നവാഗതനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന മാരത്തോണിലെ ആദ്യഗാനം റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ ആലപിച്ച ‘ഒരു തൂമഴയിൽ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് ആസ്വാദകർക്കരികിൽ എത്തിച്ചത്. ബിബിൻ അശോക് ഈണമൊരുക്കിയ പാട്ടിനു വരികൾ കുറിച്ചത് അജിത്ത് ബാലകൃഷ്ണനാണ്. 

നാട്ടുഭംഗി നിറയുന്ന കാഴ്ചകൾ കോർത്തിണക്കിയാണ് പാട്ടൊരുക്കിയത്. പുതുമുഖ താരങ്ങളായ ശിവ ഹരിഹരനും നന്ദന ആനന്ദും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും ഔദ്യോഗിക സമൂഹമാധ്യമ പേജു വഴിയാണ് ‘ഒരു തൂമഴയിൽ’ റിലീസ് ചെയ്തത്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

ഷാഡോ ഫോക്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മനോജ് നിർമിക്കുന്ന ചിത്രമാണ് മാരത്തോൺ.‌ ‘ആരും പേടിക്കണ്ട, ഓടിക്കോ’ എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലുമായി ഒരുകൂട്ടം പുതുമുഖങ്ങളാണ് അണി നിരക്കുന്നത്. 

Show comments