മഞ്ജു വാരിയരുടെ പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ കിം കിം കിം വൈറൽ പാട്ടുമായി നടി അനുശ്രീ. പാട്ടിന്റെ തികച്ചും വ്യത്യസ്തമായൊരു പതിപ്പുമായെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന  വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകർക്കു മുൻപിലെത്തിയത്. 

ഇരുവശങ്ങളിലുമായി മുടി കെട്ടിവച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കുസൃതി കുട്ടിയുടെ ഭാവങ്ങളോടെയാണ് അനുശ്രീ വിഡിയോയിൽ പ്രത്യക്ഷപ്പട്ടത്. ആംഗ്യപ്പാട്ടായിട്ടാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വിഡിയോ ചുരുങ്ങിയ സമയയത്തിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

‘മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’ എന്നു രസകരമായി കുറിച്ചു കൊണ്ടാണ് അനുശ്രീ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ദാസപ്പോ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ... എന്തോ ഒരു കുഴപ്പം എവിടെയോ ഉളള പോലെ... ആആആ ഇപ്പൊ മനസ്സിലായി വാര്യം പളളിയിലെ മീനാക്ഷി അല്ലിയോ...’ എന്ന ഹിറ്റ് ഡയലോഗും താരം കുറിച്ചിട്ടുണ്ട്.  

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്കു വേണ്ടി മഞ്ജു വാരിയർ ആലപിച്ച ഗാനമാണ് കിം കിം കിം. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം തന്നെ ദശലക്ഷക്കണക്കിന് ആസ്വാദകരെ നേടിയ ഗാനം ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു. പാട്ടിന്റെ ഡാൻസ് ചലഞ്ചുമായി മഞ്ജു തന്നെ രംഗത്തെത്തിയിരുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്കു രാം സുരേന്ദർ ആണ് സംഗീതം നൽകിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT