പത്മഭൂഷൺ: വിഡിയോ കോളിൽ ഗുരുവായൂരപ്പനെ തൊഴുത് ചിത്ര!
തൃശൂർ∙ പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലം ദൃശ്യം കണ്ടു കൺനിറഞ്ഞു. നന്ദനം സിനിമയലെ കാർമുകിൽ വർണന്റ ചുണ്ടിൽ എന്ന പാട്ടിലെ ‘ കൃഷ്ണാ.....’ എന്നുള്ള വിളി ആയിരുന്നു അപ്പോൾ മനസ്സിൽ.
‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ ചിത്ര മനസ്സിൽ പതിച്ചിട്ട ആ നിമിഷം. യാദൃശ്ചികം, നിമിത്തം എന്നൊക്കെ വിളിക്കാവുന്ന ആ അനുഭവം ഇങ്ങനെ:
പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര ‘ അനുജൻ’ എന്നു വിളിക്കുന്ന സംവിധായകൻ സേതു ഇയ്യാലിനെ വിളിച്ചു. അപ്പോൾ ഒരു സുഹൃത്തിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അമ്പലമുറ്റത്തു നിൽക്കുകയായിരുന്നു സേതു.
ഗുരുവായൂരപ്പന്റെ ഭക്തയാണു ചിത്രയെന്നറിയാവുന്നതിനാൽ ‘ചേച്ചിക്കു തൊഴണോ’ എന്നായി സേതു. ഉടൻ വിഡിയോ കോളിൽ വിളിച്ചു. അമ്പലത്തിന്റെ കിഴക്കേനടയുടെ അരികിലേക്കു മാറി നിന്ന് അമ്പലം സേതു കാണിച്ചു കൊടുത്തു.
കോവിഡ് മൂലം ഒരുവർഷമായി ഗുരുവായൂർ സന്ദർശനം മുടങ്ങിയ ചിത്രയ്ക്ക് പത്മഭൂഷനു പിന്നാലെ മറ്റൊരവാർഡ് കിട്ടിയതുപോലെ ഇരട്ടി സന്തോഷം..
‘കാർമുകിൽ വർണന്റെ ചുണ്ടിൽ
ചേരുമോടക്കുഴലിന്റെ ഉള്ളിൽ..
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുൽകിയുണർത്താൻ വരുന്നു ...’’
എന്നു ചിത്രയുടെ മനസ്സ് പാടിക്കാണും.
ആറുമാസം കൂടുമ്പോൾ ഗുരുവായൂരിലെത്തി മമ്മിയൂരിലെ ഫ്ലാറ്റിൽ താമസിക്കും; മൂന്നു നേരം ഗുരുവായൂരപ്പനെ കണ്ടു തൊഴും. ആ ശീലം പക്ഷേ കോവിഡ് മുടക്കിയതിന്റെ വിഷമത്തിലായിരുന്നു ചിത്ര. കോവിഡ് ഒന്നവസാനിച്ചിട്ടു വേണം ഗുരുവായൂരപ്പനെ കാണാൻ വരാൻ എന്നു പലവട്ടം പറഞ്ഞിരിക്കെയാണ് പത്മഭൂഷൺ കിട്ടുന്നതും ആ നിമിഷം തൊഴാൻ ഗുരുവായൂരപ്പൻ കനിയുന്നതും.
13 ഭാഷകളിൽ പാടിയ ചിത്ര ഈ അംഗീകാരം സമർപ്പിക്കുന്നത് ഈശ്വരനും ഗുരുക്കന്മാർക്കും പ്രിയപ്പെട്ട ശ്രോതാക്കൾക്കുമാണ്. ആദ്യം പാടിയ പാട്ട് മുതലുള്ള സംഗീത സംവിധായകർ, പാട്ടെഴുത്തുകാർ, റെക്കോർഡിസ്റ്റുകൾ ഇവരെയെല്ലാം നമസ്കരിക്കുന്നതായും ചിത്ര ‘മനോരമ’യോടു പറഞ്ഞു.