രാജ്യം പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അത് അഭിമാനത്തിന്റെയും അതിലേറെ സന്തോഷത്തിന്റെയും നിമിഷമായിരുന്നു. ഗായിക കെ എസ് ചിത്ര പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പത്മശ്രീയ്ക്കും അർഹരായി. പത്മവിഭൂഷണ് യോഗ്യനായതിൽ സന്തോഷിക്കാനും പുരസ്കാരം ഏറ്റുവാങ്ങാനും ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഇല്ലാത്തത് സംഗീതലോകത്തെ ഒന്നാകെ വേദനിപ്പിക്കുന്നു. ഒപ്പം നിന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കാൻ ഈ അവസരത്തെ വിനിയോഗിക്കുന്നു എന്നാണ് ഗായിക കെ എസ് ചിത്രയുടം പ്രതികരണം. അതോടൊപ്പം ആദ്യം വ്യാധി മാറട്ടെ എന്ന പ്രാർഥനയും. പത്മഭൂഷണ്‍ ലഭിച്ചതിനെക്കുറിച്ച് കെ എസ് ചിത്ര മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

ഒപ്പം നിന്നവർക്കു നന്ദിയും സ്നേഹവും

ഈയോരു അവസരത്തിൽ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. ആദ്യം തന്നെ ദൈവത്തോടു നന്ദി പറയുകയാണ്. അതുപോലെ തന്നെ എന്റെ ഗുരുക്കന്മാരോടും എന്റെ മാതാപിതാക്കളോടും എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പ്രത്യേകമായി നന്ദി അറിയിക്കുന്നു. ഈ സന്തോഷത്തിനിടയിലും  ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഈ മഹാമാരിക്കാലം അവസാനിക്കണം എന്നു തന്നെയാണ്. ഇപ്പോൾ എല്ലാവരും വളരെയധികം പേടിയോടെയാണല്ലോ കഴിയുന്നത്. ഈയൊരു അവസ്ഥ പാടേ ഇല്ലാതായി നമുക്കെല്ലാവർക്കും പഴയതുപോലെ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കട്ടെ. മുൻപ് ജീവിച്ചതു പോലൊരു ജീവിതം എല്ലാവർക്കും തിരിച്ചു കിട്ടണം എന്നതാണ് എല്ലാവരെയും പോലെ തന്നെ എന്റെയും ആഗ്രഹം. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിലും എല്ലാവരും സുരക്ഷിതരായി ആരോഗ്യത്തോടെയിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു. 

ഏറ്റുവാങ്ങാൻ സർ ഇല്ലല്ലോ

പത്മവിഭൂഷണ് അർഹനായിട്ടും ആ അംഗീകാരം ഏറ്റുവാങ്ങാൻ എസ് പി ബി സറിനു സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു. അത് എല്ലാ സംഗീതപ്രേമികളെയും സംബന്ധിച്ചിടത്തോളം എന്നും ഒരു വേദന തന്നെയാണ്. എന്നിരുന്നാൽ പോലും മരണാനന്തര ബഹുമതിയായി തന്നെ പത്മവിഭൂഷൺ നൽകി അദ്ദഹത്തെ ആദരിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ട്. ഞാൻ എസ്പിബി സാറിന്റെയും ദാസേട്ടന്റെയുമൊക്കെ കൂടെ ചേർന്ന് ഒരുപാട് ഗാനങ്ങൾ പാടിയിട്ടുണ്ട്. അതുപോലെ അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട്. തീർച്ചയായും ഈ അവസരത്തിൽ നന്ദിപൂർവം ഞാൻ അവരെയൊക്കെ ഓർക്കുന്നു. 

അഭിനന്ദനങ്ങളും പ്രാർഥനയും

കൈതപ്രം തിരുമേനിക്കു പത്മശ്രീ കിട്ടിയെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറേയധികം നല്ല ഗാനങ്ങൾ എനിക്കു പാടാൻ സാധിച്ചു. ഈ അവസരത്തിൽ അദ്ദേഹത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. അദ്ദേഹത്തിനു കിട്ടേണ്ട ഒരു അംഗീകാരം തന്നെയാണിത്. അത് കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷം. ഏറെ സ്നേഹത്തോടെ ഹൃദ്യമായ അഭിനന്ദനങ്ങളും പ്രാർഥനകളും നേരുന്നു.