദാസേട്ടനെ പോലെ പാടുമ്പോൾ 'എന്തൊക്കെ ആയാലും ദാസേട്ടനെ പോലെ ആവില്ല' എന്നും, എന്തേലും മാറ്റി പാടിയ 'നിനക്ക് ദാസേട്ടനെ പോലെ പാടിയാൽ പോരെ' എന്നും ആണു നിങ്ങൾ പറയാറ്. 

നിങ്ങൾ ഒരു ഗായകനിൽ നിന്ന് എന്താണ് കേൾക്കാൻ താല്പര്യപ്പെടുന്നത്? ഞങ്ങൾ ഒന്നും ദാസേട്ടനോ ജയേട്ടനോ അല്ല, ആവാനും കഴിയില്ല എന്ന് നല്ല ബോധ്യത്തോടെ തന്നെയാ കലാകാരന്മാർ ഒക്കെ പാടുന്നത്. പിന്നെ 10 കൊല്ലം ആയി സ്വന്തം പാട്ട് ഉണ്ടാക്കി വേദികളിൽ പാടുമ്പോൾ, അതൊന്നു കേക്കാൻ പോലും കൂട്ടാക്കാതെ പുറകെന്നു 'മലയാളം പാട്ട് പാടെടാ, ദാസേട്ടന്റെ പാട്ട് പാടെടാ.. മനുഷ്യന് അറിയാവുന്ന പാട്ട് പാടെടാ' എന്നൊക്കെ ആക്രോശിക്കുന്ന ചിലർക്ക് കവർ വേർഷൻ കേൾക്കുമ്പോൾ മാത്രം വരുന്ന 'സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗർത്തേ...' എന്ന അഭിപ്രായ പ്രകടനം കാണുമ്പോ വെറും ചിരി ആണു വരുന്നത്. 

ആര്യ ദയലിന്റെ പാട്ടുകൾ വൈറൽ ആവുന്ന കാണുമ്പോ ഉള്ള ചിലരുടെ അസഹിഷ്ണുത കാണുമ്പോൾ എനിക്ക് ആ കുട്ടിയോടുള്ള ബഹുമാനം കുറച്ചു കൂടി കൂടുന്നതേ ഉള്ളൂ’.– ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിച്ചു.